UPDATES

കായികം

ഒയിന്‍ മോര്‍ഗന്‍: ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഏകദിന പ്രേമികളാക്കിയ അയര്‍ലണ്ടുകാരന്‍

ലോകകപ്പ് ചരിത്രത്തിലും ഏകദിന ചരിത്രത്തിലും ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് മോര്‍ഗന്‍ സ്വന്തമാക്കിയത്.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഓള്‍ഡ് ട്രാഫഡിലെ ഗാലറികളിലെ ഇരിപ്പിടങ്ങളില്‍ നിന്ന് ആരാധകര്‍ തുടരെ തുടരെ എഴുന്നേറ്റ് കയ്യടിച്ചത് ഒയിന്‍ മോര്‍ഗന്റെ സിക്‌സറുകള്‍ക്കായിരുന്നു. മത്സരത്തില്‍ 71 പന്തുകളില്‍ നിന്നും 148 റണ്‍സ് നേടിയ മോര്‍ഗന്‍ 17 സിക്സുകളാണ് നേടിയത്. ലോകകപ്പ് ചരിത്രത്തിലും ഏകദിന ചരിത്രത്തിലും ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് മോര്‍ഗന്‍ സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ ഗെയിലിന്റെ 16 സിക്സറുകളെന്ന റെക്കോര്‍ഡാണ് മോര്‍ഗന്‍ മറികടന്നത്. സിംബാവേയ്ക്കെതിരെ 2015 ലെ ലോകകപ്പിലായിരുന്നു ഗെയിലിന്റെ നേട്ടം. ഏകദിനത്തില്‍ രോഹിത് ശര്‍മ്മ, എബിഡിവില്ലിയേഴ്സ്, ക്രിസ് ഗെയില്‍ എന്നിവരുടെ റെക്കോര്‍ഡും താരം മറികടന്നിട്ടുണ്ട്.

കരിയറില്‍ 32കാരനായ മോര്‍ഗന്‍ എടുത്ത സുപ്രധാന തീരുമാനമായിരുന്നു ജന്മനാടായ അയര്‍ലന്‍ഡിനു വേണ്ടി 2007 ലോകകപ്പ് കളിച്ചിട്ടും പിന്നീട് ഇംഗ്ലണ്ട് ജഴ്‌സിയില്‍ കളിക്കാന്‍ തീരുമാനിച്ചത്. ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിന് പകരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ തീരുമാനിച്ചതും ഒയിന്‍ മോര്‍ഗന്റെ നിര്‍ണായക തീരുമാനങ്ങളായിരുന്നു. ഒരു പക്ഷെ ടെസ്റ്റ് ക്രിക്കറ്റിനെ പ്രണയിച്ചിരുന്ന ഇംഗ്ലണ്ടുകാര്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് ഇഷ്ടപ്പെട്ടു തുടങ്ങിയതും മോര്‍ഗന്റെ ടീമിന്റെ വെടിക്കെട്ട് കളി കണ്ടിട്ടാകും. പിന്നീട് പടുകൂറ്റന്‍ സ്‌കോറിനായി കയ്യടിക്കുന്ന ഇംഗ്ലണ്ട് ആരാധകരെ ആയിരുന്നു. മോര്‍ഗന്റെ ഇംഗ്ലണ്ട് ടീം തന്നെ രണ്ടു തവണ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറിനുള്ള റെക്കോര്‍ഡ് തിരുത്തി. അണ്ടര്‍19 ലോകകപ്പിലെ റെക്കോര്‍ഡ് റണ്‍ സ്‌കോറര്‍ (606 റണ്‍സ്), രണ്ടു രാജ്യങ്ങള്‍ക്കു വേണ്ടി സെഞ്ചുറി നേടിയ ആദ്യ താരം, ഏറ്റവും കൂടുതല്‍ ഏകദിന മല്‍സരങ്ങള്‍ കളിച്ച ഇംഗ്ലണ്ട് താരം, കൂടുതല്‍ ഏകദിന റണ്‍സ് നേടിയ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍, നാലില്‍ കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ഏക ഇംഗ്ലിഷ് ക്യാപ്റ്റന്‍ (12).. മോര്‍ഗന്റെ പേരിലുമുണ്ട് ഒട്ടേറെ റെക്കോര്‍ഡുകള്‍. ഇപ്പോള്‍ ഒരു ലോക റെക്കോര്‍ഡ് കൂടി. സിക്‌സര്‍ സെഞ്ചുറി(102 റണ്‍സ്‌). സിക്‌സറുകളിലൂടെ മാത്രം ഏകദിനത്തില്‍ നൂറു റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമാണ് മോര്‍ഗന്‍. ക്രിസ് ഗെയ്ല്‍, രോഹിത് ശര്‍മ, എ.ബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ നേടിയത് 96 റണ്‍സ്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍