UPDATES

കായികം

ഏഷ്യകപ്പ് ചരിത്രം : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ ഇങ്ങനെയായിരുന്നു

ഇന്ത്യയും പാക്കിസ്ഥാനും എഷ്യ കപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ആറു തവണ വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു

ഏഷ്യകപ്പ് മത്സരങ്ങളില്‍ നാളെ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ വിജയ സാധ്യത ആര്‍ക്കാണ്. ഇന്ത്യയും പാക്കിസ്ഥാനും എഷ്യ കപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ആറു തവണ ഇന്ത്യ ജയിച്ചപ്പോള്‍ അഞ്ച് പ്രാവശ്യം വിജയം പാക്കിസ്ഥാനൊപ്പമായിരുന്നു. ഇരു ടീമുകളുടെ മികച്ച അഞ്ച് മത്സരങ്ങള്‍ എങ്ങനെയായിരുന്നുവെന്ന് നോക്കാം.

1984/ഏപ്രില്‍ 13, ഇന്ത്യന്‍ ജയം 54 റണ്‍സിന്

1984 ല്‍ യുഎയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പാക്കിസ്ഥാനെ 54 റണ്‍സിന് കീഴ്‌പെടുത്തി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുന്ന ഇന്ത്യ സുരിന്ദര്‍ ഖന്നയുടെയും ഗുലാം പാര്‍ക്കറുടെയും ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 54 റണ്‍സ് ചേര്‍ത്തു. മത്സരത്തില്‍ സുരിന്ദര്‍ ഖന്ന(56) ആയിരുന്നു ടോപ്പ് സ്‌കോറര്‍. സന്ദീപ് പാട്ടീല്‍(43),ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ (36 നോട്ടൗട്ട്) എന്നിവരുടെ കൂട്ടുകെട്ടില്‍ നാലാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. മത്സരത്തില്‍ 46 ഓവറില്‍ നിന്ന് 188/4 എന്ന നിലയില്‍ ഇന്ത്യ ഇന്നിംഗ് പൂര്‍ത്തീകരിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ ലക്ഷ്യം വലുതല്ലായിരുന്നു. പാക്കിസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ മോസിന്‍ ഖാന്റെ വിക്കറ്റില്‍ തുടങ്ങി പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 39.4 ഓവറില്‍ പാക്കിസ്ഥാന്‍ 134 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി റോജര്‍ ബെന്നിയും രവി ശാസ്ത്രിയും ബോളിംഗ് നിരയില്‍ തിളങ്ങി. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. നാല് പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ മത്സരത്തില്‍ റണ്‍ ഔട്ടാകുകയായിരുന്നു.

2008/ ജൂണ്‍ 26  ആറു വിക്കറ്റിന് ഇന്ത്യന്‍ ജയം

ഹോം ഹ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഷൊയ്ബ് മാലിക് ഇന്ത്യന്‍ ബോളിംഗ് നിരയെ കടന്നാക്രമിച്ച് 119 ബോളില്‍ നിന്ന് 125 റണ്‍സ് അടിച്ചു കൂട്ടി. മത്സരത്തില്‍ യൂനീസ് ഖാന്‍ 60 ബോളുകളില്‍ നിന്ന് 59 റണ്‍സ് നേടി. മുഹമ്മദ് യൂസഫ് (30), മിസ്ബ ഉള്‍ ഹഖ് (31 നോട്ടൗട്ട്) ഉള്‍പ്പെടെ പാക്കിസ്ഥാന്‍ 50 ഓവറില്‍ 299/4 റണ്‍സ് നേടി. ഇന്നിംഗ്‌സിന്റെ തുടക്കത്തിലെ ഓപ്പണര്‍ ഗൗതം ഗംഭീറിനെ നഷ്ടമായ ഇന്ത്യ വിരേന്ദര്‍ സേവാഗ്(119), സുരേഷ് റെയ്‌ന( 84) ന്റെ കരുത്തില്‍ 42.1 ഓവറില്‍ വിജയം നേടി. ഇന്ത്യക്ക് വേണ്ടി യുവരാജ് സിംഗ് (48), എം.എസ് ധോനി( 26 നോട്ടൗട്ട്) എന്നിവരും തിളങ്ങി.

ജൂലൈ 2/ 2008 എട്ട് വിക്കറ്റിന് പാക്കിസ്ഥാന്‍ ജയം

ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളിലായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് പാക്കിസ്ഥാന്‍ നേടിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 88 റണ്‍സ് എടുക്കുന്നതിനിടെ ഒപ്പണര്‍മാരായ വിരേന്ദര്‍ സേവാഗിനെയും ഗൗതം ഗംഭീറിനെയും നഷ്ടമായി. ശേഷം എത്തിയ ക്യാപ്റ്റന്‍ എം.എസ് ധോനി(76), രോഹിത് ശര്‍മ്മ(58), ഇര്‍ഫാന്‍ പത്താന്‍ 38 നോട്ടൗട്ട് എന്നിവരുടെ കരുത്തില്‍ 308/ 7 സ്‌കോര്‍ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു വേണ്ടി സല്‍മാന്‍ ബട്ടും, നാസിര്‍ ജംഷീദും നല്ല തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് എട്ട് ഓവറില്‍ 65 റണ്‍സ് അടിച്ചു കൂട്ടി. 43 ബോളുകളില്‍ നിന്ന് ജംഷീദ് 53 റണ്‍സെടുത്തു. പിന്നീടെത്തിയ യൂനീസ് ഖാനും ക്യപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും ചേര്‍ന്ന് 144 റണ്‍സ് കൂട്ടിചേര്‍ത്തു. 27 ബോളുകള്‍ ശേഷിക്കെ മത്സരത്തില്‍ എട്ടു വിക്കറ്റ് ജയം പാക്കിസ്ഥാന്‍ നേടി.

മാര്‍ച്ച് 18/ 2012/  ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം

ഇന്ത്യയും പാക്കിസ്ഥാനും എതിരിട്ടപ്പോള്‍ ഉണ്ടായ ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്. ഇപ്പോഴത്തെ ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഏകദിനത്തിലെ മികച്ച പ്രകടനം ഈ മത്സരത്തിലായിരുന്നു. പാക്കിസ്ഥാന്‍ നല്‍കിയ 330 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യന്‍ നിരയില്‍ 183 റണ്‍സ് നേടി മിന്നും പ്രകടനം കോഹ്‌ലി കാഴ്ചവെച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഓപ്പണര്‍മാരായ മുഹമ്മദ് ഹാഫീസ്, നാസിര്‍ ജൗഷീദ് ഇന്ത്യന്‍ ബോളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 224 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പാക്കിസ്ഥാന് സമ്മാനിച്ചത്. യൂനീസ് ഖാന്റെ മികച്ച ഇന്നിംഗ്‌സ് ഉള്‍പ്പെടെ പാക്കിസ്ഥാന്‍ തങ്ങളുടെ ഇന്നിംഗ്‌സില്‍ 329/6 എന്ന നിലയിലായി. വന്‍ വിജയലക്ഷ്യം കണ്ട് ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സിന്റെ തുക്കത്തിലെ ഗൗതം ഗംഭീറിനെ(0) നഷ്ടമായി. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും വിരാട് കോഹ്‌ലിയുടെയും കൂട്ടുകെട്ടില്‍ 133 റണ്‍സ് ഇന്ത്യക്ക് സമ്മാനിച്ചു. സച്ചിന്‍ മടങ്ങിയ ശേഷം കോഹ്‌ലി രോഹിത് ശര്‍മ്മയുമായി ചേര്‍ന്ന് 172 റണ്‍സ് കൂട്ടുകെട്ടും സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. മത്സരത്തില്‍ ആറു വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ 148 ബോളുകളില്‍ നിന്ന് 22 ഫോറുകളും ഒരു സിക്‌സും അടക്കം 148 ബോളുകളില്‍ നിന്ന് 183 റണ്‍സായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്.

മാര്‍ച്ച് 2 / 2014 പാക്കിസ്ഥാന്‍ ജയം ഒരു വിക്കറ്റിന്

ടോസ് നേടി ഇന്ത്യയെ പാക്കിസ്ഥാന്‍ ബാറ്റിംഗിനയക്കുകയായിരുന്നു. പാക്ക് ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന്റെ തീരുമാനം ശരിവെയ്ക്കുന്ന തരത്തിലായിരുന്നു പാക്കിസ്ഥാന്‍ ബോളിംഗ് നിരയുടെ പ്രകടനം. ഇന്നിംഗ്‌സിന്റെ തുടക്കത്തിലെ തന്നെ ശിഖര്‍ ധവാന്റെയും വിരാട് കോഹ്‌ലിയുടെയും വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി രോഹിത് ശര്‍മ്മയുടെയും, അമ്പട്ടി റായ്ഡുവിന്റെയും രവിന്ദ്ര ജഡേജയുടെയും അര്‍ധസെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ 245 ന് എട്ട് എന്ന സുരക്ഷിത നിലയിലെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ തങ്ങളുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 71 റണ്‍സ് നേടി. 246 റണ്‍സ് പിന്‍തുടരുന്ന ടീമിന് വലിയ അടിത്തറ ആയിരുന്നു ഇത്. ഇന്ത്യ സ്പിന്നര്‍മാരായ അമിത് മിശ്ര, രവിചന്ദ്രന്‍ അശ്വന്‍ എന്നിവര്‍ ഇന്ത്യന്‍ ബോളിംഗ് നിരയുടെ മുന്നില്‍ നിന്ന് വിക്കറ്റുകള്‍ പിഴുതു. 22.4 ഓവറില്‍ 113 എന്ന നിലയിലായി പാക്കിസ്ഥാന്‍. ബാറ്റിംഗ് നിരയില്‍ ഒരു വശത്തു കൂടി വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോള്‍ മുഹമ്മദ് ഹാഫീസ് 75 റണ്‍സെടുത്തു പിടിച്ചു നിന്നു. പിന്നിടെത്തിയ ഷഹീദ് അഫ്രിദി 18 ബോളില്‍ നിന്ന് 34 റണ്‍സെടുത്ത് വെടികെട്ട് ബാറ്റിംഗ് കാഴ്ചവെക്കുകയായിരുന്നു. ആര്‍ അശ്വിനെ തുടര്‍ച്ചയായ രണ്ട് ബോളുകളില്‍ സിക്‌സര്‍ പറത്തി പാക്കിസ്ഥാന്‍ വിജയം തട്ടിയെടുക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍