UPDATES

സോഷ്യൽ വയർ

‘വളരെ മികവുള്ള ക്രിക്കറ്റ് തലച്ചോറാണ് ധോണിയുടേത്’; ധോണിയെ വിമര്‍ശിക്കുന്നവര്‍ക്ക് ഒരു കുറിപ്പ്

വെസ്റ്റിന്‍ഡിസിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ധോണിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ലോകകപ്പില്‍ വെസ്റ്റിന്‍ഡിസിനെതിരെയുള്ള ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് മുഹമ്മദ് ഷമിയും ബുംറയും അടങ്ങുന്ന ഇന്ത്യന്‍ പേസ് നിരയുടെ പ്രകടനമാണ്. വെസ്റ്റിന്‍ഡിസിനെ കുറഞ്ഞ സ്‌കോറില്‍ ഓള്‍ ഔട്ടാക്കിയ ബൗളിംഗ് നിരയെ പുകഴത്തുമ്പോഴും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(72) നൊപ്പം മികവ് കാണിച്ച ധോണിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മധ്യഓവറുകളില്‍ വിക്കറ്റ് കളയാതെ അവസരത്തിനൊത്ത് കളിച്ച് 62 പന്തുകളില്‍ നിന്ന് 59 റണ്‍സെടുത്തു ധോണി. എന്നാല്‍ ധോണിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കുറവൊന്നുമില്ല. എന്നാല്‍ വെസ്റ്റിന്‍ഡിസിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ധോണിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ധോണിയുടെ സാന്നിദ്ധ്യം ക്യാപ്റ്റന്‍ വിരാടിനും അയാളുടെ ബൗളര്‍മാര്‍ക്കും വലിയ സഹായമാണെന്നും കണക്കുകള്‍ കൊണ്ട് അദ്ദേഹത്തെ അളക്കാനികില്ലെന്നും ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് എഴുത്തുകാരന്‍ സന്ദീപ് ദാസിന്റെ കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണരൂപം:

”വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ 125 റണ്‍സിന്റെ ആധികാരികമായ ജയം നേടി.പക്ഷേ മഹേന്ദ്രസിംഗ് ധോണിയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ തുടരുകയാണ്.ധോണിയെ ചവിട്ടിപ്പുറത്താക്കിയാല്‍ ഇന്ത്യന്‍ ടീമിന്റെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും എന്ന മട്ടിലാണ് ചിലര്‍ പ്രതികരിക്കുന്നത് !

മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞത് ഇങ്ങനെയാണ്-
”ധോണി ഒരു ഇതിഹാസമാണ്. അദ്ദേഹം ടീമിനുവേണ്ടി ഒരുപാട് മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്.എല്ലാ കളിക്കാര്‍ക്കും മോശം ദിവസങ്ങളുണ്ടാകും.പക്ഷേ ധോണിയുടെ ഓഫ്‌ഡേ മാത്രമാണ് വലിയ സംസാരവിഷയമാകുന്നത്.അദ്ദേഹത്തിന്റെ പരിചയസമ്പത്ത് പത്തില്‍ എട്ടുതവണയും ടീമിനെ സഹായിക്കാറുണ്ട്….”
വിന്‍ഡീസിനെതിരെ ധോനി മഹത്തായ ഒരു ഇന്നിങ്‌സ് കളിച്ചുവെന്ന അഭിപ്രായമൊന്നുമില്ല.പക്ഷേ പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ 61 പന്തുകളില്‍ 56 റണ്ണുകള്‍ എന്നത് അത്ര മോശം പ്രകടനമായിരുന്നില്ല.സ്‌ട്രോക്ക്‌മേക്കര്‍മാരാല്‍ സമ്പന്നമായ വിന്‍ഡീസ് ടീമിലെ ഒരാള്‍ക്കു പോലും ഓള്‍ഡ് ട്രാഫോര്‍ഡിലെ പ്രതലത്തില്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സാധിച്ചില്ല എന്നത് മനസ്സില്‍വെയ്ക്കണം.

ഇന്നിങ്‌സിന്റെ ആരംഭത്തില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നു എന്നതാണ് ധോനിയുടെ പ്രധാന പ്രശ്‌നം.ആ പോരായ്മ മാഞ്ചസ്റ്ററിലും പ്രകടമായിരുന്നു.പക്ഷേ ഇന്നിങ്‌സിന്റെ അവസാനമായപ്പോഴേക്കും ധോനി തന്റെ തെറ്റുകള്‍ പരമാവധി തിരുത്തിയിരുന്നു.
ക്രിക്കറ്റില്‍ ‘മൊമെന്റം’ എന്നൊരു സങ്കല്പമുണ്ട്.അതിവേഗക്കാരനായ ഒഷെയ്ന്‍ തോമസ്സിനെതിരെ ധോനി അമ്പതാം ഓവറില്‍ അടിച്ചെടുത്ത 16 റണ്ണുകളാണ് മൊമെന്റം ഇന്ത്യയോടൊപ്പമാണെന്ന് ഉറപ്പുവരുത്തിയത്.തോമസ് ധോണിയ്‌ക്കെതിരെ എറിഞ്ഞ അവസാന പന്ത് 79 മീറ്റര്‍ അകലെ പറന്നിറങ്ങിയപ്പോള്‍ വിരാട് കോഹ്ലിയും രവിശാസ്ത്രിയും ആവേശത്തോടെ അലറിയിരുന്നു.കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും ചേര്‍ന്ന് അവസാന ഓവര്‍ നേരിട്ടിരുന്നുവെങ്കില്‍ ഇന്ത്യയുടെ ആത്മവിശ്വാസത്തിന് വലിയ ഇടിവ് സംഭവിക്കുമായിരുന്നു.
പരിക്കുമൂലം ഭുവ്‌നേശ്വര്‍ കുമാര്‍ പുറത്തിരിക്കുന്നതിനാല്‍ ഇന്ത്യയുടെ ബാറ്റിങ്ങിന് ആഴം കുറവായിരുന്നു.ഹാര്‍ദിക് പണ്ഡ്യ-ധോണി കൂട്ടുകെട്ടായിരുന്നു അവസാനത്തെ അംഗീകൃത ബാറ്റിങ്ങ് ജോഡി.ഒറ്റ വിക്കറ്റ് കൂടി നഷ്ടപ്പെട്ടാല്‍ വെറുമൊരു സ്ലോഗറായ മൊഹമ്മദ് ഷമി ക്രീസിലെത്തുമെന്ന അവസ്ഥയായിരുന്നു.ഇക്കാര്യവും ധോനി ഓര്‍ത്തിട്ടുണ്ടാകാം.വമ്പനടിയ്ക്ക് ശ്രമിച്ച് ധോണി നേരത്തെ ഔട്ടായിരുന്നുവെങ്കില്‍ ഇന്ത്യ 230-240 റണ്ണുകളില്‍ ഒതുങ്ങിപ്പോകാന്‍ എല്ലാ സാദ്ധ്യതയുമുണ്ടായിരുന്നു.

പക്ഷേ ധോണി പണ്ഡ്യയുടെ പിന്തുണയോടെ ശ്രദ്ധയോടെ കളിച്ച് ഇന്ത്യയെ 268 വരെയെത്തിച്ചു.ആ പിച്ചില്‍ 350 റണ്ണുകള്‍ ആവശ്യമില്ലെന്ന കാര്യം ധോണി തിരിച്ചറിഞ്ഞിരുന്നു.ഇക്കാര്യം വിരാട് സമ്മാനദാനച്ചടങ്ങില്‍ സൂചിപ്പിക്കുകയും ചെയ്തു.വളരെ മികവുള്ള ക്രിക്കറ്റ് തലച്ചോറാണ് ധോണിയുടേത്.

ചില ക്രിക്കറ്റര്‍മാരെ കേവലം കണക്കുകള്‍ കൊണ്ടുമാത്രം അളക്കാനാവില്ല.ധോണിയുടെ സ്ഥാനം ആ ലീഗിലാണ്.സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സിനെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററായി കണക്കാക്കുന്നവര്‍ അനവധിയാണ്.ഇന്ത്യന്‍ ഇതിഹാസമായ സുനില്‍ ഗാവസ്‌കര്‍ ധോനിയെ താരതമ്യം ചെയ്യുന്നത് സോബേഴ്‌സിനോടാണ് ! രണ്ടുപേരും വളരെ ‘കൂള്‍’ ആണെന്ന് സണ്ണി പറയുന്നു.

ഈ ലോകകപ്പില്‍ ധോണി നേരിട്ട ആദ്യ ഡെലിവെറി എത്ര പേര്‍ ഓര്‍ക്കുന്നുണ്ട്? തുടര്‍ച്ചയായ വിക്കറ്റുകളുടെ ബലത്തില്‍ തീതുപ്പുകയായിരുന്ന കഗീസോ റബാഡയ്‌ക്കെതിരെയായിരുന്നു അത്.പക്ഷേ ധോനി റബാഡയെ കുറച്ചുനേരം കാത്തുനിര്‍ത്തി. റണ്‍-അപ് ആരംഭിച്ച ബൗളറെ കൗശലപൂര്‍വ്വം തിരിച്ചയച്ചു !ഒറ്റനോട്ടത്തില്‍ നിസ്സാരമെന്ന് തോന്നുന്ന ഇത്തരം മാനസികയുദ്ധങ്ങള്‍ പലപ്പോഴും ഈ ഗെയിമില്‍ നിര്‍ണ്ണായകമാകാറുണ്ട്.റബാഡയെ വെയ്റ്റ് ചെയ്യിച്ച തന്ത്രത്തെക്കുറിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഷോണ്‍ പോളക്ക് വാചാലനാവുകയും ചെയ്തു.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലും ശ്രദ്ധേയമായ ഒരു സംഭവമുണ്ടായി.യജുവേന്ദ്ര ചാഹലിനെതിരെ സ്റ്റീവ് സ്മിത്ത് ക്രീസ് വിട്ടിറങ്ങിയപ്പോള്‍ ധോനി ഓഫ്സ്റ്റംമ്പിനുപുറത്തുനിന്ന് പന്ത് സ്റ്റംമ്പിലേക്ക് ഫ്‌ലിക് ചെയ്തു !കഷ്ടിച്ചാണ് സ്മിത്ത് രക്ഷപ്പെട്ടത്.
ഈ സ്ട്രീറ്റ്‌സ്മാര്‍ട്ട്‌നെസ്സ് ക്രിക്കറ്റ് ഗ്രന്ഥങ്ങളില്‍നിന്ന് പഠിക്കാനാവില്ല.അത് രക്തത്തില്‍ തന്നെയുണ്ടാവണം.അതേ മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ സമാനമായ രീതിയില്‍ ശിഖര്‍ ധവാനെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ത്രോ സ്റ്റംമ്പ്‌സിന്റെ അടുത്തെങ്ങുമെത്തിയില്ല.അക്കാര്യത്തില്‍ മാക്‌സി ധോണിയുടെ ശിഷ്യത്വം സ്വീകരിക്കണമെന്ന് കമന്റേറ്റര്‍മാര്‍ പറയുകയും ചെയ്തു. ധോണിയുടെ വിചിത്രമായ തന്ത്രങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഋഷഭ് പന്തിനെ ഇന്ത്യന്‍ കാണികള്‍ കൂവിയത് ആരും മറന്നിട്ടുണ്ടാവില്ല.

അമ്പയര്‍ പോലും ധോനിയുടെ ഇംഗിതത്തിനുവഴങ്ങുന്ന കാഴ്ച്ച അഫ്ഗാനിസ്ഥാനെതിരായ മാച്ചില്‍ കണ്ടിരുന്നു. ധോണിയുടെ ഒരു സ്റ്റംമ്പിങ്ങ് അപ്പീല്‍ അമ്പയറായ അലീം ദാര്‍ നിരസിച്ചു.എന്നാല്‍ തീരുമാനം തേഡ് അമ്പയറിനുവിടണമെന്ന് ധോനി ശഠിച്ചപ്പോള്‍ ദാറിന് അത് നിഷേധിക്കാനായില്ല ! ധോണിയെന്ന താരം അത്രത്തോളം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു ! ഈ തലത്തിലുള്ള ഇംപാക്റ്റ് സൃഷ്ടിക്കാന്‍ നിലവില്‍ കാര്‍ത്തിക്കിനോ ഋഷഭിനോ കഴിയില്ല. അതുകൊണ്ടാണ് വിരാട് ധോണിയെ ഇങ്ങനെ ചേര്‍ത്തുനിര്‍ത്തുന്നത്.

ധോണിയുടെ ഫോം അത്രവലിയ പ്രശ്‌നമല്ല. ലോകകപ്പ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഓസീസിനെതിരെ ധോനിയുടെ 2019ലെ ശരാശരി നൂറിനടുത്താണ്.ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ബോള്‍ എറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ധോണി അവിശ്വസനീയമായ രീതിയില്‍ ബാറ്റ് ചെയ്തിരുന്നു.ഓവല്‍ സ്റ്റേഡിയത്തില്‍ ഷോര്‍ട്ട്‌ബോള്‍ തന്ത്രം വളരെയേറെ ഫലപ്രദമാണ്.ആ പിച്ചില്‍ സ്റ്റാര്‍ക്കിനെയും സ്റ്റോയിനിസിനെയും ധോണി അനായാസം പുള്‍ ചെയ്തിരുന്നു.
ധോണിയുടെ ആര്‍ക്കില്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്ത് മിഡ്-വിക്കറ്റിനുമുകളിലൂടെ എങ്ങോ അപ്രത്യക്ഷമായിരുന്നു.സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ച്വറി കണ്ടപ്പോള്‍ പഴയ നീളന്‍മുടിക്കാരന്‍ ധോണിയെ ഓര്‍മ്മവന്നിരുന്നു.അഫ്ഗാനിസ്ഥാനെതിരെയും വിന്‍ഡീസിനെതിരെയും ധോണി സ്ലോ ആയി കളിച്ചു എന്നത് നേരുതന്നെ.പക്ഷേ ആ മത്സരങ്ങളില്‍ മിക്ക ബാറ്റ്‌സ്മാന്‍മാരും ഒഴുക്ക് കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്നു.
ധോണിയുടെ സാന്നിദ്ധ്യം ക്യാപ്റ്റന്‍ വിരാടിനും അയാളുടെ ബൗളര്‍മാര്‍ക്കും വലിയ സഹായമാണ്.’വിക്കറ്റ് കീപ്പറുടെ എന്‍ഡിലെ ഇന്‍സ്ട്രക്ഷന്‍ മാന്വല്‍’ എന്നാണ് ഹര്‍ഷ ഭോഗ്ലെ ഈ പ്രതിഭാസത്തെ വിശേഷിപ്പിച്ചത്.അത് കോച്ചിങ്ങ് മാന്വലിനേക്കാള്‍ സിമ്പിളാണ് ; പവര്‍ഫുള്ളുമാണ് !
2011 ലോകകപ്പില്‍ ധോണി അത്ര മികച്ച ഫോമിലൊന്നുമായിരുന്നില്ല.പക്ഷേ ഫൈനലില്‍ നേടിയ 91 റണ്ണുകള്‍ ഫോക്ലോറിന്റെ ഭാഗമായി മാറി.2017 ഐ.പി.എല്ലിന്റെ ലീഗ് സ്റ്റേജില്‍ ധോനി നിരാശപ്പെടുത്തിയിരുന്നു.പക്ഷേ പ്ലേ ഓഫ് ഘട്ടംവന്നപ്പോള്‍ അയാള്‍ ഉയര്‍ന്നുനിന്നു.സമ്മര്‍ദ്ദം മുറുകുമ്പോള്‍ വിറയ്ക്കാത്ത കൈകളാണ് ധോനിയുടേത് !
വിന്‍ഡീസിനെതിരെ ധോണി വിക്കറ്റിനുപിന്നില്‍ ചില പിഴവുകള്‍ വരുത്തിയിരുന്നു.പക്ഷേ ന്യൂസിലന്റിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് ഒരവസരം നല്‍കിയപ്പോള്‍ ധോണി ഡൈവ് ചെയ്ത് ഒറ്റക്കൈ കൊണ്ട് പന്ത് ക്യാച്ച് ചെയ്തു.മൈക്കല്‍ ഹോള്‍ഡിങ്ങ് കമന്ററി ബോക്‌സിലൂടെ പറഞ്ഞു-

ഇതാണ് ധോണിയുടെ ഏറ്റവും വലിയ സവിശേഷത. ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ അയാളെക്കൊണ്ട് ഉപകാരമുണ്ടാകും. ഋഷഭ് പന്തിന് തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാനാകും. പക്ഷേ ധോണി പുറകിലുണ്ട് എന്ന വസ്തുത ഇന്ത്യന്‍ ടീമിന് നല്‍കുന്ന മനോബലം ചെറുതല്ല. നോക്കൗട്ട് മത്സരങ്ങളിലാണ് അത് കൂടുതല്‍ വ്യക്തമാവുക. ധോനിയെ വീഴ്ത്താതെ ഇന്ത്യയെ തോല്‍പ്പിക്കാമെന്ന് ഒറ്റ ടീമും സ്വപ്നം കാണുന്നുണ്ടാവില്ല.
ധോണിയുടെ സ്റ്റംമ്പിങ്ങ് അവസരം ഷായ് ഹോപ് നഷ്മാക്കിയപ്പോള്‍ പല ഇന്ത്യന്‍ ആരാധകരും ദുഃഖിച്ചിരുന്നു. ധോനി വേഗം ഔട്ടാകുന്നതിലായിരുന്നു അവര്‍ക്ക് താത്പര്യം ! ആരോഗ്യപരമായ വിമര്‍ശനങ്ങളില്‍ തെറ്റൊന്നുമില്ല. പക്ഷേ ഒരു ലെജന്റിനെ അടച്ചാക്ഷേപിക്കരുത് !
ധോണി അധികം താമസിയാതെ വിരമിക്കും. ഈ റാഞ്ചിക്കാരന്‍ ടീമിലേക്ക് കൊണ്ടുവരുന്ന മൂല്യം എത്രമാത്രമാണെന്ന് അപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകും.ചില കാര്യങ്ങള്‍ തെളിയിക്കാന്‍ കാലത്തിനുമാത്രമേ സാധിക്കുകയുള്ളൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍