UPDATES

ട്രെന്‍ഡിങ്ങ്

വിന്‍ഡീസ് തകര്‍ച്ചയുടെ തുടക്കവും ഒടുക്കവും ഈ കൈകൊണ്ട്; ഷമി ഹീറോയാണ് ഹീറോ

പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരക്കാരനായാണ് അഫ്ഗാനെതിരായ മത്സരത്തിലും വെസ്റ്റിന്‍ഡിസിനെതിരായ മത്സരത്തിലും
മുഹമ്മദ് ഷമി ഇറങ്ങിയത്

ലോകകപ്പില്‍ വെസ്റ്റിന്‍ഡിസിനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ച് ഇന്ത്യയുടെ പേസ് നിര വീണ്ടും കരുത്ത് തെളിയിച്ചിരിക്കുകയാണ്. ലോകകപ്പില്‍ പരാജയം അറിയാതെ കുതിക്കുന്ന ഇന്ത്യക്ക് ബാറ്റിംഗ് നിരയ്‌ക്കൊപ്പം പേസ് നിരയുടെ മികവിലും ഇനി ധൈര്യമായി വിശ്വസിക്കാം. ഇന്നലെ ഇന്ത്യ ഉയര്‍ത്തിയ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 268 റണ്‍സ് പിന്‍തുടര്‍ന്ന വിന്‍ഡിസ് വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. 34.2 ഓവറില്‍ 143 റണ്‍സില്‍ വിന്‍ഡീസ് നിരയില്‍ എല്ലാവരും പുറത്തായി. മത്സരത്തില്‍ ഇന്ത്യ 125 റണ്‍സെന്ന വന്‍ മാര്‍ജിനിലാണ് വിജയിച്ചത്.

വിന്‍ഡീസ് പതനത്തിന് മുന്നില്‍ നിന്ന് പേസ് കരുത്ത് കാണിച്ചത് അവസരങ്ങള്‍ നിഷേധിക്കപ്പെട്ട മുഹമ്മദ് ഷമിയും. മത്സരത്തില്‍ 6.2 ഓവര്‍ എറിഞ്ഞ ഷമി 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് കരീബിയന്‍ നിരയുടെ നിര്‍ണായക നാലു വിക്കറ്റുകളാണ് പിഴുതത്. ലോകകപ്പ് മത്സരങ്ങളില്‍ അവസരമില്ലാതെ പുറത്തിരുന്ന ഷമി പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരക്കാരനായാണ് അഫ്ഗാനെതിരായ മത്സരത്തിലും വെസ്റ്റിന്‍ഡിസിനെതിരായ മത്സരത്തിലും ഇറങ്ങിയത്. രണ്ട് മത്സരങ്ങളിലും താരം കരുത്ത് തെളിയിച്ചു.

അഫ്ഗാനിസ്ഥാനെതിരെ അവസാന ഓവറില്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഹാട്രിക്ക് തികച്ച മുഹമ്മദ് ഷമി ഒരു പന്ത് ശേഷിക്കെ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. അവസാന ഓവര്‍ എറിയാന്‍ മുഹമ്മദ് ഷമി എത്തുമ്പോള്‍ അഫ്ഗാന് വിജയിക്കാന്‍ ആറ് പന്തില്‍ 16 റണ്‍സ് വേണമായിരുന്നു. ഷമിയുടെ ആദ്യ പന്ത് ഫോറിലേക്ക് പറത്തി മുഹമ്മദ് നബി അവര്‍ക്ക് പ്രതീക്ഷ നല്‍കി. അഞ്ച് പന്തില്‍ 12 റണ്‍സായി അവരുടെ ലക്ഷ്യം ചുരുങ്ങി. രണ്ടാം പന്തില്‍ റണ്ണൊന്നുമില്ല. മൂന്നാം പന്തില്‍ മുഹമ്മദ് നബിയെ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ഷമി തൊട്ടടുത്ത പന്തില്‍ അഫ്താബ് ആലമിനെ ക്ലീന്‍ ബൗള്‍ഡാക്കി. ഈ ഓവറിന്റെ അഞ്ചാം പന്തില്‍ മുജീബ് റഹ്മാന്റേയും കുറ്റി പിഴുത് ഷമി ഹാട്രിക്കും ഇന്ത്യന്‍ വിജയവും ഉറപ്പാക്കി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കും 1987-ല്‍ ചേതന്‍ ശര്‍മയ്ക്കു ശേഷം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഷമി സ്വന്തമാക്കി. ലോകകപ്പില്‍ 32 വര്‍ഷത്തിനിടെ ഉണ്ടായ ആദ്യ ഇന്ത്യന്‍ ഹാട്രിക്ക് നേട്ടമാണിത്. അതെ ഇന്ത്യയുടെ ഷമി ഹിറോ തന്നെയാണ് എന്ന് തെളിയിച്ചു. ഈ മത്സരത്തിലെ ഷമിയുടെ പ്രകടനം കണ്ട് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വെസ്റ്റിന്‍ഡിസിനെതിരായ ഇന്നലത്തെ മത്സരത്തിലും അവസരം നല്‍കി. എന്നാല്‍ പ്രതീക്ഷിച്ചതില്‍ അപ്പുറം ഷമി ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

വെസ്റ്റിന്‍സിനെതിരായ മത്സരത്തില്‍ പേസ് നിരയില്‍ ജസ്്പ്രീത് ബുംറയെ കടത്തി വെട്ടുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. വിന്‍ഡീസ് ഇന്നിംഗ്‌സിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടതും തകര്‍ച്ച പൂര്‍ണമാക്കിയതും ഷമി തന്നെ ആയിരുന്നു. വിന്‍ഡിസ് ഇന്നിംഗ്‌സ് തുടക്കത്തില്‍ അഞ്ചാം ഓവറില്‍ വെസ്റ്റിന്‍ഡിസിന്റെ വമ്പനടിക്കാരാന്‍ സാക്ഷാല്‍ ക്രിസ് ഗെയിലിന്റെ വിക്കറ്റ് പിഴുത് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തുടക്കമിട്ടപ്പോള്‍ കരീബിയന്‍ നിരയിലെ അവസാന ബാറ്റ്‌സ്മാനായ ഒഷാനെ തോമസിനെയും മടക്കിയത് ഷമി തന്നെ ആയിരുന്നു. ഇതിനിടയില്‍ ഷായ് ഹോപ്പ്, ഹെറ്റ്‌മെയര്‍, എന്നിവരുടെ നിര്‍ണായക വിക്കറ്റും പിഴുതു താരം.

2015 ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിങ് ഹീറോ ആയിരുന്ന ഷമിക്ക് ഇത്തവണ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്നതിന് കാരണം ഫോം മങ്ങിയതായിരുന്നില്ല. പരിക്കു കാരണം മാസങ്ങളോളം കളിയില്‍ നിന്നു വിട്ടു നില്‍ക്കുകയും ലോകകപ്പിന് തൊട്ടു മുമ്പ് മാത്രം ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തുകയും ചെയ്ത ശേഷം അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല എന്നത് മാത്രമായിരുന്നു. പാകിസ്താനെതിരായ മത്സരത്തിനിടെ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതോടെ ഷമിക്ക് അവസരം തെളിയികുയായിരുന്നു. ഉത്തര്‍പ്രദേശിലെ ഗ്രാമീണ കുടുംബത്തില്‍ നിന്ന് ക്രിക്കറ്റ് കളിച്ച് ഉയര്‍ന്നു വന്ന ഷമിക്ക് വിവാഹ ബന്ധവും അതുമായി ബന്ധപ്പെട്ട കേസുകളും ക്രിക്കറ്റ് കരിയറിനെ തന്നെ ബാധിക്കുന്ന അവസ്ഥയില്‍ എത്തിയിരുന്നു. പരിക്കുകള്‍ക്കൊപ്പം ദാമ്പത്യ പ്രശ്‌നങ്ങള്‍ കൂടി അതിജീവിച്ചാണ് ഷമിയുടെ ഈ തിരിച്ച് വരവ്. 40 ടെസ്റ്റില്‍ നിന്ന് 144- ഉം 65 ഏകദിനങ്ങളില്‍ നിന്ന് 121 -ഉം വിക്കറ്റുകള്‍ നേടിയ ഈ 28-കാരനാണ് ഇപ്പോള്‍ ഇന്ത്യന്‍ ദേശിയ ടീമിലെ ഏറ്റവും സീനിയര്‍ ബൗളര്‍. ആറ് വര്‍ഷം മുമ്പ് 2013-ല്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഷമി വിടാതെ പിന്തുടരുന്ന പരിക്കിനോട് പൊരുതിയാണ് ഇത്രയും വിക്കറ്റുകള്‍ നേടിയത്. ഈ മികവ് തുടര്‍ന്നാല്‍ ഷമിക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനിയും അവസരങ്ങള്‍ ഏറെയാണ്.

Read More: വത്തിക്കാന്റെ ക്ലീന്‍ ചിറ്റില്‍ സര്‍വ്വശക്തനായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി; എതിര്‍ ശബ്ദങ്ങള്‍ ഇനി സീറോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍