UPDATES

കായികം

ഓസീസിന്റെ നടുവൊടിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍; ഒന്നാം ഇന്നിംഗ്‌സില്‍ 151 ന് കംഗാരുപ്പട ഓള്‍ഔട്ട്

15.5 ഓവറില്‍ നാലു മെയ്ഡനടക്കം 33 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറയുടെ ആറു വിക്കറ്റ് നേട്ടം.

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 443 റണ്‍സ് ലക്ഷ്യമാക്കി ഇറങ്ങിയ ഓസീസിന് കൂട്ടതകര്‍ച്ച. 151 റണ്‍സിന്  എല്ലാവരും പുറത്തായി. ഇന്ത്യയുടെ ബോളിംഗ് കരുത്തില്‍ ഓസീസ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. 292 റണ്‍സിന്റെ മികച്ച ലീഡാണ് ഇതോടെ ഇന്ത്യക്കു ലഭിച്ചത്. ആറ് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുമാണ് ഓസീസിനെ തകര്‍ത്തത്. 15.5 ഓവറില്‍ നാലു മെയ്ഡനടക്കം 33 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറയുടെ ആറു വിക്കറ്റ് നേട്ടം. മൂന്നാം ദിവസം ആദ്യ സെസഷനില്‍ തന്നെ ഓസീസിന് നാല് വിക്കറ്റ് നഷ്ടമായി. ലഞ്ചിന് ശേഷം രണ്ട് വിക്കറ്റുകള്‍ പോയതോടെ ഓസീസ് പ്രതിരോധത്തിലായിരുന്നു.

വിക്കറ്റ് നഷ്ടമില്ലാതെ എട്ട് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് സ്‌കോര്‍ 24ല്‍ എത്തിനില്‍ക്കെ ഫിഞ്ചിനെ നഷ്ടമായി. ഇശാന്ത് ശര്‍മയെ ലെഗ് സൈഡില്‍ ഫ്ളിക്ക് ചെയ്യാനുള്ള ശ്രമം ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളിന്റെ കൈകളിലെത്തിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ സഹഓപ്പണര്‍ ഹാരിസും മടങ്ങി. ബുംറയെ ഹുക്ക് ചെയ്ത ഹാരിസിന് പിഴച്ചു. ബൗണ്ടറി ലൈനില്‍ ഇശാന്ത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ ഖവാജ ജഡേജയ്ക്ക് വിക്കറ്റ് നല്‍കി. ജഡേജയുടെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമം ബാറ്റില്‍ ഷോര്‍ട്ട് ലെഗില്‍ മായങ്കിന്റെ കൈകളിലേക്ക്. ലഞ്ചിന് തൊട്ട് മുമ്പ് നല്ല രീതിയില്‍ കളിച്ചിക്കൊണ്ടിരിക്കുകയായിരുന്ന മാര്‍ഷിനെയും ഓസീസിന് നഷ്ടമായി. ബുംറയുടെ ഒരു സ്ലോവറില്‍ മാര്‍ഷ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതോടെ ലഞ്ചിന് പിരിയുകയായിരുന്നു. ശേഷം ബാറ്റിംഗ് പുനരാരംഭിച്ചെങ്കിലും ഓസീസിന് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല.

ലഞ്ചിന് ശേഷം തുടക്കത്തില്‍ തന്നെ ബുംറ ആദ്യ പ്രഹരമേല്‍പ്പിച്ചു. ബുംറയുടെ ഒരു പേസി യോര്‍ക്കറില്‍ ട്രാവിസ് ഹെഡിന്റെ (20) വിക്കറ്റ് തെറിച്ചു. പീറ്റര്‍ ഹാന്‍ഡ്സ്‌കോംബിന് പകരമെത്തിയ മിച്ചല്‍ മാര്‍ഷിനും പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. ജഡേജയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു മിച്ചല്‍ മാര്‍ഷ്. എട്ട് റണ്‍ മാത്രമായിരുന്നു ഓള്‍റൗണ്ടറുടെ സമ്പാദ്യം. പാറ്റ് കമ്മിന്‍സാണ് മാര്‍ഷിന് പകരം ക്രീസിലെത്തിയത്. 47 പന്തുകള്‍ താരം ചെറുത്തുനിന്നെങ്കിലും മുഹമ്മദ് ഷമിക്ക് കീഴടങ്ങി. 17 റണ്‍ മാത്രമെടുത്ത കമ്മിന്‍സ് ഷമിയുടെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങി. നേരത്തെ, ഇന്ത്യ ഒന്നാം ഇന്നിങ്സ് ഏഴിന് 443ന് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പൂജാര (106), വിരാട് കോലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63*) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍