UPDATES

കായികം

മങ്കാദിങ് വിവാദത്തില്‍ വിശദീകരണവുമായി അശ്വിന്‍; ഗെയിലിന്റെ മാന്യത അശ്വിനില്ലാതെ പോയെന്ന് ആരാധകര്‍

മത്സരത്തില്‍ 14 റണ്‍സിനായിരുന്നു കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ജയം.

ഐപിഎലില്‍ രാജസ്ഥാന്‍ ബാറ്റ്സ്മാന്‍ ജോസ് ബട്ട്ലറെ പുറത്താക്കിയ മങ്കാദിങ് വിവാദത്തില്‍ വിശദീകരണവുമായി കിങ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിന്‍. ക്രിക്കറ്റിന്റെ മാന്യത ഇല്ലാതാക്കുന്ന പ്രവൃത്തിയാണ് താരത്തിന്റേതെന്നാണ് വിമര്‍ശനം.

എന്നാല്‍ സംഭവത്തെ കുറിച്ച് രവിചന്ദ്ര അശ്വിന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. കരുതിക്കൂട്ടിയായിരുന്നില്ല ആ വിക്കറ്റെടുത്തതെന്ന് അശ്വിന്‍ പറയുന്നു. പന്തെറിയുന്നതിന് മുമ്പെ ബട്ട്ലര്‍ ക്രീസ് വിട്ടിരുന്നു, അദ്ദേഹം അക്കാര്യം ശ്രദ്ധിക്കുന്നുപോലുമില്ലായിരുന്നു, ക്രിക്കറ്റിന്റെ നിയമത്തിനുള്ളിലുള്ള പ്രവൃത്തിയാണിതെന്നും അതിനെ മറ്റു തലങ്ങളിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ലെന്നും അശ്വിന്‍ പറഞ്ഞു. മത്സര ശേഷം മാധ്യമങ്ങള്‍ക്ക് മുന്നി
ലാണ്  അശ്വിന്‍ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്.

മത്സരത്തില്‍ 14 റണ്‍സിനായിരുന്നു കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ജയം. 69 റണ്‍സാണ് ബട്ട്ലര്‍ നേടിയത്. അശ്വിന്‍ എറിഞ്ഞ 13ാം ഓവറിലാണ് സംഭവം.നോണ്‍ സ്‌ട്രൈക്കിങ് ക്രീസില്‍ നിന്നു കയറിയ ജോസ് ബട്ലറെ അശ്വിന്‍ റണ്ണൗട്ടാക്കുകയായിരുന്നു.എന്നാല്‍ ഇത്തരത്തില്‍ തന്റെ വിക്കറ്റെടുത്തതിലുള്ള രോഷം പ്രകടിപ്പിച്ചാണ് ബട്ട്‌ലര്‍ കളം വിട്ടത്.

അതേസമയം 2012 ലെ ഐസിസി ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മങ്കാദിങിലൂടെ ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ അവസരം ഉണ്ടായിട്ടും കരീബിയന്‍ താരം ക്രിസ് ഗെയില്‍ മുന്നറിയിപ്പ് മാത്രമാണ് നല്‍കിയത്. മത്സരത്തില്‍ 13 ാം ഓവര്‍ ചെയ്യാന്‍ വന്ന ഗെയിലിന് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന ഇംഗ്ലണ്ട് താരം മോര്‍ഗനെ പുറത്താക്കാന്‍ അവസരം ഉണ്ടായിട്ടും വാണിംഗ് നല്‍കുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മത്സരത്തില്‍ ഇംഗ്ലണ്ട് 15 റണ്‍സിന് പരാജയപ്പെട്ടിരുന്നു. അശ്വിന്റെ പ്രവൃത്തി മാന്യതയില്ലാത്തതായെന്നും ക്രിസ് ഗെയിലിനെ കണ്ട് പഠിക്കണമെന്നുമാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍