UPDATES

കായികം

‘തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അവന്‍ ഒരു മികച്ച ക്യാപ്റ്റനാകും’; സ്മിത്തിന് പിന്തുണയുമായി മുന്‍ നായകന്‍മാര്‍

മാര്‍ക് ടൈലര്‍, ഇയാന്‍ ചാപ്പല്‍, റിക്കി പോണ്ടിംഗ് എന്നിവരാണ് സ്മിത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

ആഷസ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന സ്റ്റീവ് സ്മിത്തിനെ വീണ്ടും ഓസീസ് നായകനാക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍മാര്‍. മാര്‍ക് ടൈലര്‍, ഇയാന്‍ ചാപ്പല്‍, റിക്കി പോണ്ടിംഗ് എന്നിവരാണ് സ്മിത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പന്ത് ചുരണ്ടല്‍ വിവാദത്തിനെ തുടര്‍ന്നാണ് സ്റ്റീവ് സ്മിത്തിന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ട്ടമായത്. വിലക്ക് മാറിയെത്തിയ സ്മിത്ത് അഞ്ച് ഇന്നിംഗ്സില്‍ നിന്ന് മൂന്ന് സെഞ്ച്വറിയോടെ 671 റണ്‍സാണ് അടിച്ചുകൂട്ടിയത്. എങ്കിലും സ്മിത്തിന് അടുത്തവര്‍ഷം മാര്‍ച്ച് വരെ ക്യാപ്റ്റനാവുന്നതിന് വിലക്ക് നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ടിം പെയ്നാണ് ഓസ്ട്രേലിയയുടെ ടെസ്റ്റ് നായകന്‍.

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയന്‍ ക്യാപ്റ്റനാകുമെന്ന് താന്‍ വിശ്വസിക്കുന്നതായി മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കൂടിയായ മാര്‍ക്ക് ടെയ്‌ലറാണ് ആദ്യം രംഗത്ത് വന്നത്. ‘സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയന്‍ ക്യാപ്റ്റനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്മിത്തിനും വാര്‍ണര്‍ക്കും ബാന്‍ക്രോഫ്റ്റിനും ശിക്ഷ വിധിച്ച ക്രിക്കറ്റ് ഓസ്ട്രേലിയ ബോര്‍ഡില്‍ ഞാനും അംഗമായിരുന്നു. തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അവന്‍ ഒരു മികച്ച ക്യാപ്റ്റനാകുമെന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല. ‘ മാര്‍ക്ക് ടെയ്‌ലര്‍ പറഞ്ഞു.

ടെയ്‌ലറിനെ കൂടാതെ മുന്‍ ക്യാപ്റ്റന്മാരായ ഇയാന്‍ ചാപ്പലും റിക്കി പോണ്ടിങും വിലക്കിന് ശേഷം സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റനായി പരിഗണിക്കുന്ന തീരുമാനത്തെ പിന്തുണച്ചിരുന്നു. ഓസീസ് ടീമില്‍ സ്മിത്തിന് പകരം വയ്ക്കാന്‍ മറ്റൊരു താരമില്ലെന്നാണ് പോണ്ടിംഗ് പറഞ്ഞത്. ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ മോശം തീരുമാനങ്ങളെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ നിലവിലെ ക്യാപ്റ്റനായ ടിം പെയ്‌നെതിരെ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും നാലാം ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തോടെ പെയ്ന്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍