UPDATES

കായികം

പത്ത് റണ്‍സിന് പുറത്തായ ഓസ്‌ട്രേലിയന്‍ ടീം; ലോകത്തിന് മുന്നില്‍ നാണം കെട്ടു

20 ഓവര്‍ മല്‍സരത്തില്‍ വെറും 62 പന്തില്‍ തന്നെ സൗത്ത് ഓസ്ട്രേലിയന്‍ ടീമിന്റെ ഇന്നിങ്സ് അവസാനിച്ചിരുന്നു.

ലോകക്രിക്കറ്റില്‍  വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റില്‍  77 റണ്‍സെന്ന കുറഞ്ഞ സ്‌കോറില്‍ ഇംഗ്ലണ്ട് പുരുഷ ടീം പുറത്തായ നാണക്കേടിന് ശേഷം ഇതാ വനിതാ ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ വനിതാ ടീമിനും നാണക്കേട്. ദേശീയ ഇന്‍ഡിജെനസ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ സൗത്ത് ഓസ്ട്രേലിയന്‍ വനിതാ ടീമാണ് വെറും 10 റണ്‍സിന് പുറത്തായത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുകയാണ്. എക്സ്ട്രായായി ലഭിച്ച ആറ് റണ്‍സാണ് ടീമിന്റെ ഉയര്‍ന്ന സ്‌കോറെന്നത് അവര്‍ക്കേറ്റ മറ്റൊരു ആഘാതമാണ്. 10 താരങ്ങളും അക്കൗണ്ട് തുറക്കാനാവാതെയാണ് ക്രീസ് വിട്ടത്. ട്വന്റി20 മല്‍സരത്തില്‍ ന്യൂ സൗത്ത് വെയ്ല്‍സ് ടീമിനോടാണ് സൗത്ത് ഓസ്ട്രേലിയന്‍ ടീമിന് ഇത്രയും വലിയ ദുരന്തം നേരിടേണ്ടി വന്നത്.

നാലു റണ്‍സെടുത്ത ഓപ്പണര്‍ ഫെബി മാന്‍സെലാണ് സൗത്ത് ഓസ്ട്രേലിയന്‍ നിരയില്‍ ബാറ്റിങില്‍ അക്കൗണ്ട് തുറന്ന ഏകതാരം. ശേഷിച്ച 10 പേരും വന്നതും പോയതും പെട്ടെന്നായിരുന്നു. റൊക്സേന്‍ വാന്‍ വീനിന്റെ അവിശ്വസനീയ ബൗളിങ് പ്രകടനമാണ് സൗത്ത് ഓസ്ട്രേലിയയെ തരിപ്പണമാക്കിയത്. രണ്ടോവറില്‍ ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റാണ് താരം കൊയ്തത്. രണ്ടു പന്തില്‍ രണ്ടു വിക്കറ്റുമായി നവോമി വുഡ്സും കസറി. 20 ഓവര്‍ മല്‍സരത്തില്‍ വെറും 62 പന്തില്‍ തന്നെ സൗത്ത് ഓസ്ട്രേലിയന്‍ ടീമിന്റെ ഇന്നിങ്സ് അവസാനിച്ചിരുന്നു. മറുപടിയില്‍ 15 പന്തില്‍ 11 റണ്‍സെടുത്ത് ന്യൂ സൗത്ത് വെയ്ല്‍സ് ടീം വിജയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍