UPDATES

കായികം

അന്താരാഷ്ട്ര ക്രിക്കറ്റിനെ ഉലച്ച് വീണ്ടും വാതുവയ്പ്പ് വിവാദം; ആരോപണ നിഴലില്‍ ഇന്ത്യന്‍ മല്‍സരങ്ങളും

വാതുവെപ്പിന്റെ സൂത്രധാരനായ മുംബൈ സ്വദേശി അനീല്‍ മുനവറുമായി സംസാരിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് പറയുന്നു.

ഒരിടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്ത് വീണ്ടും വാതുവെപ്പ് വിവാദം. 20-20 ലോകകപ്പ് ഉള്‍പ്പടെയുള്ള മത്സരങ്ങളില്‍ വാതുവെപ്പ് നടന്നതായി അല്‍ജസീറ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെളിവുകള്‍ സഹിതമാണ് ചാനല്‍ വാര്‍ത്തപുറത്തുവിട്ടത്. 2011 -12 കാലഘട്ടത്തില്‍ 15 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒത്തുകളി നടന്നതായാണ് അല്‍ജസീറ ഇന്നലെ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നത്. ആറ് ഏകദിനങ്ങളിലും ആറ് ടെസ്റ്റിലും മൂന്ന് ട്വന്റി -20 മത്സരങ്ങളിലുമാണ് ഒത്തുകളി നടന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വാതുവെപ്പിന്റെ സൂത്രധാരനായ മുംബൈ സ്വദേശി അനീല്‍ മുനവറുമായി സംസാരിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് ചാനല്‍ പറയുന്നു. ഇയാള്‍ പല പ്രമുഖ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ചാനല്‍ പുറത്ത് വിട്ടു.

2011 ല്‍ ലോര്‍ഡ്സില്‍ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മല്‍സരം ഇതേവര്‍ഷം കേപ് ടൗണില്‍ നടന്ന സൗത്ത് ആഫ്രിക്ക ആസ്ട്രേലിയ മത്സരം 2011 ലോകകപ്പിലെ അഞ്ച് മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടന്ന 2012 ട്വന്റി20 ലോകകപ്പിലെ മൂന്നു മത്സരങ്ങള്‍, യുഎയില്‍ നടന്ന 2012 ലെ ഇംഗ്ലണ്ട് – പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പര എന്നിവയും ഇതിലുള്‍പ്പെടും. മത്സരം പൂര്‍ണമായും ഒത്തുകളിക്കുന്നതിന് പകരം ഏതെങ്കിലും ഓവറോ സെഷനോ മാറ്റിമറിക്കുന്ന സ്പോട്ട് ഫിക്സിംഗാണ് നടന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

15 മത്സരങ്ങളില്‍ നിന്നായി ആകെ 26 ഒത്തുകളികള്‍ ഉണ്ടായിട്ടുണ്ട്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാക്കിസ്ഥാന്‍ എന്നീ ടീമുകളിലെ താരങ്ങളാണ് സ്പോട് ഫിക്സിങ്ങില്‍ ഏര്‍പ്പെട്ടത്. പല പ്രമുഖ താരങ്ങളും ഇതിന്റെ ഭാഗമയായെന്നും റിപോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടില്‍ പറയുന്ന അനീല്‍ മുനവറിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും ചാനല്‍ പറയുന്നു. സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ചാനല്‍ അറിയിച്ചു. അതേസമയം, വിഷയത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഐസിസി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍