476 സിക്‌സറുകളാണ് രണ്ടാളുടെ പേരിലും ഇപ്പോഴുള്ളത്. പക്ഷേ കുറഞ്ഞ ഇന്നിങ്‌സിലാണ് ഗെയില്‍ അത്രയും സിക്‌സറുകള്‍ അടിച്ചത്.
കരിയറിന്റെ ക്‌ളൈമാക്‌സിൽ മറ്റൊരു നാഴികക്കല്ല് കൂടി മറികടന്ന് വെസ്‌റ്റ്‌ഇന്‍ഡീസ് വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയില്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയെന്ന റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണിപ്പോള്‍ ക്രിസ് ഗെയില്‍. പാകിസ്‌താന്റെ ഷാഹിദ് അഫ്രീദിയുമായാണ് ഗെയില്‍ ഇപ്പോള്‍ ഈ റെക്കോര്‍ഡ് പങ്കിടുന്നത്. ഒരു സിക്‌സര്‍ കൂടി നേടിയാല്‍ ആ റെക്കോര്‍ഡ് സ്വന്തം പേരിലാവും.
ഏത് ബൗളറെയും തെല്ലും കൂസലില്ലാതെ നേരിടുന്ന ഗെയില്‍ ശൈലി ക്രിക്കറ്റ് ലോകത്ത് പ്രസിദ്ധമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലും ക്രിസ് ഗെയിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
476 സിക്‌സറുകളാണ് രണ്ടാളുടെ പേരിലും ഇപ്പോഴുള്ളത്. പക്ഷേ കുറഞ്ഞ ഇന്നിങ്‌സിലാണ് ഗെയില്‍ അത്രയും സിക്‌സറുകള്‍ അടിച്ചത്. അഫ്രിദി 524 മത്സരങ്ങളില്‍ നിന്നാണെങ്കില്‍ ഗെയില്‍ നേടിയത് 443 മത്സരങ്ങളിലാണെന്ന് മാത്രം. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് ഗെയില്‍ അഫ്രീദിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. അഞ്ച് സിക്‌സറുകളാണ് ആ മത്സരത്തില്‍ ഗെയില്‍ കണ്ടെത്തിയത്. 66 പന്തില്‍ 73 റണ്‍സാണ് ഗെയില്‍ നേടിയത്. പക്ഷേ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് തോല്‍ക്കുകയും പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കുകയും ചെയ്‌തിരുന്നു.
ഏകദിനത്തില്‍ 351, ടി-20യില്‍ 73, ടെസ്റ്റില്‍ 52 എന്നിങ്ങനെയാണ് അഫ്രീദിയുടെ സിക്‌സറുകളെങ്കില്‍, ഗെയിലിന്റേത് ഏകദിനത്തില്‍ 275 , ടി20യില്‍ 103, ടെസ്റ്റില്‍ 98 എന്നിങ്ങനെയാണ് നില. 504 മത്സരങ്ങളില്‍ നിന്നായി 342 സിക്‌സറുകളുമായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഈ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തുണ്ട്.