UPDATES

കായികം

ആ ബൗണ്ടറി കണക്ക് കുബ്ലെയും സംഘവും പരിശോധിക്കും

ചാമ്പ്യന്‍ഷിപ്പുകളില്‍ ടൈ ആകുന്ന മത്സരങ്ങളില്‍ വിജയികളെ നിശ്ചയിക്കാനാണ് 2009 മുതല്‍ സൂപ്പര്‍ ഓവര്‍ നടപ്പിലാക്കിയത്.

ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി. ക്രിക്കറ്റ് കമ്മിറ്റി 2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ സംഭവങ്ങള്‍ പരിശോധിക്കും. കിവീസിനെതിരെ ഇംഗ്ലണ്ടിനെ ജേതാക്കളാക്കിയ ബൗണ്ടറി നിയമത്തെ കുറിച്ചാണ് കുബ്ലെയുടെ നേതൃത്വത്തിലുളള സംഘം ചര്‍ച്ച ചെയ്യുക. വിവാദമായ ‘ബൗണ്ടറി എണ്ണല്‍’ നിയമം ഉള്‍പ്പടെയുള്ളവ ഭേദഗതി ചെയ്യുന്നതു സംബന്ധിച്ചു കമ്മിറ്റി തീരുമാനമെടുക്കുമെന്ന് ഐ.സി.സി. അപ്പെക്സ് ബോഡി ജനറല്‍ മാനേജര്‍ ജഫ് അല്ലാര്‍ഡൈസ് പറഞ്ഞു. 2020ല്‍ നടക്കുന്ന കമ്മിറ്റിയുടെ അടുത്ത മീറ്റിങ്ങിലാണ് വിവാദ തീരുമാനങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുക. 2012 മുതല്‍ ഐ.സി.സി. കമ്മിറ്റിയുടെ ചെയര്‍മാന്‍ ആണ് അനില്‍ കുംബ്ലെ. ബൗണ്ടറി എണ്ണി ജേതാക്കളെ പ്രഖ്യാപിക്കുന്ന നിയമംമൂലം ന്യൂസിലന്‍ഡിന് അര്‍ഹിച്ച കിരീടം നഷ്ടമായതില്‍ മുന്‍ താരങ്ങള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിയമഭേദഗതിയെക്കുറിച്ച് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആവേശകരമായ മത്സരത്തില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളുടെയും സ്‌കോര്‍ തുല്യതയില്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് ബൗണ്ടറി എണ്ണി ജേതാക്കളെ നിശ്ചയിച്ചത്. മത്സരത്തില്‍ 22 ബൗണ്ടറികളും രണ്ടു സിക്സറുകളും നേടിയ ഇംഗ്ലണ്ട് ജേതാക്കളായപ്പോള്‍ 17 ബൗണ്ടറികള്‍ മാത്രം നേടിയ ന്യൂസിലന്‍ഡിന് നിരാശരാകേണ്ടി വന്നു. ചാമ്പ്യന്‍ഷിപ്പുകളില്‍ ടൈ ആകുന്ന മത്സരങ്ങളില്‍ വിജയികളെ നിശ്ചയിക്കാനാണ് 2009 മുതല്‍ സൂപ്പര്‍ ഓവര്‍ നടപ്പിലാക്കിയത്. എന്നാല്‍ സൂപ്പര്‍ ഓവര്‍ ടൈ ആയാല്‍ എങ്ങനെ ജേതാക്കളെ കണ്ടെത്തണമെന്നത് ആ മത്സരം വിലയിരുത്തി ക്രിക്കറ്റ് കമ്മിറ്റി തീരുമാനിക്കും- അല്ലാര്‍ഡൈസ് കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് ഫൈനലിനു ശേഷം നടന്ന ഐ.സി.സി. ചീഫ് എക്സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായെങ്കിലും നിയമഭേദഗതി ചര്‍ച്ചചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയില്‍ കിരീടം പങ്കുവയ്ക്കുന്ന രീതി തൊട്ടു മറ്റു രീതിയില്‍ ജേതാക്കളെ കണ്ടെത്തുന്ന കാര്യത്തില്‍ വരെ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് കമ്മിറ്റി യോഗം ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍