UPDATES

കായികം

‘എന്നെ കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ക്രിക്കറ്റ് മതിയാക്കും’; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വെല്ലുവിളിച്ച് മുഹമ്മദ് ഷഹ്സാദ്

അഫ്ഗാനിസ്ഥാനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് ഷഹ്സാദ്.

ലോകകപ്പില്‍ ഇനിയുള്ള മത്സരം കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ക്രിക്കറ്റ് മതിയാക്കുമെന്ന് അഫ്ഗാനിസ്ഥാന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ മൊഹമ്മദ് ഷഹ്സാദ്. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ(എസിബി) വെല്ലുവിളിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ പരിക്കേറ്റു എന്ന കാരണത്താല്‍ താരത്തെ ടീമില്‍ നിന്ന് എസിബി ഒഴിവാക്കുകയായിരുന്നു. അതേസമയം തനിക്ക് പരിക്കൊന്നുമില്ലെന്നും പരിക്കിന്റെ പേര് പറഞ്ഞ് തന്നെ ടീമില്‍ നിന്ന് ആസൂത്രിതമായി ഒഴിവാക്കുകയായിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.

കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് താരത്തെ പുറത്താക്കിയതെന്നാണ് ബോര്‍ഡ് പറയുന്നത്. പരിക്ക് സുഖമാവാതെ കളിപ്പിക്കാനാവില്ലെന്നാന്നാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്. ഇതാണ് ഷഹ്സാദിനെ പ്രകോപിപ്പിച്ചത്. അവരെന്നെ കളിക്കാനനുവദിച്ചില്ലെങ്കില്‍ ഞാന്‍ ക്രിക്കറ്റ് മതിയാക്കും, എനിക്ക് കളിക്കാനാവില്ലെന്ന് തോന്നുന്നില്ല, രണ്ട് ദിവസത്തെ വിശ്രമം മതിയെന്നും ഷെഹ്സാദ് പറയുന്നു. 2015 ലോകകപ്പ് ക്രിക്കറ്റിന്റെ സമയത്തും എന്നെ തഴഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് ഷഹ്സാദ്. അതേസമയം കായികക്ഷമത വീണ്ടെടുത്താലാണ് കളിക്കാനനുവദിക്കുക എന്നാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.

സന്നാഹ മത്സരത്തിനിടെ ഷെഹ്സാദിന്റെ കാല്‍മുട്ടിന് പരിക്കേറ്റെന്നാണ് എസിബി പറയുന്നത്. എന്നാല്‍ പരിക്കുണ്ടെങ്കില്‍ പിന്നെ താനെങ്ങനെ ശ്രീലങ്കയ്ക്കും ഓസ്ട്രേലിയക്കുമെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാനിറങ്ങിയതെന്ന് ഷഹ്സാദ് തിരിച്ച് ചോദിക്കുന്നു. ടീമില്‍ നിന്നൊഴിവാക്കിയ കോച്ച് ഫില്‍ സിമണ്‍സിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇക്കാര്യങ്ങളില്‍ ഒരു പങ്കുമില്ലെന്നും ടീം മാനേജരും ക്യാപ്റ്റനും ചേര്‍ന്നാണ് തീരുമാനങ്ങളെല്ലാം എടുക്കുന്നതെന്ന് പറഞ്ഞുവെന്നും ഷഹ്സാദ് വെളിപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍