UPDATES

കായികം

സിന്ധുവിന് വീണ്ടും വെള്ളി, ഒളിമ്പിക്‌സ് സിംഗിള്‍സ് ഫൈനലിന്റെ ആവര്‍ത്തനം; കരോളിനയുടെ ജയം നേരിട്ടുള്ള സെറ്റുകള്‍ക്ക്

ആദ്യ ഗെയിമില്‍ തുടക്കം മോശമായെങ്കിലും പിന്നീട് തിരിച്ചുവന്ന സിന്ധു ഒരു ഘട്ടത്തില്‍ 15-11ന് ലീഡ് നേടിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി പോയിന്റുകള്‍ നേടി സിന്ധുവിനെ സമ്മര്‍ദ്ദത്തിലാക്കിയ കരോലിന 21-19ന് ഗെയിം സ്വന്തമാക്കി.

ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പ് സംബന്ധിച്ച ഇന്ത്യയുടെ പ്രതീക്ഷകള്‍ വീണ്ടും വെള്ളിയിലൊതുങ്ങി. ആദ്യ സ്വര്‍ണത്തിന് ഇന്ത്യ ഇനിയും കാത്തിരിക്കണം. റിയോ ഒളിംപ്കിസിലെ സിംഗിള്‍സ് ഫൈനലിന്റെ ആവര്‍ത്തനമായി മാറിയ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വീണ്ടും സ്‌പെയിനിന്റെ കരോളിന മാരിനോട് സിന്ധു അടിയറവ് പറഞ്ഞു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ വീഴ്ത്തിയത് (21-19, 21-10). കരോളിന മാരിന്‍ ഇത് മൂന്നാം തവണയാണ് ലോകചാമ്പ്യനാകുന്നത്.

ആദ്യ ഗെയിമില്‍ തുടക്കം മോശമായെങ്കിലും പിന്നീട് തിരിച്ചുവന്ന സിന്ധു ഒരു ഘട്ടത്തില്‍ 15-11ന് ലീഡ് നേടിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി പോയിന്റുകള്‍ നേടി സിന്ധുവിനെ സമ്മര്‍ദ്ദത്തിലാക്കിയ കരോലിന 21-19ന് ഗെയിം സ്വന്തമാക്കി. ഇതോടെ തകര്‍ന്നുപോയ സിന്ധു രണ്ടാം ഗെയിമില്‍ തീര്‍ത്തും പരാജയം സമ്മതിച്ചു. തുടക്കത്തില്‍ത്തന്നെ 5-0ന് ലീഡ് നേടിയ കരോലിന ഒരിക്കല്‍പോലും സിന്ധുവിന് തിരിച്ചുവരാന്‍ അവസരം നല്‍കിയില്ല. ഒടുവില്‍ 21-10ന് അനായാസം ഗെയിം നേടി.

നേരത്തെ, ഇന്ത്യയുടെ സൈന നേവാളിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് കരോലിന സെമിയിലെത്തിയത്. ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ മരിന്റെ മൂന്നാം സ്വര്‍ണമാണിത്. റിയോ ഒളിംപിക്‌സിലും വനിതാ സിംഗിള്‍സ് ഫൈനലില്‍ പി.വി. സിന്ധുവിനെ വീഴ്ത്തിയാണ് കരോലിന സ്വര്‍ണം നേടിയത്. ഒളിംപിക് സ്വര്‍ണ നഷ്ടത്തിന് പകരം വീട്ടാനിറങ്ങിയ സിന്ധുവിനെ തീര്‍ത്തും നിഷ്പ്രഭയാക്കിയ പ്രകടനത്തോടെയാണ് ഇത്തവണ കരോലിന മാരിന്‍ സ്വര്‍ണം നേടിയത്.

12ാം തവണ സിന്ധുവുമായി ഏറ്റുമുട്ടിയ കരോലിനയുടെ ഏഴാം വിജയമാണിത്. അതേസമയം, ഇക്കഴിഞ്ഞ ജൂണില്‍ നടന്ന മലേഷ്യ ഓപ്പണില്‍ കരോലിനയെ തോല്‍പ്പിച്ച സിന്ധുവിന് ഇവിടെ ജയം ആവര്‍ത്തിക്കാനായില്ല. കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ തോറ്റ സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വെള്ളി നേടുന്നത്. ജപ്പാന്റെ നോസോമി ഒക്കുഹാരയോടാണ് കഴിഞ്ഞതവണ സിന്ധു തോറ്റത്. ഇതിനു പുറമെ, 2015, 2017 വര്‍ഷങ്ങളില്‍ വെങ്കലവും നേടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍