UPDATES

കായികം

പിഎസ്ജി വിട്ട് ടോട്ടന്‍ഹാമിലെത്തി സൂപ്പര്‍ ഹീറോയായി മാറിയ ലൂക്കാസ് മോറ

കഴിഞ്ഞ വര്‍ഷം ആദ്യം ടോട്ടന്‍ഹാമിലെത്തിയ താരത്തിന് 2023 വരെയാണ് കരാര്‍

ഫുട്‌ബോള്‍ ആരാധകരുടെ മനം കവരുകയാണ് ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍. ആരാധകരെ ത്രസിപ്പിച്ച ബാഴ്‌സലോണ ലിവര്‍പൂള്‍ പോരാട്ടത്തിന് ശേഷം അയാക്‌സ് – ടോട്ടന്‍ഹാം പോരാട്ടവും നാടകീയതകള്‍ നിറഞ്ഞതായിരുന്നു. ആദ്യപകുതി അവസാനിക്കുമ്പോള്‍ 3-0ന് മുന്നില്‍ നിന്ന് അയാക്‌സ് നിര ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുമെന്ന് കരുതിയപ്പോള്‍ കണക്കു കൂട്ടലുകള്‍ മാറ്റി മറിച്ച് ടോട്ടന്‍ഹാമിന് രക്ഷകനായി ലൂകാസ് മോറ അവതരിക്കുകയായിരുന്നു. ഒടുവില്‍ ഹാട്രിക് മാജികില്‍ ടീമിനെ ഫൈനലിലേക്ക് പിടിച്ച് കയറ്റി താരം. ടോട്ടന്‍ഹാം ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലും.

ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലോ, ഫൈനലിലോ ഹാട്രിക്ക് നേടുന്ന അഞ്ചാമത്തെ താരം ലൂക്കാസ് മോറ. ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണായകമായ മോറയെ വാനോളം പുകഴ്ത്തിയാണ് പരിശീലകന്‍ പോചടീനോ മത്സരശേഷം പ്രതികരിച്ചത്. ടോട്ടന്‍ഹാമിന്റെ എല്ലാ താരങ്ങളും ഹീറോ ആയിരുന്നു എങ്കില്‍ ലൂകാസ് മോറ സൂപ്പര്‍ ഹീറോ ആണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അത്രക്കും മധുരമുള്ള വിജയമാണ് ടോട്ടന്‍ഹാമിനെ സംബന്ധിച്ച്.

കഴിഞ്ഞ സീസണില്‍ പിഎസ്ജിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മോറയെ  25 മില്യണ്‍ പൗണ്ടിനാണ് ടോട്ടന്‍ഹാം ടീമിലെത്തിക്കുന്നത്. ടോട്ടന്‍ഹാമിലെത്തിയ മോറ ഇന്ന് ടീമിന്റെ വിജയ ശില്‍പിയായി. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കത്തികയറിയ താരം നാല് മിനിറ്റിടയില്‍ രണ്ട് ഗോളുകള്‍ നേടിയാണ് ആദ്യം അയാക്‌സിന് പ്രഹരം എല്‍പ്പിച്ചത്. 55ാം മിനിറ്റിലായിരുന്നു ആദ്യഗോള്‍. ഡെലെ അലിയുടെ പാസില്‍ നിന്ന് മോറയുടെ ഗോള്‍. നാലു മിനിറ്റുകള്‍ക്ക് ശേഷം ലോറെന്റിന്റെ ഒരു ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഷോട്ട് അവിശ്വാസനീയമായാണ് ഗോളി രക്ഷപ്പെടുത്തിയത്. എന്നാല്‍, ഡിഫന്‍ഡറുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് നിലത്ത് വീണ് പന്ത് കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. പന്ത് കിട്ടിയ മോറ മൂന്ന് ഡിഫന്‍ഡര്‍മാരുടെ കാലുകള്‍ക്കിടയിലൂടെ വലിയിലേയ്‌ക്കൊരു ബുള്ളറ്റ് പായിച്ചു. പിന്നീട് 95ാം മിനിറ്റില്‍ ഏവരെയും അത്ഭുതപ്പെടുത്തി ഡെലെ അലിയുടെ കണ്ണഞ്ചിപ്പിക്കുന്ന പാസ് സുന്ദരമായി ലൂക്കാസ് മോറ തന്നെ അയാക്‌സിന്റെ വലയില്‍ വീഴ്ത്തുകയായിരുന്നു.

ബ്രസീല്‍ ദേശീയ താരമായ ലൂക്കാസ് മോറ ബ്രസീലിയന്‍ ടീമായ സാവോ പോളോക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 25 വയസുകാരനായ മോറ 2013 ലാണ് പി എസ് ജി യില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യം ടോട്ടന്‍ഹാമിലെത്തിയ താരത്തിന് 2023 വരെയാണ് കരാര്‍. നെയ്മര്‍, എംബപ്പെ എന്നിവരുടെ വരവോടെ തീര്‍ത്തും അവസരങ്ങള്‍ കുറഞ്ഞ വിങ്ങറായ മോറ കുറച്ചു മത്സരങ്ങളില്‍ മാത്രമാണ് പി എസ് ജി ക്ക് വേണ്ടി കളിച്ചത്. പി എസ് ജി കായി 229 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. താരം ബ്രസീലിനായി 35 മത്സരങ്ങള്‍ കളിച്ച താരം അവര്‍ക്കൊപ്പം 2012 ലെ ഒളിമ്പിക്‌സ് മെഡലും സ്വന്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍