UPDATES

കായികം

‘തനിക്ക് ഏഴു ഭാഷകളിലെ മോശം വാക്കുകള്‍ അറിയാം’; ഇംഗ്ലണ്ട് – ഇന്ത്യ മത്സരത്തില്‍ സംഭവിച്ചതിനെ കുറിച്ച് സൈമണ്‍ ടോഫല്‍

അതേസമയം ക്രിക്കറ്റ് അംപയറായി ജീവിച്ച കാലം വിവിധ പ്രാദേശിക ഭാഷകളിലെ നിരവധി നല്ല വാക്കുകള്‍ പഠിക്കാനായതായും ടോഫല്‍ പറഞ്ഞു.

ലോക ക്രിക്കറ്റില്‍ താരങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതു പോലെ തന്നെ അംപയര്‍മാരുടെ പെരുമാറ്റങ്ങളും രീതികളും ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെ ലോകം ശ്രദ്ധിച്ച അംപയര്‍മാരില്‍ ഒരാളായിരുന്നു ആസ്‌ട്രേലിയന്‍ അംപയര്‍ സൈമണ്‍ ടോഫല്‍. 74 ടെസ്റ്റുകളും 104 ഏകദിനങ്ങളും 34 ടി20കളും നിയന്ത്രിച്ച് ടോഫല്‍ 2012ല്‍ വിരമിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ തന്റെ കരിയറിലുണ്ടായ ഒരു സംഭവത്തില്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ഏഴു ഭാഷകളിലെ മോശം വാക്കുകള്‍ തനിക്കറിയാമെന്നും ഇത് പലപ്പോഴും ഏറെ സഹായിച്ചിട്ടുണ്ടെന്നും ടോഫല്‍ പറയുന്നു.

നാഗ്പൂരിലെ വിശ്വേശ്വര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാര്‍ത്ഥികളുമായി സംവദിക്കവേയാണ് ടോഫല്‍ തന്റെ മനസ്സ് തുറന്നത്. ‘ ക്രിക്കറ്റ് അംപയറായതിന് ശേഷം 7 ഭാഷകളില്‍ നിന്നുള്ള മോശം വാക്കുകള്‍ പഠിക്കുകയാണ് ഞാന്‍ ചെയ്തത്, മൈതാനത്ത് നടന്ന പല വിവാദകരമായ സംഭവങ്ങളിലും ഇത് എന്നെ സഹായിച്ചു’ – ടോഫല്‍ പറഞ്ഞു.

2006ല്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ മുനാഫ് പട്ടേല്‍ ഇംഗ്ലണ്ടിന്റെ ഒവൈസ് ഷായ്ക്കെതിരെ ഹിന്ദിയില്‍ മോശം വാക്ക് ഉപയോഗിച്ചത് താന്‍ കണ്ടെത്തിയെന്നും ടോഫല്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ ഒവൈസ് ഷായുമായി ഇന്ത്യന്‍ പേസര്‍ മുനാഫ് പട്ടേല്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. ഹിന്ദിയില്‍ മുനാഫാണ് വാക്പോരിന് തുടക്കമിട്ടത്. അംപയറായ തനിക്ക് ഹിന്ദി അറിയില്ല എന്ന് കരുതിയാണ് മുനാഫ് മോശം വാക്കുകളില്‍ സംസാരിച്ചതെന്ന് ടോഫല്‍ വ്യക്തമാക്കി.

അതേസമയം ക്രിക്കറ്റ് അംപയറായി ജീവിച്ച കാലം വിവിധ പ്രാദേശിക ഭാഷകളിലെ നിരവധി നല്ല വാക്കുകള്‍ പഠിക്കാനായതായും ടോഫല്‍ പറഞ്ഞു. ഇത് കളിക്കളത്തിലെ താരങ്ങളുടെ പോരിനെ നിയന്ത്രിക്കാന്‍ സഹായകമായതായും സൈമണ്‍ ടോഫല്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു. അഞ്ച് തവണ തുടര്‍ച്ചയായി മികച്ച അംപയര്‍ക്കുള്ള ഐ സി സി പുരസ്‌കാരം നേടിയിട്ടുണ്ട് ടോഫല്‍. 2004 മുതല്‍ 2008 വരെ തുടര്‍ച്ചയായ അഞ്ചു വര്‍ഷം ഐ സി സി അംപയര്‍ ഓഫ് ദി ഇയര്‍ ആയിരുന്നു ടോഫല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍