UPDATES

ട്രെന്‍ഡിങ്ങ്

ലോകകപ്പിലെ ജനപ്രിയ താരം ഈ പ്രസിഡന്‍റല്ലാതെ മറ്റാരാണ്

ഒരു ഫുട്ബാൾ ആരാധികയായ ചിയർ ലേഡിയായി മാത്രം കൊലിന്ദയെ വായിക്കുന്നത് അബദ്ധമായിരിക്കും. വൻ എതിർപ്പുകളെ മറി കടന്ന് സ്വവർഗാനുരാഗികളെ പിന്തുണച്ച് കൊലിന്ദ രംഗത്ത് വന്നത് യൂറോപ്പിൽ വലിയ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

റഷ്യൻ മൈതാനങ്ങളിൽ മോഡ്രിച്ചും എംബപ്പേയും ഹാരി കെയ്‌നും താരങ്ങളായപ്പോൾ ഗാലറിയിൽ താരമായത് ക്രൊയേഷ്യൻ പ്രസിഡന്റ് കൊലിന്ദ ഗ്രബാര്‍ കിറ്ററോവിച്ചാണ്. വിഐപി ലോഞ്ചില്‍ മറ്റ് അതിഥികള്‍ക്കൊപ്പമിരുന്ന് വെറുതെ മത്സരം വീക്ഷിക്കുകയായിരുന്നില്ല അവര്‍. ക്രൊയേഷ്യന്‍ ജഴ്‌സിയണിഞ്ഞ് ഹൃദയം കൊണ്ട് അവരും പന്തു തട്ടുകയായിരുന്നു. ആരാധകര്‍ക്കൊപ്പം ഓരോ സെക്കന്‍ഡിലും ആര്‍ത്തിരമ്പുകയായിരുന്നു കൊലിന്ദ. ടീമിന്റെ വിജയത്തിൽ ആഹ്ളാദ നൃത്തം ചവിട്ടാനും പ്രസിഡന്റ് എന്ന സ്ഥാനം അവർക്കു തടസ്സമായില്ല. ക്രൊയേഷ്യന്‍ ടീമിലെ പന്ത്രണ്ടാം താരമെന്നാണ് ഇവര്‍ക്കുള്ള വിശേഷണം.

റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയുടെ ഡെന്മാർക്കിനെതിരെയുള്ള ആദ്യ മത്സരത്തിന് ശേഷം ആണ് ഗാലറിയിൽ കൊലിന്ദയുടെ സാന്നിധ്യം മാധ്യമലോകവും അത് വഴി ഫുട്ബാൾ ആരാധകരും ശ്രദ്ധിക്കുന്നത്. ആദ്യമായി ലോകകപ്പ് ഫുട്ബാൾ ഫൈനൽ കളിച്ച ക്രൊയേഷ്യയുടെ ഏറ്റവും വലിയ ആരാധിക അവരുടെ പ്രസിഡന്റ് കൊലിന്ദ ഗ്രബാര്‍ കിറ്ററോവിച്ച്‌ ആണെന്നാണ് ഫുട്ബാൾ ലോകം പറയുന്നത്. തന്റെ ടീമിന് എല്ലാ പിന്തുണയും നൽകി സ്റ്റേഡിയത്തിലെ ടീം റൂമിൽ പോലും അവരെത്തി. ക്വാർട്ടർ ഫൈനലിൽ റഷ്യയെ മറികടന്നു ക്രൊയേഷ്യ വിജയിച്ചപ്പോൾ വി ഐ പി ഗാലറിയിലുന്നു ഒരു കൊച്ചുകുഞ്ഞിന്റെ ആവേശത്തിൽ ആവേശഭരിതയായ കൊലിന്ദ ടീമംഗങ്ങളെയും, കോച്ചിനെയും ആലിംഗനം ചെയ്തു രാജ്യത്തിൻറെ അഭിമാനയമാവർക്കു പ്രോത്സാഹനം നൽകി. ക്രൊയേഷ്യയുടെ ഓരോ മത്സരം കഴിയുംതോറും കൊലിന്ദക്കു സോഷ്യൽ മീഡിയയിൽ ഫാൻ ഗ്രൂപ്പുകൾ വരെ ആയി.

“ഇങ്ങനെ ഒരു നേതാവ് കൂടെയുണ്ടെങ്കിൽ ക്രൊയേഷ്യ പൊരുതാതിരിക്കുന്നതെങ്ങനെ?” എന്ന് ലോക മാധ്യമങ്ങൾ തലക്കെട്ട് നിരത്തി. കൊളിന്‍ഡയെ കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ കൊണ്ട്  ലോക മാധ്യമങ്ങൾ പരസ്പരം മത്സരിച്ചപ്പോൾ അത് കാലം കാത്തു വെച്ച ഒരു കാവ്യനീതി കൂടിയാണ്. കൊലിന്ദ ഇതിനും മുൻപ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ഒരു ഗോസ്സിപ്പിങ് വാർത്തയുടെ ബാക്കിപത്രമായിട്ടാണ്. കൊലിന്ദ മുൻ മോഡൽ ആണെന്ന് പറഞ്ഞ്, അവർ  ബീച്ചിൽ ബിക്കിനിയിട്ട് നിൽക്കുന്നതാണെന്ന പേരിൽ ചില ചിത്രങ്ങൾ പാപ്പരാസി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുകയും സമൂഹ മാധ്യമങ്ങൾ അതേറ്റെടുക്കുകയും ചെയ്തു. എന്നാൽ അത് അമേരിക്കൻ നടിയും മോഡലുമായ കൊക്കോ ഓസ്റ്റിന്റെ ചിത്രങ്ങളാണെന്നു പിന്നീട് തെളിഞ്ഞു. ഗോസിപ്പ് വാർത്തകൾ ആഘോഷിച്ചവർക്കു ഒരു ലോകകപ്പ് സീസൺ മുഴുവൻ നീളുന്ന മധുര പ്രതികാരം.

ക്രൊയേഷ്യന്‍ മന്ത്രിമാരോട് ഒന്നടങ്കം ചരിത്രത്തിലാദ്യമായി രാജ്യം ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ പോകുമ്പോൾ സാക്ഷികളാകാൻ റഷ്യയിൽ എത്തണം എന്നാവശ്യപ്പെട്ടിരുന്നു കൊലിന്ദ എന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. യുദ്ധം മുറിവേല്‍പിച്ച ക്രൊയേഷ്യന്‍ മനസുകള്‍ക്ക് അവരുടെ ഫുട്‌ബോള്‍ ടീമെന്നാല്‍ ജീവനാണ്. ഇത് തിരിച്ചറിയാൻ ഉള്ള ഇച്ഛാശക്തി കൊലിന്ദ എന്ന ഭരണാധികാരിക്ക് ഉണ്ട്.

ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നടക്കുന്ന നാറ്റൊ ഉച്ചകോടിക്കിടെ കൊലിന്ദ ഗ്രാബര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്കും ക്രൊയേഷ്യന്‍ ടീമിന്റെ ജഴ്‌സി നല്‍കിയത് വാര്‍ത്തയായിരുന്നു. ക്രൊയേഷ്യന്‍ ടീമിന്റെ ചുവപ്പും വെള്ളയും ചേര്‍ന്ന ജഴ്‌സികളില്‍ അവരുടെ പേരുകളെഴുതിയാണ് കൈമാറിയത്. കോട്ട് ഓഫ് ആര്‍മ്‌സ് ഓഫ് ക്രൊയേഷ്യ (Coat of arms of Croatia) എന്നറിയപ്പെടുന്ന ഒരു കവചമാണ് ക്രൊയേഷ്യയുടെ ഔദ്യോഗിക ചിഹ്നം. ചുവപ്പും വെളുപ്പും കലര്‍ന്ന് ചെസ്‌ബോര്‍ഡിലെ കളങ്ങള്‍ പോലെ തന്നെയാണ് ഇതിന്റെ രൂപകല്‍പ്പനയും.

“രാജ്യത്തിൻറെ പ്രസിഡന്റ് എന്ന നിലയിൽ മാത്രമല്ല ഞാൻ ഫൈനൽ കാണാൻ പോകുന്നത്, ക്രൊയേഷ്യൻ ഫുട്ബോളിനെ അളവറ്റു സ്നേഹിക്കുന്ന ഒരു ആരാധിക എന്ന നിലയിൽ കൂടിയാണ്. ചെറുപ്പത്തിൽ ഫുട്ബാൾ കളിച്ചിരുന്ന ഒരു താരം എന്ന നിലയിൽ ആ കളിയുടെ സ്പിരിറ്റ് എനിക്ക് ഉൾകൊള്ളാൻ കഴിയും” ലോകകപ്പ് ഫൈനലിന് മുൻപ് കൊലിന്ദ മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിക്കാലം മുതൽക്കേ ഫുട്ബോൾ ആവേശമാക്കിയ കൊലിന്ദ ഒടുവിൽ രാജ്യത്തെ പ്രഥമ വനിതയായപ്പോഴും അത് കൈവിട്ടില്ല എന്ന് റഷ്യൻ ഫുട്ബാൾ മാമാങ്കം തെളിയിക്കുന്നു. 1968 ഏപ്രിൽ 29ന് യൂഗോസ്ലാവ്യയിലെ (ഇന്ന് ക്രൊയേഷ്യ) റിജേക പ്രവിശ്യയിലാണ് അവർ ജനിച്ചത്. ഹൈസ്കൂൾ-ബിരുദ വിദ്യാഭ്യാസം മെക്സിക്കോയിലെ ലോസ് അലാമോസിലായിരുന്നു. പിന്നീട് യുഗോസ്ലാവ്യയിലേക്ക് മടങ്ങിയെത്തി ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ സാഗ്രെബ് സർവകലാശാലയിൽനിന്ന് ബിരുദമെടുത്തു. പിന്നീട് ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലും ബിരുദം നേടി. വിയന്നയിലെ ഡിപ്ലോമാറ്റിക് അക്കാദമിയിൽനിന്ന് ഡിപ്ലോമ നേടിയ ശേഷം സാഗ്രെബ് സർവകലാശാലയിൽനിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. ഹവാർഡ് സർവകലാശാല, ഹോപ്കിൻസ് സർവകലാശാല, ജോർജ് വാഷിങ്ടൺ സർവകലാശാല, കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്‍റ് എന്നിവിടങ്ങളിൽനിന്നും അവർ ഫെലോഷിപ്പുകൾ കരസ്ഥമാക്കി.

അധ്യാപിക, നാറ്റോ അസ്സിസ്റ്റന്‍റ് ജനറൽ സെക്രട്ടറി, യു എന്നിലെ ക്രൊയേഷ്യൻ അംബാസഡർ, ക്രൊയേഷ്യൻ വിദേശകാര്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കൊലിന്ദ 2015 ഫെബ്രുവരിയിൽ ആണ് ക്രൊയേഷ്യയുടെ ആദ്യ വനിതാ പ്രസിഡന്റ് ആയി ചുമതലയേറ്റത്. കടുത്ത മൽസരത്തെ അതിജീവിച്ചാണ് കൊലിന്ദ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. അഭിപ്രായ സർവേകളിലും മറ്റും ബഹുദൂരം മുന്നിലായിരുന്ന ഇവോ ജോസിപോവിച്ചിനെ രണ്ടാം റൌണ്ടിലാണ് കൊലിന്ദ മറികടന്നത്. ക്രൊയേഷ്യയിലെ നാലാമത്തെ പ്രസിഡന്‍റും ആ പദവിയിലെത്തുന്ന ഏറ്റവും പ്രയാം കുറഞ്ഞ വ്യക്തിയുമാണ് അവർ.

അതേസമയം കൊലിന്ദ റഷ്യയിൽ നടത്തുന്ന പ്രകടനങ്ങൾ പൊളിറ്റിക്കൽ ഗിമ്മിക്കിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം.

വെറുമൊരു ഫുട്ബാൾ ആരാധികയായ ചിയർ ലേഡിയായി മാത്രം കൊലിന്ദയെ വായിക്കുന്നത് അബദ്ധമായിരിക്കും. വൻ എതിർപ്പുകളെ മറി കടന്ന് സ്വവർഗാനുരാഗികളെ പിന്തുണച്ച് കൊലിന്ദ രംഗത്ത് വന്നത് യൂറോപ്പിൽ വലിയ വാർത്തകൾ സൃഷ്ടിച്ചിരുന്നു. സ്വവർഗാനുരാഗികൾക്ക് വിവാഹം കഴിക്കാനുള്ള ആക്ട് പാസ്സാക്കാൻ അവർ നടത്തിയ ഇടപെടലുകൾ ഒരു പ്രഗത്ഭയായ നയതന്ത്രജ്ഞയ്ക്കു മാത്രം സാധ്യമാകുന്ന ഒന്നാണ്. 2016ൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയിൽ അവർ ഒപ്പുവെച്ചത് വലിയ വാർത്തയായിരുന്നു.

ചരിത്രത്തിലാദ്യമായി ലോകകപ്പ് ഉയര്‍ത്താം എന്ന സ്വപ്‌നവുമായി കലാശക്കളിയില്‍ പന്തുതട്ടിയ ക്രൊയേഷ്യയുടെ കണ്ണീര് വീണ ല്യൂഷ്നിക്കിയിലെ ആ രാത്രിയിൽ പ്രതിസന്ധികളേയും വെല്ലുവിളികളേയും ആട്ടിയോടിച്ച് ഫൈനലിലെത്തിയ ക്രൊയേഷ്യന്‍ ടീം ഫ്രഞ്ച് വിപ്ലവത്തിന് മുന്നില്‍ ഇടറിവീണപ്പോള്‍ താരങ്ങളെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ച പ്രസിഡന്റ് കൊലിന്ദ ഗ്രബാര്‍ കിറ്ററോവിച്ചിന് തന്നെയാണ് പ്രതിപക്ഷ ആരോപണങ്ങൾക്കും, ഗോസ്സിപ്പുകൾക്കും, വ്യാജ വാർത്തകൾക്കും ഇടയിൽ ലോകകപ്പിലെ ജനപ്രിയ താരത്തിനുള്ള സോഷ്യൽ മീഡിയ പുരസ്കാരം.

ബാലന്‍ ഡിഓര്‍ പട്ടികയില്‍ ഇടം പിടിച്ച ഗോളടിക്കാത്ത എന്‍കോളോ കാന്റെ ഫ്രാന്‍സിന്റെ ‘ഇൻവിസിബ്ൾ ഹീറോ’

ലുക്കാ മോഡ്രിച്; അഭയാര്‍ത്ഥിയില്‍ നിന്നും സുവര്‍ണ്ണ രാജകുമാരനിലേക്ക്

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍