UPDATES

കായികം

ഏഷ്യാകപ്പില്‍ ഏഴടിക്കാന്‍ ഇന്ത്യ; കന്നിക്കിരീടം തേടി ബംഗ്ലാ കടുവകള്‍

2016-ല്‍ ട്വന്റി-20 ഫോര്‍മാറ്റില്‍ നടന്ന കഴിഞ്ഞ ഏഷ്യാകപ്പിലെ ഫൈനലിലെ ആവര്‍ത്തനമാവുകയാണ് ഇന്നത്തെ മത്സരവും. അന്ന് ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തറപറ്റിച്ചാണ് ഇന്ത്യ കപ്പടിച്ചത്.

Avatar

അമീന്‍

ഏഴാം ഏഷ്യാകപ്പ് ലക്ഷ്യമിട്ട് ഇന്ത്യയും കന്നിക്കിരീടം തേടി ബംഗ്ലാദേശും ഇന്ന് കലാശപ്പോരിനിറങ്ങുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഒരു മത്സരം പോലും തോല്‍ക്കാതെ ഫൈനലില്‍ എത്തിയപ്പോള്‍ സൂപ്പര്‍ ഫോറിലെ സെമിയ്ക്ക് തുല്യമായ അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പിച്ചാണ് ബംഗ്ലാദേശ് ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. ഇതോടെ 2016-ല്‍ ട്വന്റി-20 ഫോര്‍മാറ്റില്‍ നടന്ന കഴിഞ്ഞ ഏഷ്യാകപ്പിലെ ഫൈനലിലെ ആവര്‍ത്തനമാവുകയാണ് ഇന്നത്തെ മത്സരവും. അന്ന് ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തറപറ്റിച്ചാണ് ഇന്ത്യ കപ്പടിച്ചത്.

പതിനാലാം ഏഷ്യാകപ്പില്‍ ഇന്ത്യയുടെ പത്താമത്തെ ഫൈനലാണിത്. മുമ്പ് ഒന്‍പതു തവണ ഫൈനലില്‍ എത്തിയപ്പോള്‍ ആറു തവണയും ഇന്ത്യ ചാമ്പ്യന്‍മാരായിരുന്നു. ബംഗ്ലാദേശിനെതിരായ ഒന്നൊഴിച്ചാല്‍ എട്ടു തവണയും ശ്രീലങ്കയായിരുന്നു ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍. ഇതില്‍ അഞ്ചു തവണ ഇന്ത്യയും മൂന്നു തവണ ശ്രീലങ്കയും ജയിച്ചു. ആറുവട്ടം കപ്പ് നേടിയ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ തവണ ഏഷ്യാകപ്പ് നേടിയ ടീമും. ശ്രീലങ്കയ്ക്ക് അഞ്ചും പാക്കിസ്ഥാന് രണ്ടും കിരീടങ്ങളുണ്ട്.

ബംഗ്ലാദേശിനിത് മൂന്നാമത്തെ ഏഷ്യാകപ്പ് ഫൈനലാണ്. ഇത്തവണയും ഫൈനലില്‍ എത്തിയതോടെ അവസാന നാല് ഏഷ്യാകപ്പുകളില്‍ മൂന്നിലും ഫൈനലിലെത്തുന്ന ടീമെന്ന ഖ്യാതിയും ബംഗ്ലാദേശിനുണ്ട്. 2012ലെ ആദ്യ ഫൈനലില്‍ പാക്കിസ്ഥാനോട് വെറും രണ്ടു റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ കപ്പ് കൈവിട്ടത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സിലൊതുക്കിയെങ്കിലും മറുപടിയായി ബംഗ്ലാദേശിന് എട്ടു വിക്കറ്റിന് 234 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ട്വന്റി-20 ഫോര്‍മാറ്റില്‍ നിന്ന് മഴമൂലം 15 ഓവറാക്കിയ കഴിഞ്ഞ തവണത്തെ ഫൈനലിലാകട്ടെ ബംഗ്ലാദേശിന്റെ അഞ്ചിന് 120 എന്ന സ്‌കോര്‍ ഇന്ത്യ 13.5 ഓവറില്‍ രണ്ടു വിക്കറ്റിന് മറികടക്കുകയും ചെയ്തു.

പാക്കിസ്ഥാനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കി ഫൈനലുറപ്പിച്ച ബംഗ്ലാദേശിന് കഴിഞ്ഞ തവണ തങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയ ഇന്ത്യയോട് മധുരപ്രതികാരത്തിനുള്ള അവസരം കൂടിയാണ് ഇത്തവണ ലഭിക്കുന്നത്. എന്നാല്‍, ബംഗ്ലാദേശിന് കാര്യങ്ങള്‍ അത്രതന്നെ എളുപ്പമാകാന്‍ സാധ്യതയില്ല. ഇന്ത്യയുടെ ഉജ്ജ്വല ഫോമിനൊപ്പം പരിക്കും അവരെ കാര്യമായി വലയ്ക്കുന്നുണ്ട്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഓപ്പണര്‍ തമീം ഇഖ്ബാലിനെ നഷ്ടമായ ബംഗ്ലാദേശ് ടീമില്‍ നിന്ന് പരിചയസമ്പന്നനായ ഓള്‍റൗണ്ടര്‍ ഷാക്കിബല്‍ ഹസനും മടങ്ങിക്കഴിഞ്ഞു. 2012 ഫൈനലില്‍ ഇവരിരുവരും അര്‍ധസെഞ്ച്വറി നേടിയിരുന്നു എന്നുകൂടി പറയുമ്പോഴേ ബംഗ്ലാദേശിനുണ്ടായ നഷ്ടം വ്യക്തമാകൂ.

അതേസമയം, പാക്കിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശ് പ്രകടിപ്പിച്ച പോരാട്ടവീര്യം ഏറെ ശ്രദ്ധേയമാണ്. 18 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമാക്കിയ ശേഷമായിരുന്നു ബംഗ്ലാദേശ് മുഷ്ഫിഖുര്‍ റഹീം (99), മുഹമ്മദ് മിഥുന്‍ (60) എന്നിവരുടെ മികവില്‍ 239 റണ്‍സിലെത്തിയത്. എങ്കിലും പാക്കിസ്ഥാന് എത്തിപ്പിടിക്കാനാകാത്ത ടോട്ടലുന്നുമായിരുന്നില്ല ഇത്. കൃത്യതയാര്‍ന്ന ബൗളിങ്ങിനൊപ്പം ഫീല്‍ഡിങ്ങിലെ ഊര്‍ജസ്വലത കൂടിയാണ് പാക്കിസ്ഥാനെതിരെ ബംഗ്ലാ കടുവകള്‍ക്ക് ജയം സമ്മാനിച്ചത്. അനായാസ സിംഗിളുകള്‍ വഴങ്ങാതെയും വേഗമേറിയ ഔട്ട്ഫീല്‍ഡ് ഫീല്‍ഡിങ്ങിലൂടെയും അവര്‍ പാക്ക് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. ബൗളര്‍മാര്‍ ഈ അവസരം മുതലെടുക്കുകയും ചെയ്തു.

ബാറ്റിങ്ങില്‍ മുഷ്ഫിഖുറും മിഥുനും തന്നെയാണ് ബംഗ്ലാദേശിന്റെ ശക്തികേന്ദ്രങ്ങള്‍. ഷാക്കിബ് പോയെങ്കിലും ബംഗ്ലാദേശിന് മെഹിദി ഹസന്‍, മുസ്തഫിസുര്‍ റഹീം, മഹ്മൂദുള്ള തുടങ്ങിയവരിലൂടെ ആവശ്യത്തിന് സ്പിന്‍ ഓപ്ഷനുകളുണ്ട്. ദുബായിലെ സാഹചര്യങ്ങളില്‍ ഈ സ്പിന്‍ വൈവിധ്യം അവര്‍ക്ക് ഏറെ സഹായമാവുകയും ചെയ്യും.

മറുഭാഗത്ത് ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഇന്ത്യ ഉജ്ജ്വല ഫോമിലാണ്. നാല് തുടര്‍ ജയങ്ങള്‍ക്ക് ശേഷം അവസാന മത്സരത്തില്‍ അഫ്ഘാനിസ്ഥാനോട് ടൈ വഴങ്ങിയെങ്കിലും അത് ടീമിനെ കാര്യമായി ബാധിക്കാനിടയില്ല. സ്ഥിരം ഓപ്പണര്‍മാരും പ്രധാന പേസര്‍മാരും ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് വിശ്രമം നല്‍കിയാണ് നേരത്തേ ഫൈനലുറപ്പിച്ചിരുന്ന ഇന്ത്യ അഫ്ഘാനെതിരെ ഇറങ്ങിയിരുന്നത്. ഇന്ത്യയുടെ കുതിപ്പിന് ഈ സമനില ഒരു തടസ്സമാകാനിടയില്ല. ആരെയൊക്കെ അവസാന ഇലവനില്‍ ഇറക്കുമെന്ന കാര്യത്തിലാണ് ടീം മാനേജ്‌മെന്റിന് തലപുകയ്‌ക്കേണ്ടി വരിക.

ടൂര്‍ണമെന്റില്‍ ആദ്യമായി കഴിഞ്ഞ മത്സരത്തില്‍ അവസരം ലഭിച്ച കെ.എല്‍.രാഹുല്‍ അര്‍ധസെഞ്ച്വറിയുമായി അവസാന ഇലവനിലേക്ക് അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. എന്നാല്‍, ഉജ്ജ്വല ഫോമിലുള്ള ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും എത്തുന്നതോടെ രാഹുലിന് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥലമില്ലാതാകും. മധ്യനിരയില്‍ അമ്പാട്ടി റായുഡുവും ദിനേശ് കാര്‍ത്തിക്കും ബാറ്റ് ചെയ്യേണ്ടി വന്നപ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. മികച്ച ഫോമിലേക്ക് എത്തിയിട്ടില്ലെങ്കിലും സീനിയര്‍ താരവും വിക്കറ്റ് കീപ്പറുമായ എം.എസ്.ധോണിയ്ക്ക് ടീമില്‍ സ്ഥാനമുറപ്പ്. പാര്‍ട്ട് ടൈം ബൗളറെന്ന നിലയിലും പ്രയോജനപ്പെടുത്താവുന്ന കേദാര്‍ ജാദവും മധ്യനിരയിലുണ്ടാകും. ഓള്‍റൗണ്ടറെന്ന നിലയില്‍ രവീന്ദ്ര ജഡേജയ്ക്കും സ്ഥാനമുണ്ട്. അതിനാല്‍ അവസാന ഇലവനില്‍ രാഹുലിന് ഇടംകിട്ടുമോ എന്ന് കാത്തിരുന്ന് തന്നെ അറിയണം.

ഓപ്ഷനുകള്‍ ഏറെയുണ്ടെങ്കിലും ഇന്ത്യയെ നിലവില്‍ അലട്ടുന്നത് മധ്യനിര തന്നെയാണ് എന്നതാണ് മറ്റൊരു വാസ്തവം. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ മധ്യനിര കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. ഓപ്പണര്‍മാര്‍ 50 റണ്‍സെങ്കിലും തികയ്ക്കാതെ മടങ്ങിയത് ഒരു മത്സരത്തില്‍ മാത്രമാണ്. അതിനാല്‍ ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നപ്പോഴും മധ്യനിരയ്ക്ക് അതിസമ്മര്‍ദ്ദമൊന്നും ഉണ്ടായിരുന്നുമില്ല. അതേസമയം, ഇന്ത്യ പരുങ്ങിയ അഫ്ഗാനും ഹോങ്കോങ്ങിനുമെതിരെ മധ്യനിരയുടെ പ്രകടനം ആശാവഹമായിരുന്നുമില്ല. ധവാനും രോഹിതും ഇല്ലാതിരുന്ന കഴിഞ്ഞ മത്സരത്തില്‍ ഓപ്പണിങ്ങിലാണ് അമ്പാട്ടി റായുഡുവും കെ.എല്‍.രാഹുലും തിളങ്ങിയത്. ദിനേശ് കാര്‍ത്തിക്ക് മൂന്നാമനായും. ബംഗ്ലാദേശിന്റെ കരുത്ത് മധ്യഓവറുകളിലെ സ്പിന്‍ പ്രകടനമാണെന്നത് ഇന്ത്യന്‍ മധ്യനിരയുടെ പ്രകടനം നിര്‍ണായകമാക്കുന്നു.

ബൗളിങ്ങില്‍ ഇന്ത്യക്ക് തലവേദനയൊന്നുമില്ല. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. അഫ്ഘാനിസ്ഥാനെതിരെ ഇറങ്ങാതിരുന്ന ഇവര്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചു കഴിഞ്ഞു. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും തന്നെയാകും സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്യുക.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍