UPDATES

കായികം

ക്രിക്കറ്റിനോട് വിട പറഞ്ഞതിന് കാരണം ധോണിയല്ല ; ആത്മകഥയിൽ വെളിപ്പടുത്തലുകളുമായി വി വി എസ് ലക്ഷ്മൺ

ആത്മകഥയില്‍ ധോണിയെ ഏറെ പുകഴ്ത്തുകയാണ് ലക്ഷ്മണ്‍. ധോണിയുടെ ശാന്തതയും സമചിത്തതയും തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. കാര്യങ്ങളെ പുഞ്ചിരിയോടെയും സമ്മര്‍ദങ്ങളില്ലാതെയും നേടരിടുന്ന താരം അതായിരുന്നു ധോണി ലക്ഷ്മണ്‍ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഓരാളായിരുന്നു വിവിഎസ് ലക്ഷ്മണ്‍. എന്നാല്‍ താരത്തിന്റെ പെട്ടെന്നുണ്ടായ വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിംഗ് ധോണിയുമായുണ്ടായ പ്രശ്‌നങ്ങളാണ് താരം മൈതാനത്തു നിന്ന് വിടവാങ്ങാന്‍ കാരണമായതെന്നായിരുന്നു റിപോര്‍ട്ടുകള്‍.എന്നാല്‍ തന്റെ വിരമിക്കലിന് കാരണക്കാരനായത് ധോണിയല്ലെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ ബാറ്റിംഗ് താരം വിവിഎസ് ലക്ഷ്മണ്‍.

ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ കരിയര്‍ അവസാനിച്ചതിനു പിന്നിലെ കാരണം തന്റെ ആത്മകഥയായ ‘281 ഉം അതിനപ്പുറവും’ എന്ന പുസ്തകത്തിലൂടെയാണ് താരം വ്യക്തമാക്കുന്നത്. വിരമിക്കലുമായി ധോണിക്ക് യാതൊരു ബന്ധവുമില്ലെന്നും മാധ്യമങ്ങള്‍ തെറ്റിദ്ധാകരണ ഉണ്ടാക്കുകയായിരുന്നെന്നുമാണ് വിവിഎസ് പറയുന്നത്. വിരമിക്കല്‍ പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ലക്ഷമണ്‍ നടത്തിയ പരാമര്‍ശങ്ങളായിരുന്നു ധോണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിന് ഇടയാക്കിയത്. സീനിയര്‍ താരങ്ങളുടെ പുറത്ത് പോകലിനു പിന്നിലെല്ലാം ധോണിയാണെന്ന തരത്തിലേക്ക് മുന്‍ ഇന്ത്യന്‍ നായകനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള പ്രധാന കാരണവും ലക്ഷ്മണിന്റെ കരിയര്‍ അവസാനിച്ച രീതിയായിരുന്നു.

‘വിരമിക്കുന്നതിനെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെ നിങ്ങള്‍ ടീമിനെ അറിയിച്ചോ, ധോണിയോട് ഇക്കാര്യം പറഞ്ഞോ, ധോണിയുടെ മറുപടി എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ വരാന്‍ തുടങ്ങി. ഇതിനു മറുപടിയായി തമാശ രൂപേണ പറഞ്ഞ ഒരു കാര്യമാണ് ഇത്രയും തെറ്റിദ്ധാരണകള്‍ക്ക് കാരണമായത്. ധോണിയെ സമീപിക്കുന്നത് എത്ര പ്രയാസമുള്ള കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയില്ലേ എന്നായിരുന്നു ഞാന്‍ തമാശയായി പറഞ്ഞത്. എന്നാല്‍ ഇത് എന്റെ ക്രിക്കറ്റ് കരിയറിലെ ആദ്യത്തെയും അവസാനത്തെയും വിവാദത്തിന് തിരികൊളുത്തുമെന്ന് അറിഞ്ഞിരുന്നില്ല,’ ലക്ഷ്മണ്‍ പറയുന്നു.

ഞാന്‍ അറിയാതെ മാധ്യമങ്ങള്‍ക്ക് ഒരു ഇരയെ നല്‍കുകയായിരുന്നു. ബാക്കിയെല്ലാം അവര്‍ ഊഹിച്ചെടുത്തു. ഞാന്‍ വിരമിച്ചത് ധോണിയുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണെന്നും ഞങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നുവെന്നും അവര്‍ എഴുതുകയായിരുന്നെന്നും മുന്‍ താരം പറയുന്നു.

ആത്മകഥയില്‍ ധോണിയെ ഏറെ പുകഴ്ത്തുകയാണ് ലക്ഷ്മണ്‍. ധോണിയുടെ ശാന്തതയും സമചിത്തതയും തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. 2011 ലെ ഇംഗ്ലണ്ട് പര്യടനം വരെ ധോണിക്ക് കീഴില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ടീം 4-0 ന് ടെസ്റ്റ് പരമ്പര കൈവിട്ടു. ആ വര്‍ഷം തന്നെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യത്തെ മൂന്നു ടെസ്റ്റഒകളും തോറ്റ് പരമ്പര കൈവിട്ടു. ഇതെല്ലാം താനുള്‍പ്പെടുന്ന താരങ്ങളെ ഏറെ അസ്വസ്ഥരാക്കിയെന്നും ലക്ഷ്മണ്‍ പറയുന്നു. ഇന്ത്യന്‍ ക്യാപ്റ്റനെന്ന രീതിയില്‍ ധോനി ഒരിക്കല്‍പോലും മറ്റ് താരങ്ങളോട് ശബ്ദമയര്‍ത്തി സംസാരിച്ചിട്ടില്ല. തോല്‍വികള്‍ നേരിട്ടപ്പോള്‍ ധോണി നിരാശ പുറത്തു കാണിച്ചില്ല. പകരം താനുള്‍പ്പെടുന്ന താരങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ഏകി ലക്ഷ്മണ്‍ പറയുന്നു.

ധോണിയെ പോലെ ശാന്തനായ ഒരു കളിക്കാരനെ കണ്ടിട്ടില്ല. എളിമയോടെ പെരുമാറുന്ന ധോണിക്ക് ക്യാപ്റ്റനെന്ന ഭാവം ഉണ്ടായിരുന്നില്ല. കാര്യങ്ങളെ പുഞ്ചിരിയോടെയും സമ്മര്‍ദങ്ങളില്ലാതെയും നേടരിടുന്ന താരം അതായിരുന്നു ധോണി ലക്ഷ്മണ്‍ പറയുന്നു. എന്നാല്‍ വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തന്റെ വിരമിക്കലിന് ധോണിയല്ലേ കാരണം എന്നാണ് ഇപ്പോഴും ചോദ്യങ്ങള്‍ ഉണ്ടാകുന്നതെന്നും ഇപ്പോള്‍ വിവാദങ്ങളെ നേരിടാന്‍ പഠിച്ചു കഴിഞ്ഞുവെന്നും വിവിഎസ് ലക്ഷ്മണ്‍ ആത്മകഥയിലൂടെ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍