UPDATES

ട്രെന്‍ഡിങ്ങ്

കളിക്കുന്നെങ്കില്‍ ചാമ്പ്യന്മാരെപ്പോലെ; കോഹ്ലിയും സംഘവും ദക്ഷിണാഫ്രിക്കയെ വിരട്ടിയപ്പോള്‍

പിന്തുടര്‍ന്ന് ജയിക്കുന്ന കളിയില്‍ തന്നെ വെല്ലാന്‍ ആളില്ലെന്ന് കോഹ്ലി വീണ്ടും തെളിയിച്ചു

പ്രതിഭാശാലികളായ താരങ്ങളുണ്ടായിട്ടും ചാമ്പ്യന്‍ ടീം എന്ന തരത്തിലേക്കുള്ള ‘പ്രൊഫഷണലിസം’ പ്രകടിപ്പിക്കാത്ത ടീമായിരുന്നു ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഏത് വമ്പന്‍ ടീമിനെയും തോല്‍പ്പിക്കും, ഏത് കുഞ്ഞന്‍ ടീമിനോടും തോല്‍ക്കും, ഒരു കളിക്കാരന്റെ ചുമലിലായിരുന്നു പലപ്പോഴും ടീം ഇന്ത്യയുടെ ജയത്തിന്റെ ഭാരം. ഇതിനെല്ലാം ഒരു മാറ്റം വന്നത് കളിക്കളത്തില്‍ ബംഗാള്‍ കടുവയെന്ന സൗരവ് ഗാംഗുലി, ടീം ഇന്ത്യയുടെ നായക പദവിയിലെത്തിയപ്പോഴാണ്. അപ്പോഴും പൂര്‍ണമായും ഒരു ചാമ്പ്യന്‍ ടീമായത് മറ്റ് പല തരത്തിലും കുറവുകളുണ്ടെങ്കിലും എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.

ധോണിയുടെ നായക കാലഘട്ട ശേഷം ആ പദവി ഏറ്റെടുത്ത വിരാട് കോഹ്‌ലിയുടെ പ്രതിഭയുടെയും ക്യാപ്റ്റന്‍സിയിലും ആര്‍ക്കും സംശയം തോന്നിയില്ല. മുമ്പ് അണ്ടര്‍-19 ലോക കിരീടം നേടി കോഹ്‌ലി തന്റെ നായക മികവ് കാട്ടിത്തന്നതുമാണ്. എന്നാല്‍ ദേശീയ ടീമിലെ കോഹ്‌ലിയുടെ നായക മികവ് ഇതുവരെയും അംഗീകരിച്ചിട്ടില്ലെന്നാണ് പല വിമര്‍ശനങ്ങള്‍ കാട്ടി തരുന്നത്. കോഹ്‌ലി എന്ന നായകന് അനുമോദനങ്ങള്‍ ലഭിക്കുന്നില്ലെന്നല്ല, ഇപ്പോഴും ഈ നായകനെ വിശ്വാസത്തില്‍ എടുത്തിട്ടില്ലെയെന്നതാണ്. കാരണം നിലവിലെ ടീം ഇന്ത്യ ഗാംഗുലിയുടെ ടീമിന് മുമ്പുള്ള നമ്മുടെ ടീമിനെ പലപ്പോഴും ഓര്‍മ്മിപ്പിക്കാന്‍ ഇട വരുത്തിയെന്നതാണ്. ഇതിന് ഒരു മറുപടിയാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെ നേടിയ ജയം. തീര്‍ച്ചയായും ചാമ്പ്യന്മാരെപോലെ കളിക്കുന്ന ശീലം ഈ ഇന്ത്യന്‍ ടീമിന് കൈമോശം വന്നിട്ടില്ല എന്നത് കൃത്യമായി കോഹ്‌ലിയും കൂട്ടുകാരും കാണിച്ചു തന്നു.

വളരെയധികം പ്രസക്തിയുണ്ട് ഈ വിജയത്തിന്. ശ്രീലങ്കന്‍ ടീമിനോട് പരാജയപ്പെട്ട് അത്മവിശ്വാസമില്ലാതെ കളത്തില്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടായ ടീം ഇന്ത്യ ഈ ജയം നേടിയത്, ഇന്ത്യന്‍ ഉപഭൂഖണ്ഡം വിട്ട് വിദേശ പിച്ചിലും നിലവില്‍ ഏകദിനത്തിലെ ഒന്നാം റാങ്കുകാരും കൂടിയായ പെര്‍ഫെക്ട് ടീമിനോടാണ്. തങ്ങളുടെ ‘പ്രൊഫഷണലിസം’ ചോര്‍ന്ന് പോയിട്ടില്ലെന്ന് കൃത്യമായി തെളിയിക്കാന്‍ കോഹ്‌ലിക്കും കൂട്ടര്‍ക്കും കഴിഞ്ഞു. ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ സെമിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയെ 44 ഓവറില്‍ 191 റണ്‍സില്‍ ഓള്‍ഔട്ടാക്കുകയായിരുന്നു ഇന്ത്യ. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ദക്ഷിണാഫ്രിക്കയെ പോലെ ഒരു ടീമിനെ ചെറിയ സ്‌കോറിന് പുറത്താക്കിയ ഇന്ത്യ തങ്ങളുടെ ടാലന്റ് കാണിച്ചുകൊടുത്തു. ബൗളിംഗിലും ഫീല്‍ഡിംഗിലും തന്ത്രങ്ങളിലും ദക്ഷിണാഫ്രിക്കയെ അക്ഷരാര്‍ഥത്തില്‍ കൊഹ്‌ലിയുടെ ടീം കടത്തിവെട്ടി.

ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ കണക്ക് കൂട്ടി തന്നെയാണ് എതിര്‍ ടീമിനെ ബാറ്റിംഗിനയച്ചത്. ഉമേഷ് യാദവിനെ പുറത്തിരുത്തി അശ്വിനെ എടുത്തപ്പോഴെ കോഹ്‌ലി ഗെയിം പ്ലാന്‍ നടപ്പാക്കി തുടങ്ങിയിരുന്നു. കഴിഞ്ഞ കളിവരെ ഗംഭീരമായി ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചിന്റെ സ്വാഭാവം മാറുന്നതു മനസ്സിലാക്കി സ്പിന്നിനെയും തുണയ്ക്കും എന്നു കരുതി തന്നെയാണ് നായകന്‍ താരങ്ങളെ അണിനിരത്തിയത്. ബോളിംഗിന് അനുകൂലമായി പിച്ച് മാറി വരുന്നുണ്ടെങ്കിലും ബാറ്റിംഗ് പിച്ച് തന്നെയായിരുന്നു ഓവലിലേത്. തുടക്കത്തില്‍ കോഹ്‌ലിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചോയെന്ന സംശയത്തിന് ശരിവയ്ക്കുന്ന പ്രകടനമായിരുന്നു എതിര്‍ ടീമിന്റെ ഓപ്പണിംഗ് താരങ്ങള്‍ നടത്തിയത്.

വേഗത കുറവായിരുന്നുവെങ്കിലും ഓപ്പണര്‍മാരായ ഡി കോക്കും ഹാഷിം അംലയും മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കന് ടീമിന് നല്‍കിയത്. 17.3 ഓവര്‍ ക്രീസില്‍നിന്ന ഇരുവരും 76 റണ്‍സാണ് നേടിയത്. 54 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 35 റണ്‍സെടുത്ത അംലയെ മടക്കി അശ്വിന്‍ പിച്ചിനെ മുതലെടുത്ത് തുടങ്ങി. മൂന്നാമനായെത്തിയ ഡുപ്ലേസിയെ കൂട്ടുപിടിച്ച് ഡികോക്ക് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ യര്‍ത്താന്‍ ശ്രമം നടത്തി. സ്‌കോര്‍ 116-ല്‍ എത്തിയപ്പോള്‍ 72 പന്തില്‍ നാലു ബൗണ്ടറികള്‍ ഉള്‍പ്പെടെ 53 റണ്‍സെടുത്ത ഡികോക്കിനെ ജഡേജ ക്ലീന്‍ബോള്‍ഡാക്കി. ഇതോടെ ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ബൗളര്‍മാരും മത്സരത്തിലേക്ക് പൂര്‍ണമായി തിരിച്ചെത്തി. ഇതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്നതില്‍ മത്സരിക്കുകയായിരുന്നു.

നിലവിലെ എണ്ണം പറഞ്ഞ ബാറ്റ്സ്മാനായ എ.ബി ഡിവില്ലിയേഴ്‌സിനെ ( 12 പന്തില്‍ ഒരു ബൗണ്ടറിയുള്‍പ്പടെ 16 റണ്‍സ്) പാണ്ഡ്യയുടെ ഫീല്‍ഡിങ്ങില്‍ ധോണി റണ്ണൗട്ടൗക്കിയപ്പോള്‍ ഡേവിഡ് മില്ലറിനെ (മൂന്നു പന്തില്‍ ഒരു റണ്‍) ബുംറയുടെ ഫീല്‍ഡിങ്ങില്‍ കോഹ്‌ലിയും പുറത്താക്കി. 50 പന്തില്‍ ഒരു ബൗണ്ടറിയുമായി 36 റണ്‍സുമായി നിലയുറപ്പിക്കുമെന്നു കരുതിയ ഡുപ്ലേസിയെ പാണ്ഡ്യ പുറത്താക്കി. എട്ടു പന്തില്‍ നാലു റണ്‍സെടുത്ത മോറിസ് ബുംറയുടെ പന്തില്‍ ഉയര്‍ത്തി അടിച്ചത് അവസാനിച്ചത് ഭുവനേശ്വര്‍ കുമാറിന്റെ കൈകളിലായിരുന്നു. പിന്നാലെ എത്തിയ ആന്‍ഡില്‍ ഫെലൂക്വായോ (11 പന്തില്‍ 4), കഗീസോ റബാദ (എട്ടു പന്തില്‍ 5), മോണി മോര്‍ക്കല്‍ (0), ഇമ്രാന്‍ താഹിര്‍ (ഏഴു പന്തില്‍ ഒന്ന്) എന്നിവരും കൂടാരംകയറി, കളി അവസാനിച്ചപ്പോള്‍ നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ ജെ.പി ഡുമിനി 41 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. 75 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഒന്‍പതു വിക്കറ്റുകളായിരുന്നു ദക്ഷിണാഫ്രിക്ക നഷ്ടമാക്കിയത്. അവസാന എട്ടു വിക്കറ്റുകള്‍ 58 റണ്‍സിനിടെയാണ് അവര്‍ക്ക് നഷ്ടമായത്. ഭുവനേശ്വറും ജസ്പ്രീത് ബൂംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അശ്വിനും പാണ്ഡ്യയും ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണര്‍ രോഹിത് ശര്‍മ്മ ഒഴിച്ച് തിടുക്കപ്പെടാതെ കരുതലോടെയായിരുന്നു ഇന്ത്യന്‍ ടീം മറുപടി ബാറ്റിംഗ് ആരംഭിച്ചത്. എതിര്‍ ഓപ്പണിംഗ് ബോളിംഗ് ജോഡികളായ മോണി മോര്‍ക്കലും കഗീസോ റബാദയും സുന്ദരമായിട്ടായിരുന്നു ആദ്യ ഓവറുകള്‍ എറിഞ്ഞത്. ഒരു സിക്‌സും ബൗണ്ടറിയും അടിച്ച് 12 റണ്‍സെടുത്ത് രോഹിത് മോണി മോര്‍ക്കലിനെതിരെ തിടുക്കപ്പെട്ട് അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്താവുകയായിരുന്നു. തുടര്‍ന്ന് എത്തിയ കോഹ്‌ലി-ധവാന്‍ സഖ്യം 128 റണ്‍സെടുത്താണ് പിരിഞ്ഞത്. 83 പന്തില്‍ 12 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 78 റണ്‍സെടുത്ത ധവാന്റെ വിക്കറ്റ് എടുത്തത് ഇമ്രാന്‍ താഹിറാണ്. പിന്നീട് യുവരാജ് സിങ്ങും പക്വതയോടെ കളിച്ചപ്പോള്‍ ഇന്ത്യ അനായാസം വിജയത്തിലെത്തി. 101 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 76 റണ്‍െസടുത്ത കോഹ്‌ലി പുറത്താകാതെ നിന്നു. 25 പന്തില്‍ ഒന്നു വീതം ബൗണ്ടറിയും സിക്‌സും കണ്ടെത്തിയ യുവരാജ്, 23 റണ്‍സുമെടുത്തു.

ഇന്ന് പാക്-ശ്രീലങ്ക ടീമിന്റെ മത്സരഫലത്തിന് അനുസരിച്ചായിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളി ആരെന്നരിയുക. നിലവിലെ സാഹചര്യത്തില്‍ 280 റണ്‍സിനു മുകളില്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയെയോ തിരിച്ചോ തോല്പ്പിച്ചെങ്കില്‍ മാത്രമേ ബി ഗ്രൂപ്പില്‍ അവര്‍ ഒന്നാം സ്ഥാനത്തെത്തുകയും എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശിനെ നേരിടാന്‍ സാധിക്കുകയും ചെയ്യുകയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സാധ്യത തുലോം കുറവായതിനാല്‍ വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ബംഗ്ലാദേശ് തന്നെയായിരിക്കും ഇന്ത്യയുടെ എതിരാളികള്‍ എന്ന് ഏറെക്കുറെ ഉറപ്പാണ്.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍