UPDATES

ട്രെന്‍ഡിങ്ങ്

മുരളിയേയും കരുണിനേയും ഒഴിവാക്കിയതിന് പിന്നില്‍ ടീം സെലക്ഷനില്‍ ദക്ഷിണേന്ത്യന്‍ താരങ്ങളെ തഴയുന്ന ലോബി കളി?

സെലക്ഷന്‍ കമ്മിറ്റിയ്ക്ക് എതിരെയും ടീം മാനേജ്‌മെന്റിനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായാണ് ബിസിസിഐ മുന്‍ ചീഫ് സെലക്ടര്‍ കൂടിയായ സെയ്യിദ് കിര്‍മാണി രംഗത്തെത്തിയത്.

Avatar

അമീന്‍

ഇന്ത്യന്‍ ടീം സെലക്ഷനില്‍ വീണ്ടും വിവാദം പുകയുന്നു. തമിഴ്‌നാട് ഓപ്പണര്‍ മുരളി വിജയെയും പാതിമലയാളിയും കര്‍ണാടക താരവുമായ കരുണ്‍ നായരെയും ടീമില്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ചാണ് പുതിയ വിവാദം. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഉണ്ടാവുകയും രണ്ടെണ്ണത്തില്‍ കളിക്കുകയും ചെയ്ത മുരളി വിജയിയെ പിന്നീടുള്ള രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കരുണ്‍ നായരാകട്ടെ അഞ്ചു ടെസ്റ്റുകള്‍ക്കുമുള്ള ടീമിലും ഉണ്ടായിട്ടും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചതുമില്ല. മാത്രമല്ല രണ്ടു പേരെയും ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന വെസ്റ്റിന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയിലേക്ക് പരിഗണിച്ചതുമില്ല. ടീമില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് സെലക്ടര്‍മാര്‍ തങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് താരങ്ങളും സംസാരിച്ചിരുന്നുവെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദും രംഗത്തെത്തിയതോടെയാണ് ടീം സെലക്ഷന്‍ സംബന്ധിച്ച വിവാദം തലപൊക്കിയത്. ഇതോടെ, കാലങ്ങളായി നിലനില്‍ക്കുന്ന ദക്ഷിണേന്ത്യന്‍ താരങ്ങള്‍ക്ക് എതിരായ വിവേചനമാണ് ടീം ഇന്ത്യ സെലക്ഷനില്‍ കാണുന്നതെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.

ഇംഗ്ലണ്ടിലെ മോശം പ്രകടനമാണ് മുരളി വിജയ്ക്ക് ടെസ്റ്റ് ടീമിന് പുറത്തേക്കുള്ള വഴി തുറന്നത്. ആദ്യ ടെസ്റ്റില്‍ 20, 6 എന്നിങ്ങനെയായിരുന്നു വിജയുടെ സ്‌കോറുകളെങ്കില്‍ രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഡെക്കായി. എന്നാല്‍, ഈ രണ്ടു മത്സരങ്ങളിലും കോഹ്ലി ഒഴികെയുള്ള മറ്റ് ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെയും പ്രകടനം ആശാവഹമായിരുന്നില്ല എന്നതാണ് വാസ്തവം. രണ്ടു മത്സരങ്ങളും കളിച്ച ലോകേഷ് രാഹുല്‍ (4, 13; 8, 10), അജിങ്ക്യ രഹാനെ (15, 2; 18, 13) എന്നിവരുടെ സ്‌കോറുകള്‍ ഇങ്ങനെയാണ്. രണ്ടാം ടെസ്റ്റില്‍ കളിച്ച ചേതേശ്വര്‍ പൂജാര 1, 17 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. ആദ്യ ടെസ്റ്റില്‍ 26, 13 എന്നീ സ്‌കോറുകള്‍ക്ക് പുറത്തായ ശിഖര്‍ ധവാന് രണ്ടാം ടെസ്റ്റില്‍ അവസരം നഷ്ടമായെങ്കിലും പിന്നീടുള്ള മൂന്ന് ടെസ്റ്റുകളിലും കളിക്കാനായി. എന്നിട്ടും ഒരു അര്‍ധസെഞ്ച്വറി പോലുമില്ലാതെ മടങ്ങേണ്ടി വന്നതിനെ തുടര്‍ന്നാണ് ഈ ഡല്‍ഹി താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായത്.

തുടര്‍ച്ചയായി അവസരം ലഭിച്ച ലോകേഷ് രാഹുലിനും നാലാം ടെസ്റ്റുവരെ കാര്യമായൊന്നും ചെയ്യാനായില്ല. എട്ടിന്നിങ്‌സുകളില്‍ 36 റണ്‍സായിരുന്നു രാഹുലിന്റെ ഉയര്‍ന്ന സ്‌കോര്‍. രണ്ടു മാസത്തിലേറെ ഇംഗ്ലീഷ് സാഹചര്യത്തില്‍ ചെലവിട്ട ശേഷം അവസാന ടെസ്റ്റിലാണ് രാഹുലിന് കാര്യമായെന്തെങ്കിലും ചെയ്യാനായത്. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയോടെ മികച്ച പ്രകടനം കാഴ്ചവെച്ച രാഹുലിന് വീന്‍ഡീസ് പരമ്പരയിലും അവസരം ലഭിച്ചെങ്കിലും ഇംഗ്ലണ്ടില്‍ തുടര്‍ച്ചയായി ഇന്‍സ്വിങ് ബൗളുകളില്‍ എല്‍ബിഡബ്ല്യുവിലോ ബൗള്‍ഡായോ പുറത്താകുന്ന സാങ്കേതിക പിഴവ് രാഹുല്‍ വീണ്ടുമാവര്‍ത്തിച്ചു. രാജ്‌കോട്ടില്‍ ഇന്ത്യ 649 റണ്‍സ് അടിച്ചുകൂട്ടിയ പിച്ചില്‍ രാഹുല്‍ സംപൂജ്യനായാണ് മടങ്ങിയത്. അതേസമയം, ഇംഗ്ലണ്ടില്‍ രണ്ടാം ടെസ്റ്റിനു ശേഷം ടീമില്‍ നിന്ന് പുറത്തായ മുരളി വിജയാകട്ടെ അവിടെ കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു. ടീമില്‍ നിന്ന് പുറത്താക്കിയിരുന്നില്ലായിരുന്നെങ്കില്‍ വിജയ്ക്ക് കൗണ്ടിയില്‍ മികച്ച പ്രകടനം നടത്താനാകുമായിരുന്നില്ല എന്നു പറഞ്ഞാണ് ഒരു ബിസിസിഐ ഒഫീഷ്യല്‍ ഇതിനെ ന്യായീകരിച്ചത്!

റൊട്ടി വിൽപ്പനക്കാരനിൽ നിന്നും ക്രിക്കറ്റിന്റെ നെറുകയിലേക്ക്; ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ താരോദയം

അഫ്ഗാനിസ്ഥാന് എതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് മത്സരം മുതല്‍ പുറത്തിരുന്ന കരുണ്‍ നായകര്‍ക്കാകട്ടെ തുടര്‍ച്ചയായി ആറു ടെസ്റ്റുകളില്‍ സൈഡ് ബെഞ്ചിലിരുന്ന ശേഷമാണ് ടീമില്‍ നിന്ന് സ്ഥാനം നഷ്ടമാകുന്നത്. 2017 മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്ക് എതിരെയാണ് ഈ മധ്യനിര ബാറ്റ്‌സ്മാന്‍ അവസാനം അന്താരാഷ്ട്ര ടെസ്റ്റ് കളിച്ചത്. വീരേന്ദര്‍ സെവാഗിനു ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കരുണ്‍. 2016 നവംബറില്‍ അരങ്ങേറിയ കരുണിന് ഇതുവരെ കളിക്കാനായത് ആറു ടെസ്റ്റുകളില്‍ മാത്രം. 62.33 ശരാശരിയും 73.91 സ്‌ട്രൈക്ക് റേറ്റും ഉണ്ടെങ്കിലും തുടര്‍ച്ചയായി കളിക്കാന്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന അവസരം ഈ ഇരുപത്താറുകാരന് ഇതുവരെ ലഭിച്ചിട്ടില്ല. പലപ്പോഴും ടീമില്‍ പകരക്കാരനായി മാത്രമെത്തുന്നതിന്റെ സമ്മര്‍ദ്ദം കരുണിന്റെ കളിയിലും പ്രതിഫലിക്കുന്നു. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കരുണിന് അവസരം ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍, താരതമ്യേന പരിചയസമ്പന്നനും സാങ്കേതിക തികവുമുള്ള കരുണിന് പകരം ഹനുമ വിഹാരിയ്ക്ക് ആദ്യ ടെസ്റ്റ് കളിക്കാനുള്ള അവസരം നല്‍കുകയായിരുന്നു ടീം മാനേജ്‌മെന്റ്.

ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. കരുണിന് പകരം വിഹാരിക്ക് അവസരം നല്‍കിയത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു ഗവാസ്‌കറുടെ പ്രതികരണം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും സമാനമായ പ്രതികരണമാണ് നടത്തിയത്. കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാവുമായിരുന്ന വെസ്റ്റീന്‍ഡീസിന് എതിരായ പരമ്പരയിലും കരുണിന് അവസരം ലഭിക്കാതായതോടെ കൂടുതല്‍ പേര്‍ ടീം സെലക്ഷനില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ടീം സെലക്ഷനില്‍ വ്യത്യസ്ത താരങ്ങള്‍ക്ക് വ്യത്യസ്ത ‘അളവുകോലുകളാ’ണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് തുറന്നടിച്ചത്.

എന്നാല്‍, സെലക്ഷന്‍ കമ്മിറ്റിയ്ക്ക് എതിരെയും ടീം മാനേജ്‌മെന്റിനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായാണ് ബിസിസിഐ മുന്‍ ചീഫ് സെലക്ടര്‍ കൂടിയായ സെയ്യിദ് കിര്‍മാണി രംഗത്തെത്തിയത്. എംഎസ്‌കെ പ്രസാദ് നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ കുറഞ്ഞ പരിചയമേ ഉള്ളൂവെന്നും ടീം കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പറയുന്നത് അനുസരിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത് എന്നുമാണ് ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗവുമായ കിര്‍മാണി പറഞ്ഞത്. രവി ശാസ്ത്രിയാണ് ചീഫ് സെലക്ടറെന്നാണ് തനിയ്ക്ക് തോന്നുന്നതെന്നും കിര്‍മാണി വ്യക്തമാക്കി.

സച്ചിനേക്കാള്‍ വലിയ പ്രതിഭയെന്ന് വാഴ്ത്തപ്പെട്ട കാംബ്ലിയുടെ കരിയര്‍ മറക്കരുത്; പ്ലീസ്, പ്രശംസിച്ച് നശിപ്പിക്കരുത് പൃഥ്വി ഷായെ

സെലക്ഷന്‍ കമ്മിറ്റിയില്‍ പത്തു ടെസ്റ്റുകള്‍ കളിച്ച ഒരാള്‍ പോലുമില്ല എന്നതാണ് വാസ്തവം. ആറു ടെസ്റ്റുകളും 17 ഏകദിനങ്ങളും കളിച്ചിട്ടുള്ള ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദാണ് ഏറ്റവും അന്താരാഷ്ട്ര പരിചയമുള്ളയാള്‍. നാലു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും കളിച്ചിട്ടുള്ള ദേവാങ് ഗാന്ധിയും മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുള്ള ശരണ്‍ദീപ് സിങുമാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. ഇവര്‍ക്ക് പരിചയസമ്പന്നരായ ശാസ്ത്രിയോടും കോഹ്ലിയോടും പിടിച്ചുനില്‍ക്കാനുള്ള കരുത്തില്ലെന്നാണ് കിര്‍മാണി ചൂണ്ടിക്കാണിക്കുന്നത്.

ഇതിനിടെയാണ് ടീമില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് താരങ്ങളുമായി സംസാരിച്ചിട്ടില്ലെന്ന വിവാദം പുതിയ മാനത്തിലേക്ക് കടക്കുന്നത്. തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് കരുണ്‍ നായരും മുരളി വിജയും പറഞ്ഞതിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റി അംഗം ദേവാങ് ഗാന്ധി താരങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ എന്തുകൊണ്ടാണ് ഇല്ലെന്ന് പറഞ്ഞതെന്ന് അറിയില്ലെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞിരുന്നു. എന്നാല്‍, പ്രസാദിന്റെ ഈ വാദം തെറ്റാണെന്ന വിവരമാണ് ഇപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളില്‍ നിന്നും പുറത്തുവരുന്ന വിവരം. പിടിഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികളും ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഒരു പരമ്പരയ്ക്ക് ശേഷം 30 ദിവസം കഴിഞ്ഞേ കളിക്കാര്‍ അതേക്കുറിച്ച് പ്രസ്താവന നടത്താവൂ എന്ന സാങ്കേതികത കാണിച്ച് താരങ്ങള്‍ക്കെതിരെ നടപടിയ്ക്ക് മുതിരുന്നതായും സൂചനകളുണ്ട്.

എന്തായാലും, ടീം സെലക്ഷനിലെ സുതാര്യത സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഒരുപറ്റം താരങ്ങളില്‍ നിന്നും ഏറ്റവും മികച്ചവരെ തിരഞ്ഞെടുക്കുക ദുഷ്‌കരമായ ജോലി തന്നെയാണ്. എന്നാല്‍, അതേക്കുറിച്ച് വിശദീകരിക്കാന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് ബാധ്യതയുണ്ട്. ടീം തിരഞ്ഞെടുപ്പ് കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണെങ്കില്‍ അതത്ര ദുഷ്‌കരമാവില്ല. വിശദീകരണങ്ങള്‍ക്ക് പകരം മുടന്തന്‍ ന്യായങ്ങളും അര്‍ധസത്യങ്ങളും നുണകളുമാണ് പറയുന്നതെങ്കില്‍ ടീം തിരഞ്ഞെടുപ്പില്‍ സുതാര്യത വരുത്താന്‍ എംഎസ്‌കെ പ്രസാദിനും സംഘത്തിനും കുറച്ച് വിയര്‍ക്കേണ്ടിവരും.

അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ ഈ പ്രിഥ്വി ഷാ, ‘വന്‍മതില്‍’ വളര്‍ത്തിയ പയ്യനാണ്!

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍