UPDATES

ട്രെന്‍ഡിങ്ങ്

സൂപ്പര്‍ കിംഗ്‌സ് ചെന്നൈ വിടുന്നു; ധോണിയും സംഘവും തിരുവനന്തപുരത്തേക്ക് വരുമോ!

കവേരി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഐപിഎല്ലിന് പൂര്‍ണ സുരക്ഷ തങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് പൊലീസും അറിയിച്ചതോടെയാണ് കളി മാറ്റുന്നത്

ചെന്നൈയില്‍ നിന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനം. കാവേരി പ്രോക്ഷഭം ശക്തമായ തമിഴ്‌നാട്ടില്‍, ഐപിഎല്‍ കളിക്കരുതെന്ന ആവശ്യം വിവിധ രാഷ്ട്രായ പാര്‍ട്ടികളും തമിഴ് സംഘടനകളും ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരുമടക്കം നേരത്തെ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ ഐപിഎല്‍ ബഹിഷ്‌കരണാഹ്വാനം അക്രമങ്ങളിലേക്കും നീണ്ടതോടെയാണ് ബാക്കിയുള്ള മത്സരങ്ങള്‍ ചെന്നൈയിക്ക് പുറത്തേക്ക് മാറ്റാന്‍ തീരുമാനമായത്. കഴിഞ്ഞ ദിവസം ചെന്നൈ ചെപ്പോക്കിലെ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ ഹോം മാച്ചില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടിയപ്പോള്‍ കടുത്ത പ്രതിഷേധമായിരുന്നു. സ്റ്റേഡിയത്തിനുള്ളില്‍ നിന്നും മൈതാനത്തേക്ക് ചെരുപ്പ് വലിച്ചെറിയുന്നതില്‍ വരെ പ്രതിഷേധം എത്തുകയും ചെയ്തു. സാഹചര്യം ഇത്രമേല്‍ കടുത്തതോടെ തങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പൊലീസും അറിയിച്ചതോടെയാണ് ഐപിഎല്‍ ഗവേണിംഗ് ബോഡി പുതിയ തീരുമാനം എടുത്തത്.

ചെപ്പോക്കില്‍ മത്സരം നടക്കുമ്പോള്‍ സ്‌റ്റേഡിയത്തിന് സമീപത്തെ റോഡ് ഉപരോധിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പങ്കെടുത്ത സംവിധായകരായ ഭാരതിരാജ, വെട്രിമാരന്‍, സീമാന്‍, കവിയും ഗാനരചയിതാവുമായ വൈരമുത്തു തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. പൊലീസ് പ്രതിഷേധക്കാരെ മര്‍ദ്ദിച്ചെന്നാരോപിച്ച് രജനികാന്ത് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വരികയും ചെയ്തു. കനത്ത സുരക്ഷയില്‍ ആദ്യമത്സരം നടന്നെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കെതിരേ കൂടുതല്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് ഇപ്പോള്‍ ഐപിഎല്‍ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നും പൂര്‍ണ സുരക്ഷ വാഗ്ദാനം ലഭിച്ചതുകൊണ്ടാണ് തുടക്കം മുതലുള്ള പ്രതിഷേധം കണക്കിലെടുക്കാതെ ചെന്നൈയില്‍ തന്നെ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഐപിഎല്‍ ഭരണസമിതി തയ്യാറായത്.

അതേസമയം, ചെന്നൈയില്‍ നിന്നും മത്സരങ്ങള്‍ മാറുമ്പോള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഹോം ഗ്രൗണ്ടായി സ്വീകരിക്കുമെന്ന വാര്‍ത്തകളും വരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍