UPDATES

കായികം

മിതാലിയുടെ പകരക്കാരി; സച്ചിന്റെ കടുത്ത ആരാധിക, 15 വയസുകാരി ഷഫലി തിളങ്ങുമോ?

ഏകദിനത്തില്‍ മിതാലി തന്നെയാകും ഇന്ത്യയെ നയിക്കുക

ഇന്ത്യന്‍ ക്രിക്കറ്റില്‍ മിതാലിക്ക് പകരക്കാരിയായി എത്തുന്ന ഷഫലി വര്‍മ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ ഇടംപിടിച്ച ഈ 15 വയസുകാരിയെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. ഇതിഹാസ താരം മിതാലി രാജിന്റെ പകരക്കാരിയായി ടീമിലെത്തുന്ന ഷഫലി സച്ചിന്റെ കടുത്ത ആരാധികയാണ്. ചെറു പ്രായത്തില്‍ തന്നെ ഷഫലി ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍ താരത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറെയാണ്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ ടീമിലാണ് കൗമാര താരം ഇടംപിടിച്ചത്. കഴിഞ്ഞ ദിവസം ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മിതാലി രാജിന്റെ ഒഴിവിലേക്ക് അത്ഭുത താരത്തെ പരിഗണിക്കുകയായിരുന്നു സെലക്ടര്‍മാര്‍. വനിത ടി20 ചലഞ്ചിലേയും ആഭ്യന്തര ക്രിക്കറ്റിലേയും പ്രകടനമാണ് ഷഫാലിയ്ക്ക് ടീമിലേക്കുള്ള വാതില്‍ തുറന്നു കൊടുത്തത്. വനിത ടി20 ചലഞ്ചില്‍ മിതാലിയുടെ വെലോസിറ്റിയുടെ താരമായിരുന്നു ഹരിയാനക്കാരിയായ ഷഫാലി. ഐപിഎല്ലിനിടെയായിരുന്നു വനിതകളുടെ ടി20 അരങ്ങേറിയത്. ഇന്റര്‍ സ്റ്റേറ്റ് വുമണ്‍ ടി20യില്‍ 2018-19 സീസണില്‍ പുറത്തെടുത്ത വെടിക്കെട്ട് ഷഫലിയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. നാഗാലാന്‍ഡിനെതിരെ 56 പന്തില്‍ 128 റണ്‍സാണ് അന്ന് ഷഫലി അടിച്ചുകൂട്ടിയത്. ജയ്പൂരില്‍ ലോകോത്തര താരങ്ങള്‍ അണിനിരന്ന വുമണ്‍ ടി20 ചലഞ്ചറില്‍ വെലോസിറ്റിക്കായി മികച്ച പ്രകടനം പുറത്തെടുത്തത് ഷഫലിക്ക് തുണയായി. ഒരു വര്‍ഷത്തിനുള്ളില്‍ ഷഫലി ഇന്ത്യയുടെ അടുത്ത സൂപ്പര്‍ സ്റ്റാറാകുമെന്ന് അന്ന് വെലോസിറ്റി സഹതാരവും ഇംഗ്ലണ്ട് ക്യാപ്റ്റനുമായ ഡാനിയേല വ്യാറ്റ് അഭിപ്രായപ്പെട്ടിരുന്നു. ആ പ്രവചനമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നത്.

ടി20 യില്‍ നിന്ന് വിരമിച്ചെങ്കിലും ഏകദിനത്തില്‍ മിതാലി തന്നെയാകും ഇന്ത്യയെ നയിക്കുക. അഞ്ച് ടി20 മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയെ നയിക്കുക ഹര്‍മന്‍പ്രീത് കൗര്‍ തന്നെയാകും. ടി20യില്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍.

ഏകദിന ടീം: മിതാലി രാജ് (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗ്വസ്, ഹര്‍മന്‍പ്രീത് കൗര്‍ (വൈസ് ക്യാപ്റ്റന്‍), പൂനം റൗത്ത്, സ്മൃതി മന്ദാന, ദീപ്തി ശര്‍മ്മ, താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ജുലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, മന്‍സി ജോഷി, എക്താ ബിഷ്ത്, പൂനം യാദവ്, ഹേമലത, രാജേശ്വരി ഗെയ്വാദ്, പ്രിയ പുനിയ.

ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗ്വസ്, ദീപ്തി ശര്‍മ, താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), പൂനം യാദവ്, ശിഖ പാണ്ഡെ, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രകാര്‍, രാധ യാദവ്, വേദ കൃഷ്ണമൂര്‍ത്തി, ഹര്‍ലീന്‍ ഡിയോള്‍, അനുജ പാട്ടീല്‍, ഷഫാലി വര്‍മ, മാന്‍സി ജോഷി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍