UPDATES

കായികം

15 ദിവസം കരഞ്ഞു തീര്‍ത്തു; കരിയറില്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ഇഷാന്ത് ഷര്‍മ്മ

പരിമിത ഓവര്‍ മത്സരങ്ങളില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതില്‍ താരം പരാജയപ്പെട്ടു.

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായിരുന്നു ഇഷാന്ത് ഷര്‍മ്മ. എല്ലാ ഫോര്‍മാറ്റിലും ടീമില്‍ സജീവമായിരുന്നു താരം. എന്നാല്‍ ഇപ്പോള്‍ താരം സ്ഥിരമായി സാനിധ്യം അറിയിക്കുന്നത് ടെസ്റ്റില്‍ മാത്രമാണ്. ടെസ്റ്റില്‍ ഇന്ത്യയുടെ ന്യൂബോള്‍ ബൗളിങ് ആക്രമണത്തിന് മുന്നില്‍ നില്‍ക്കുന്നതും ഇഷാന്ത് തന്നെയാണ്. എന്നാല്‍ കരിയറിലെ ചില പരാജയങ്ങള്‍ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 2013ലെ ആ സംഭവം തന്നെ ഇപ്പോഴും വേട്ടയാടുന്നതായി പേസര്‍ പറയുന്നു.

2013ല്‍ ഓസ്ട്രേലിയക്കെതിരേ മൊഹാലിയില്‍ നടന്ന ഏകദിന മല്‍സരമാണ് തന്നെ നിരന്തരം അസ്വസ്ഥപ്പെടുത്തന്നത് എന്ന് ഇഷാന്ത് പറഞ്ഞു. ഇന്ത്യയും ഓസീസും തമ്മിലുള്ള ഏഴു മല്‍സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ കളിയായിരുന്നു അത്. പരമ്പരയില്‍ ഇരുടീമും ഓരോ മല്‍സരം വീതം ജയിച്ച് അപ്പോള്‍ 1-1ന് ഒപ്പമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എംഎസ് ധോണിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ ഒമ്പതു വിക്കറ്റിന് 303 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോര്‍ നേടിയിരുന്നു. മറുപടി ബാറ്റിങില്‍ ഇന്ത്യന്‍ ബൗളിങ് നിര ഉജ്ജ്വലമായാണ് പന്തെറിഞ്ഞത്. 41.1 ഓവര്‍ കഴിയുമ്പോള്‍ ഓസീസ് ആറു വിക്കറ്റിന് 213 റണ്‍സെന്ന നിലയിലായിരുന്നു. മല്‍സരം ജയിച്ച് ഇന്ത്യ 2-1ന് പരമ്പരയില്‍ മുന്നിലെത്തുമെന്ന് ഏവരും ഉറപ്പിച്ചിരിക്കവെയാണ് കളി മാറി മറിഞ്ഞത്. ഓള്‍റൗണ്ടര്‍ ജെയിംസ് ഫോക്നറുടെ അവിശ്വസനീയ ഇന്നിങ്സ് കളി ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തു. വെറും 29 പന്തില്‍ 64 റണ്‍സാണ് പുറത്താവാതെ താരം അടിച്ച് കൂട്ടിയത്.

ഇഷാന്ത് എറിഞ്ഞ 48ാമത്തെ ഓവറാണ് കളിയില്‍ വഴിത്തിരിവായത്. ഈ ഓവറില്‍ 30 റണ്‍സാണ് ഫോക്നര്‍ വാരിക്കൂട്ടിയത്. ആദ്യ പന്തില്‍ ബൗണ്ടറിയും രണ്ടും മൂന്നും പന്തുകളില്‍ ഫോക്നര്‍ സിക്സറും പറത്തി. നാലാമത്തെ പന്തില്‍ രണ്ട് റണ്‍സ്. അവസാന രണ്ടു പന്തിലും സിക്സര്‍ പായിച്ചാണ് ഫോക്നര്‍ ഓവര്‍ അവസാനിപ്പിച്ചത്. ഇഷാന്തിന്റെ ഓവറില്‍ അടിച്ചു കൂട്ടിയ റണ്‍സിന്റെ മികവില്‍ കളിയില്‍ ഓസീസ് നാലു വിക്കറ്റിന് ജയിക്കുകയും ചെയ്തു.

ഫോക്നറുടെ അന്നത്തെ പ്രഹരം മാനസികമായി തന്നെ തളര്‍ത്തിയതായി ഇഷാന്ത് വെളിപ്പെടുത്തുന്നു. കളിക്കളത്തില്‍ എല്ലായ്പ്പോഴും കഴിവിന്റെ പരമാവധി പുറത്തെടുക്കാനാണ് താന്‍ ശ്രമിക്കാറ്. താന്‍ കാരണം അന്ന് ഇന്ത്യ മല്‍സരത്തില്‍ പരാജയമേറ്റു വാങ്ങി. ഇതേക്കുറിച്ചോര്‍ത്ത് ഒരു ദിവസമല്ല, 15 ദിവസത്തോളമാണ് താന്‍ കരഞ്ഞതെന്ന് ഇഷാന്ത് പറഞ്ഞു. അന്നു ഭാര്യ പ്രതിമ സിങിന്റെയും സുഹൃത്തുക്കളുടെയും ഇടപെടലാണ് തന്നെ നിരാശയില്‍ നിന്നും കരയകറ്റിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇഷാന്ത് ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പ്രധാന ഘാടകമാണ്. എന്നാല്‍ പരിമിത ഓവര്‍ മത്സരങ്ങളില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതില്‍ താരം പരാജയപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍