UPDATES

കായികം

അശ്വിനെ വിവാദ റണ്ണൗട്ടിന് പ്രേരിപ്പിച്ചതാണ്; ഗൗതം ഗംഭീര്‍ പ്രതികരിക്കുന്നു

ഈയൊരു സംഭവത്തിന്റെ പേരില്‍ മാത്രം ചരിത്രം അദ്ദേഹത്തെ വിലയിരുത്തിയാല്‍ അത് നിരാശാജനകമായിരിക്കുമെന്നുംഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ മല്‍സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ
മങ്കാദിങിലൂടെ റണ്ണൗട്ടാക്കിയതിന്റെപേരില്‍ പഴികേള്‍ക്കുകയാണ് കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും സ്പിന്നറുമായ ആര്‍ അശ്വിന്‍. എന്നാല്‍ താരത്തിന് പിന്തുണയേകി കുറച്ചു പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അതിലൊരാളാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഒരു ദേശീയ മാധ്യമത്തിലാണ് ഗംഭീര്‍ അഭിപ്രായം പങ്കുവെച്ചത്.

”2000-ല്‍ ഇന്ത്യ എയ്ക്കായി കളിക്കുമ്പോഴായിരുന്നു സംഭവം. പരിശീലനത്തിനു ശേഷം ഹോട്ടല്‍ മുറിയില്‍ മടങ്ങിയെത്തിയ ഞാന്‍ വെള്ളം കുടിക്കാനായി മിനി റഫ്രിജറേറ്റര്‍ തുറന്നു. അപ്പോഴുണ്ട് റഫ്രിജറേറ്ററിലെ മുകളിലെ ഷെല്‍ഫില്‍ മൂന്നു ജോഡി അടിവസ്ത്രങ്ങള്‍ വൃത്തിയില്‍ മടക്കിവെച്ചിരിക്കുന്നു. നടുക്കുള്ള തട്ടില്‍ മൂന്നു ജോഡി സോക്സുമുണ്ട്. ഞാന്‍ ഞെട്ടിപ്പോയി. അന്ന് ഞങ്ങള്‍ റൂം ഷെയര്‍ ചെയ്താണ് താമസിച്ചിരുന്നത്. അതിനാല്‍ തന്നെ ഞാനെന്റെ റൂംമേറ്റിനോട് (അശ്വിന്‍) ഇതിനെ കുറിച്ച് ചോദിച്ചു. അവയെല്ലാം അവന്റേതു തന്നെയായിരുന്നു. വലിയ സമ്മര്‍ദമാണ് നേരിടുന്നതെന്നും അത് നിനക്ക് മനസിലാകില്ലെന്നുമായിരുന്നു അവന്റെ മറുപടി. മികച്ച പ്രകടനം നടത്താനുള്ള സമ്മര്‍ദമായിരുന്നു അവനെ പിടികൂടിയത്. അതുകൊണ്ടു തന്നെ വാര്‍ഡ്രോബിലെത്തേണ്ട വസ്ത്രങ്ങള്‍ റഫ്രിജറേറ്ററിലെത്തി” – ഗംഭീര്‍ കുറിച്ചു. ഇപ്പോള്‍ ക്യാപ്റ്റനെന്ന നിലയിലും കരിയര്‍ തിരിച്ചുപിടിക്കണമെന്ന നിലയിലുള്ള സമ്മര്‍ദമാണ് അശ്വിനെ കൊണ്ട് അത്തരമൊരു കാര്യം ചെയ്യിപ്പിച്ചതെന്നും ഗംഭീര്‍ വ്യക്തമാക്കുന്നു.

ഇപ്പോള്‍ അശ്വിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മങ്കാദിങിനു പിന്നിലും ഇതേ സമ്മര്‍ദ്ദം തന്നെയാവമെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നു. ബട്‌ലറെ ഏതു വിധേനയെങ്കിലും പുറത്താക്കണെന്ന സമ്മര്‍ദ്ദമാവാം അശ്വിനെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്. വെറും ബൗളര്‍  മാത്രമല്ല ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഈയൊരു സംഭവത്തിന്റെ പേരില്‍ മാത്രം ചരിത്രം അദ്ദേഹത്തെ വിലയിരുത്തിയാല്‍ അത് നിരാശാജനകമായിരിക്കുമെന്നുംഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍