UPDATES

ട്രെന്‍ഡിങ്ങ്

ഇന്നലെ അഫ്ഗാനിസ്ഥാന്‍, ഇന്ന് ഹോങ്കോങ്? കോഹ്ലിയെ അമിതമായി ആശ്രയിക്കുന്നെന്ന ചീത്തപ്പേര് ടീം ഇന്ത്യ മാറ്റുമോ?

2019 ലോകകപ്പ് തയ്യാറെടുപ്പിന്റെ അവസാന ലാപ്പിന്റെ തുടക്കമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏഷ്യാകപ്പ്

Avatar

അമീന്‍

ലോകകപ്പ് കഴിഞ്ഞാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ശക്തമായ ടൂര്‍ണമെന്റാണ് ഏഷ്യാകപ്പ്. ക്രിക്കറ്റ് കളിക്കുന്ന കൂടുതല്‍ രാജ്യങ്ങളുള്ള ഭൂഖണ്ഡമാണെന്നതും ഇന്ത്യ-പാക് പോരാട്ടവുമെല്ലാം ഏഷ്യാകപ്പിന്റെ ചൂടും ചൂരും വര്‍ധിപ്പിക്കുന്നു. അതേസമയം, ഏഷ്യയിലെ കരുത്തന്‍മാരില്‍ ഒരാളായിരുന്ന ശ്രീലങ്കയുടെ നിലവാരത്തകര്‍ച്ച ടൂര്‍ണമെന്റിന്റെ പോരാട്ടവീര്യം കുറയ്ക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച ബംഗ്ലാദേശ് കരുത്തറിയിച്ചതും ശ്രദ്ധേയമാണ്. അഫ്ഗാനിസ്ഥാനും ഹോങ്കോങുമാണ് ടൂര്‍ണമെന്റിലെ മറ്റു രണ്ടു ടീമുകള്‍. നിലവില്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍ ഇന്ത്യ തന്നെ. ദുര്‍ബലരായ ഹോങ്കോങിനെതിരെ നടക്കുന്ന മത്സരം ഇന്ത്യക്ക് ഏഷ്യാകപ്പിലെ വാം അപ്പ് മാച്ചാകാനാണ് സാധ്യത.

ഇംഗ്ലണ്ടിനെതിരായ ദീര്‍ഘമായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ടീം ഇന്ത്യ പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്ന മത്സരമാണെന്ന പ്രത്യേകതയും ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിനുണ്ട്. അതിനാല്‍ മികച്ച ജയത്തോടെ തുടക്കം കുറിക്കാനാകും ടീമിന്റെ ശ്രമം. തൊട്ടടുത്ത ദിവസം തന്നെ പാകിസ്താനുമായി രണ്ടാം മത്സരത്തിനിറങ്ങണം എന്നതും ഹോങ്കോങിനെതിരായ മത്സരത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഏഷ്യാകപ്പിനിറങ്ങുന്നത്. തുടര്‍ച്ചയായ ടൂര്‍ണമെന്റുകള്‍ മൂലം സെലക്ടര്‍മാര്‍ ഇന്ത്യന്‍ നായകന് വിശ്രമം അനുവദിക്കുകയായിരുന്നു. കോഹ്‌ലിയെ അമിതമായി ആശ്രയിക്കുന്നെന്ന ചീത്തപ്പേരും ടീമിന് മാറ്റിയെടുക്കാനുള്ള അവസരമാണിത്.

Read Also – സെറീനയെ അധിക്ഷേപിക്കുന്നതാണ് ഈ കാര്‍ട്ടൂണ്‍ എന്നു തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും നേരം വെളുത്തിട്ടില്ല എന്നാണ്

ബാറ്റിങാണ് ഇന്ത്യയുടെ എക്കാലത്തെയും വലിയ ശക്തി. മികച്ച ബാറ്റ്‌സ്മാന്‍മാരുണ്ടെങ്കിലും ഇപ്പോള്‍ ഇന്ത്യക്ക് പ്രശ്‌നങ്ങളുള്ളത് ബാറ്റിങിലാണെന്നതാണ് വാസ്തവം. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണിങ് ബാറ്റിങ് കെട്ടുറപ്പുള്ളതാണ്. ലോകത്തെ മികച്ച രണ്ടു ഓപ്പണര്‍മാരാണ് ഇവരെന്ന് നിസ്സംശയം പറയാം. ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരാകും മധ്യനിരയില്‍ എത്തുക.

അഞ്ചാം സ്ഥാനത്ത് ധോണിയെ ഏതാണ്ടുറപ്പിച്ചിട്ടുണ്ടെങ്കിലും നാലാം നമ്പറിലും ആറാം നമ്പറിലും ആരെയൊക്കെ ഇറക്കുമെന്നതാണ് വലിയ പ്രശ്‌നം. നാലാം നമ്പറില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇപ്പോള്‍ ടീമിലുള്ളവരും ഇല്ലാത്തവരുമായ ഒരുപിടി താരങ്ങളെ ഈ സ്ഥാനത്ത് പരീക്ഷിച്ചിട്ടും ടീം മാനേജ്‌മെന്റിന് കൃത്യമായി ഒരാളിലേക്ക് എത്താനായിട്ടില്ല. കോഹ്ലി ഇല്ലാത്തതിനാല്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഇറങ്ങുന്നവരുടെ പ്രകടനം ടൂര്‍ണമെന്റില്‍ നിര്‍ണായകമാവുകയും ചെയ്യും. ഏഴാം നമ്പറില്‍ ഓള്‍റൗണ്ട് മികവില്‍ ഹാര്‍ദിക് പാണ്ഡ്യ ഉണ്ടെങ്കിലും ആറാം നമ്പറിലും ഇന്ത്യക്ക് ഒരു സ്ഥിരം ബാറ്റ്‌സ്മാനെ കണ്ടെത്താനായിട്ടില്ല. ഈ ടൂര്‍ണമെന്റോടെ മധ്യനിരയില്‍ ഒരു സ്ഥിരം കോമ്പിനേഷന്‍ കണ്ടെത്താനാകുമോ എന്നാണ് ടീം മാനേജ്‌മെന്റും ആരാധകരും ഒരുപോലെ ഉറ്റുനോക്കുന്നത്.

Read Also – ലങ്കാദഹനം : ബംഗ്ലാദേശിന് പിന്നാലെ അഫ്ഗാനിസ്ഥാനോടും തോൽവി ഏഷ്യാകപ്പിൽ നിന്ന് ശ്രീലങ്ക പുറത്ത്

അതേസമയം, ഇന്ത്യയുടെ നിലവിലെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് സുശക്തമാണ്. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും അക്ഷര്‍ പട്ടേലും ഉള്‍പ്പെടുന്ന സ്പിന്‍നിര വൈവിധ്യമുള്ളതാണ്. മൂന്നാം പേസ് ഓപ്ഷനായി ഹാര്‍ദിക് പാണ്ഡ്യ ഉള്ളതിനാല്‍ ഏഷ്യന്‍ സാഹചര്യത്തില്‍ രണ്ടു സ്പിന്നര്‍മാരെ ഇറക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ കുല്‍ദീപ്-ചാഹല്‍ സഖ്യത്തിനാകും ആദ്യ സാധ്യത. പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്ത്യയുടെ സ്‌ട്രൈക്ക് ബൗളര്‍മാരായ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും സുസജ്ജരായി എത്തിയിട്ടുണ്ട്. സമീപകാലത്ത് ടീമിന് കുതിപ്പേകിയത് പേസ് ബൗളിങിലെ ഇവരുടെ സാന്നിധ്യമാണ്. ന്യൂബോളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ അപകടകാരികളാണെന്നതാണ് ഭുവി-ബുംറ കൂട്ടുകെട്ടിന്റെ പ്രത്യേകത. ഷാര്‍ദുല്‍ ഠാക്കൂറും ഖലീല്‍ അഹമ്മദുമാണ് ഇന്ത്യയുടെ മറ്റു പേസ് ഓപ്ഷനുകള്‍. ഷാര്‍ദുലിന് പരിചയസമ്പത്തുണ്ടെങ്കില്‍ ഇരുപതുകാരനായ ഖലീല്‍ അഹമ്മദ് ഇന്ത്യയുടെ പുതിയ കണ്ടുപിടിത്തമാണ്. പേസും സ്വിങും ഒരുപോലെ പ്രദര്‍ശിപ്പിക്കുന്ന ഖലീലിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് താനെന്ന് ആദ്യ മത്സരത്തിന് മുന്നോടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെ പറഞ്ഞുകഴിഞ്ഞു.

2019 ലോകകപ്പ് തയ്യാറെടുപ്പിന്റെ അവസാന ലാപ്പിന്റെ തുടക്കമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏഷ്യാകപ്പ്. ഈ ടൂര്‍ണമെന്റില്‍ ദൗര്‍ബല്യങ്ങള്‍ അടയ്ക്കാനുള്ള ആയുധങ്ങള്‍ ഇന്ത്യക്ക് ലഭിക്കുമോ? കാത്തിരിക്കാം..

Read Also – ബെര്‍ലിനില്‍ ഒരു കെനിയന്‍ ‘കൊടുങ്കാറ്റ്‌’: എലിയൂഡ് കിപ്‌ചോഗിന് പുതിയ മാരത്തോണ്‍ ലോക റെക്കോര്‍ഡ്‌

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍