UPDATES

കായികം

‘ഇതിലും മികച്ച വിടവാങ്ങൽ സ്വപ്നങ്ങളിൽ മാത്രം’ : സെഞ്ച്വറിയോടെ അലസ്റ്റയർ കുക്കിന്റെ വിട വാങ്ങൽ

ലോകക്രിക്കറ്റില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടുന്ന ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും കുക്ക് സ്വന്തമാക്കി

2006 ല്‍ നാഗ്പൂരില്‍ ഇന്ത്യക്കെതിരെയുള്ള ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച  അലസ്റ്റയര്‍ കുക്ക് 13 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ തന്നെ ലോകക്രിക്കറ്റിനോട് വിടപറയുമ്പോള്‍ ഇംഗ്ലണ്ടിനും ലോകത്തിനും നഷ്ടമാകുന്നത് ഒരു മികച്ച ഇടം കൈയ്യന്‍ ബാറ്റ്‌സ്മാനെയാണ്.  ലോകക്രിക്കറ്റില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടുന്ന ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടാണ് കുക്ക് കളം വിട്ടത്.

തന്റെ ആദ്യമത്സരത്തില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറി നേട്ടത്തോടെയാണ് കുക്ക് കരിയര്‍ ആരംഭിച്ചത്. അതേ എതിരാളികൾക്കെതിരെ സ്വന്തം മണ്ണിൽ മറ്റൊരു സെഞ്ച്വറി നേട്ടത്തോടെ വിഖ്യാത കരിയറിന് കൂക് തിരശീലയിടുന്നു. ഈ നേട്ടത്തോടെ അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും സെഞ്ചുറി തികയ്ക്കുന്ന അഞ്ചാമത്തെയും ആദ്യ ഇംഗ്ലീഷ് താരവുമായി കുക്ക്. ഇതിനുമുമ്പ് റെഗ്ഗീ ഡഫ്, ബില്‍ പോന്‍സ്‌ഫോര്‍ഡ്, ഗ്രെഗ് ചാപ്പല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ടെസ്റ്റില്‍ 33ാം സെഞ്ചുറി ആയിരുന്നു കുക്ക് ഇന്നലെ നേടിയത്. ഇന്ത്യക്കെതിരായ അഞ്ചാംടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അര സെഞ്ചുറിയും കുറിച്ചിരുന്നു അദ്ദേഹം. ഇനിയുമുണ്ട് ഇംഗ്ലണ്ടിന്റെ ഈ മുപ്പത്തിമൂന്നുകാരന്റെ പേരില്‍ റെക്കോര്‍ഡുകള്‍. ഇംഗ്ലണ്ടിനായി ഏറ്റവുംകൂടുതല്‍ റണ്‍നേടിയ കളിക്കാരന്‍, കൂടുതല്‍ ടെസ്റ്റ് കളിച്ചതിന്റെ റെക്കോഡ്. അവസാന ഇന്നിംഗ്്സിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയവരില്‍ അഞ്ചാമതായി ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാരയെയാണ് കുക്ക് മറികടന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍(15,921), റിക്കി പോണ്ടിങ്(13,378), ജാക്വിസ് കാലിസ്(13,289), രാഹുല്‍ ദ്രാവിഡ്(13,288), എന്നിവരാണ് കുക്കിന് മുന്‍പിലുള്ളത്. 12,472 റണ്ണാണ് ടെസ്റ്റില്‍ കുക്കിന്റെ സമ്പാദ്യം.33 സെഞ്ച്വറികളും 56 അരസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 59 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായി 24 വിജയങ്ങളും കുക്ക് നേടിയിട്ടുണ്ട്.

അമിതാവേശത്തിന് മുതിരാതെ കളിയുടെ ഗതി മനസിലാക്കി ശ്രദ്ധയോടെ ബാറ്റ് വീശിയ  കുക്കിന്റെ  ശൈലി ക്രിക്കറ്റ് ആരാധകര്‍ ഇഷ്ടപ്പെട്ടിരുന്നു. ബൗളര്‍മാര്‍ക്കെതിരെ ശക്തമായ ആധിപത്യം ഉറപ്പിച്ച് ടീമിന്റെ ആവശ്യം മനസിലാക്കി പ്രതിരോധത്തിലൂന്നി ഇന്നിങ്‌സുകൾ ഉയര്‍ത്തുന്ന കുക്കിന്റെ ബാറ്റിംഗ് മികവ് ഇംഗ്ലണ്ടിന് നിരവധി വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇടക്കാലത്ത് ബാറ്റിംഗിലെ താളം കണ്ടെത്താനാകാതെ പോയതോടെ ടീമിന് പുറത്ത് പോകേണ്ടി വന്ന കുക്കിനെ തിരികെ എത്തിച്ചത് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ഇതിഹാസം ഗ്രഹാം ഗൂച്ചായിരുന്നു.

കുട്ടിക്കാലത്ത് ക്ലാര്‍നെറ്റ് വായനയോട് പ്രിയം ഉണ്ടായിരുന്ന കുക്ക് തന്റെ ബാറ്റിംഗിലെ മികവിലൂടെ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെത്തുകയായിരുന്നു. എന്നാല്‍ കുട്ടിക്കാലത്തെ ക്ലാര്‍നെറ്റ് വായന തന്നെ നല്ലൊരു ബാറ്റസ്മാനാക്കുന്നതില്‍ സഹായിച്ചിട്ടുണ്ടെന്ന് കുക്ക് പറഞ്ഞിട്ടുണ്ട്. ക്ലാര്‍നെറ്റ് വായനിലെ സംഗീതത്തിന്റെ അതേ താളത്തില്‍ കൃത്യതയോടെ ബാറ്റ് വീശാനും കളിക്കളത്തില്‍ സൗമനസ്യത്തോടെ പെരുമാറാനും കളിക്കാനും സാധിച്ചിരുന്നുവെന്നാണ് താരം പറയുന്നത്.

2006 ല്‍ ഇന്ത്യക്കെതിരെ നാഗ്പൂരില്‍ ക്രിക്കറ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഒപ്പണര്‍ മാര്‍ക്കസ് ട്രെസ്‌ക്കോത്തിക്കിന്റെ അപ്രതീക്ഷിത പിന്‍മാറ്റം അന്ന് പകരക്കാരനായി ടീമിലെത്തിയതാതിരുന്നു 21 കാരനായ കുക്ക്. ആദ്യ ഇ്ന്നിംഗ്‌സില്‍ 60 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 104 റണ്‍സ് നേട്ടത്തോടെ ടീമില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ഈ ഓപ്പണിങ് താരം.

ബാറ്റിംഗിലെ സ്ഥിരതയാര്‍ന്ന പ്രകടനം 2010 ഇദ്ദേഹത്തിന് ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം സമ്മാനിച്ചു. ടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയ ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍, ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും അധികം റണ്‍സും സെഞ്ചുറിയും നേടിയ താരം (8900 റണ്‍സ് നേടിയ ഗ്രഹാം ഗൂച്ചാണു രണ്ടാമത്), തുടങ്ങിയ റെക്കോര്‍ഡുകള്‍ അലങ്കരിക്കുന്ന കുക്ക് തന്നെയാണു 10,000 റണ്‍സ് ക്ലബിലെ ജൂനിയര്‍ താരം. ഇന്ത്യക്കെതിരരെയുള്ള പരമ്പരയിലെ അഞ്ചാമത്തെ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 71 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 147 റണ്‍സും അടിച്ചെടുത്ത് അഭിമാനത്തോടെയാണ് താരം പടിയിറങ്ങിയത്. രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തില്‍ അലസ്റ്റയര്‍ കുക്കിന് മുമ്പ് നാലുപേര്‍ മാത്രമേ സമാനമായ നേട്ടത്തോടെ വിരമിച്ചിട്ടുള്ളു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍