UPDATES

കായികം

ഐപിഎലിലെ അപകടകാരിയായ ബാറ്റ്‌സ്മാനെ കുറിച്ച് ഡല്‍ഹിയുടെ സൂപ്പര്‍ ബൗളര്‍ പറയുന്നു

ഡല്‍ഹി ഇത്തവണ കിരീടമുയര്‍ത്തുമെന്ന് താന്‍ കരുതുന്നതായും റബാഡ പറഞ്ഞു.

ഐപിഎലിന്റെ പന്ത്രണ്ടാം സീസണില്‍ ഇതുവരെയുള്ള പ്രകടനം വെച്ച് നോക്കിയാല്‍ മികച്ച ബൗളര്‍ ആരെന്ന് ചോദിച്ചാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ എന്നാകും ഉത്തരം. നിലവില്‍ ഈ സീസണ്‍ ഐപിഎല്ലിലെ വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന ബോളറാണ് റബാഡ. 12 മത്സരങ്ങളില്‍ 25 വിക്കറ്റുകള്‍ വീഴ്ത്തി കഴിഞ്ഞ റബാഡയുടെ മികവില്‍ ഡല്‍ഹി ഇത്തവണ പ്ലേ ഓഫില്‍ പ്രവേശിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ സീസണില്‍ താന്‍ നേരിട്ട ബാറ്റ്‌സമാന്‍മാരില്‍ ഏറ്റവും അപകടകാരി ആരെന്ന് വെളിപ്പടുത്തുകയാണ് താരം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസലാണ് ഈ സീസണിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനെന്ന് റബാഡ പറഞ്ഞു. റസലിനെതിരെ പന്തെറിയുന്നത് വളരെ പ്രയാസമേറിയ കാര്യമാണെന്നും റബാഡ് പറഞ്ഞു. സീസണില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് തോന്നിച്ച ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് റബാഡയുടെ മറുപടി ഇങ്ങനെ ആയിരുന്നു. ‘ എന്റെ അഭിപ്രായത്തില്‍ അത് ആന്ദ്രെ റസലാണ്, അതിശയകരമായ പ്രകടനമാണ് ഇത്തവണ അദ്ദേഹം ബാറ്റിംഗില്‍ കാഴ്ച വെക്കുന്നത്. ലോകത്തെത്തന്നെ പിടിച്ചുകുലുക്കിയ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. നേരിടുന്ന ഏത് പന്തും സിക്‌സറടിക്കാന്‍ മികവുള്ള താരമാണ് റസല്‍. ഈസീസണിലെ അദ്ദേഹത്തിന്റെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ അതിന് തെളിവാണ്. ഇത്ര മാരകമായി പന്തിനെ പ്രഹരിപ്പിക്കുന്നവര്‍ക്കെതിരെ ബോളെറിയുക വളരെ ബുദ്ധിമുട്ടാണ്. ‘ റബാഡ പറഞ്ഞുനിര്‍ത്തി.

അതേസമയം പുറം വേദനയെത്തുടര്‍ന്ന് ചെന്നൈസൂപ്പര്‍ കിംഗ്‌സിനെതിരായ അവസാന മത്സരത്തില്‍ നിന്ന് വിട്ടുനിന്ന റബാഡയെ ക്രിക്കറ്റ് സൗത്താഫ്രിക്ക നാട്ടിലേക്ക് വിളിച്ചിരിക്കുകയാണ്. ഇതോടെ ക്യപിറ്റല്‍സിന് ബൗളിംഗ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ച താരത്തെ നഷ്ടമാകും. പ്ലേ ഓഫ് അടുത്തെത്തി നില്‍ക്കേ ഡല്‍ഹി ടീമില്‍ നിന്ന് മടങ്ങേണ്ടിവന്നത് അത്യന്തം നിരാശാജനകമാണെന്നും, ഡല്‍ഹി ഇത്തവണ കിരീടമുയര്‍ത്തുമെന്ന് താന്‍ കരുതുന്നതായും റബാഡ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍