UPDATES

കായികം

എറിഞ്ഞ് വീഴ്ത്തി ഹാട്രിക് സ്വന്തമാക്കിയവര്‍; ലോകകപ്പ് ചരിത്രത്തില്‍ ഇടം നേടിയ ബൗളര്‍മാര്‍ ഇവരാണ്

ഏറ്റവും ഒടുവില്‍ ലോകകപ്പില്‍ പിറന്ന ഹാട്രിക്കാണ് ദക്ഷിണാഫ്രിക്കന്‍ താരം ജെപി ഡുമിനിയുടേത്.

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് പല ചരിത്ര നേട്ടങ്ങളുടെയും കഥ പറയാനുണ്ട്. ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിന് തുടക്കം കുറിക്കാന്‍ ഒരു ദിനം കൂടിയാണ് ഇനി ശേഷിക്കുന്നത്. ലോകകപ്പില്‍ ബാറ്റിംഗ് റെക്കോര്‍ഡുകളെ പോലെ പ്രധാനപ്പെട്ടത് തന്നെയാണ് ബൗളിംഗ് റെക്കോര്‍ഡുകളും. 2019 ലോകകപ്പ് മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ ചരിത്രത്തില്‍ ഇതു വരെ ഹാട്രിക് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ബോളര്‍മാരെ കുറിച്ചാണ് പറയുന്നത്. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒമ്പത് ഹാട്രിക്കുകളാണ് പിറന്നിട്ടുള്ളത്.

1987 ലോകകപ്പിലാണ് ആദ്യമായി ഹാട്രിക്ക് പിറന്നത്. ഇന്ത്യന്‍ താരം ചേതന്‍ ശര്‍മ്മയുടെ പേരിലാണ് ഈ ചരിത്രം നേട്ടം ഉള്ളത്. ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സരത്തിലാണ് ചേതന്‍ ശര്‍മ്മ ഈ നേട്ടം കൈവരിച്ചത്. ന്യൂസിലാന്‍ഡിന്റെ കെന്‍ റൂതെര്‍ഫോര്‍ഡ്, ഇയാന്‍ സ്മിത്ത്, എവന്‍ ചാറ്റ്ഫീല്‍ഡ് എന്നിവരെയാണ് അന്ന് ചേതന്‍ പുറത്താക്കിയത്. ലോകകപ്പില്‍ പിന്നീടൊരു ഹാട്രിക് നേട്ടം പിറന്നത് 1999 ല്‍ ആയിരുന്നു.പാകിസ്ഥാന്‍ സ്പിന്നര്‍ സഖ്ലൈന്‍ മുസ്താഖിന്റെ ഊഴമായിരുന്നു അത്. ഇംഗ്ലണ്ടില്‍ സിംബാബ്വെയ്ക്കെതിരെയുള്ള മത്സരത്തിലാണ്
പാക് താരം മുസ്താഖിന്റ ഹാട്രിക്ക്. ഹെന്റി ഒലോംഗ, ആഡം ഹക്കിള്‍, പോമി എബാംഗ്വേ എന്നിവരെ പുറത്താക്കിയായിരുന്നു സഖ്ലൈന്റെ ഹാട്രിക്ക് പ്രകടനം.

2003 ലോകകപ്പിലെ ശ്രീലങ്കയുടെ ആദ്യ മത്സരത്തിലെ ആദ്യ മൂന്ന് പന്തില്‍ തന്നെ ഹാട്രിക്ക് തികച്ചാണ് ബൗളിംഗ് ഇതിഹാസം ചാമിന്ദ വാസ് ത്രസിപ്പിക്കുന്ന നേട്ടം കൈവരിച്ചത്. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ ഹനാന്‍ സര്‍ക്കാര്‍, മുഹമ്മദ് അഷ്റഫുള്‍, എഹ്സനുല്‍ ഹഖ് എന്നീ മുന്‍നിര ബാറ്റ്സ്മാന്‍മാരെ പുറത്താക്കിയാണ് വാസ് ഹാട്രിക്ക് തികച്ചത്. ഏകദിന ഫോര്‍മാറ്റിലെ ആദ്യ മൂന്ന് ബോളില്‍ ഹാട്രിക്ക് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ബൗളറെന്ന നേട്ടവും ഈ ശ്രീലങ്കന്‍ താരത്തിന്റെ അക്കൗണ്ടില്‍ കയറി. ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാത്ത പേരാണ് ഓസീസിന്റെ തീ പാറും ബോളറായിരുന്ന ബ്രെറ്റ് ലീ യുടെ പേര്. പല മത്സരങ്ങളിലും ഇന്ത്യന്‍ പ്രതീക്ഷകളെ എറിഞ്ഞുടച്ചിട്ടുള്ള താരത്തെ അത്രപ്പെട്ടെന്നും ആര്‍ക്കും മറക്കാനാകില്ല. 2003 ല്‍ തന്നെയായിരുന്നു ബ്രെറ്റ് ലീ യുടെ ഹാട്രിക് നേട്ടവും. കെനിയക്കെതിരെ ഡര്‍ബനില്‍ നടന്ന മത്സരത്തിന്റെ നാലാം ഓവറിലാണ് ലീയുടെ ഹാട്രിക്ക്. കെനിയന്‍ ഓപ്പണര്‍ കെന്നഡി ഒട്ടീനോ, ബ്രിജല്‍ പട്ടേല്‍, ഡേവിഡ് ഒബുയ എന്നിവരെ പുറത്താക്കിയായിരുന്നു ലീയുടെ നേട്ടം.

2003 ല്‍ ചാമിന്ദ വാസ് നേടിയ ഹാട്രിക്കിന് ശേഷം മറ്റൊരു ശ്രീലങ്കന്‍ താരവും ഹാട്രിക് നേട്ടം സ്വന്തമാക്കി. മറ്റാരുമല്ല വ്യത്യസ്തമായ ശൈലിയില്‍ പന്തെറിഞ്ഞ ലസിത് മലിംഗ. 2007 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു മലിംഗയുടെ ഹാട്രിക്ക്. എന്നാല്‍ ഹാട്രിക്കും കടന്നു മലിംഗയുടെ നേട്ടം. ഷോണ്‍ പൊള്ളോക്ക്, ആന്‍ഡ്രൂ ഹാള്‍, ജാക്ക് കാലിസ് എന്നിവരെ പുറത്താക്കിയ ശേഷം മഖായ എന്റ്‌റിനിയുടെ വിക്കറ്റും പിഴുത് താരം നേട്ടം ആഘോഷമാക്കി. രണ്ട് ഓവറുകളിലായാണ് താരത്തിന്റെ ഈ നേട്ടം. ഒരു ഓവറിന്റെ അവസാന രണ്ട് പന്തില്‍ ഷോണ്‍ പൊള്ളോക്ക്, ആന്‍ഡ്രൂ ഹാള്‍ എന്നിവരെയും അടുത്ത ഓവറില്‍ ആദ്യ പന്തില്‍ ജാക്ക് കാലിസിനെ പുറത്താക്കി താരം ഹാട്രിക്ക് തികച്ചു. രണ്ടാം പന്തില്‍ മഖായ എന്റ്‌റിനിയെയും പുറത്താക്കി മലിംഗ നാല് പന്തില്‍ നാല് വിക്കറ്റെടുക്കുന്ന ലോകകപ്പിലെ ആദ്യ താരമായി.

ലോകകപ്പ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ രണ്ട് ഹാട്രിക്കുകള്‍ നേടുന്ന ആദ്യ താരമാണ് ശ്രീലങ്കന്‍ താരം ലസിത് മലിംഗ. 2007 ലെ ഹാട്രിക്കിന് സമാനമായ രീതിയിലാണ് 2011 ല്‍ താരം ഹാട്രിക് നേട്ടം ആവര്‍ത്തിച്ചത്. കെനിയക്കെതിരെയാണ് തന്റെ രണ്ടാം ഹാട്രിക്ക് നേട്ടം മലിംഗ സ്വന്തമാക്കിയത്. ഏഴാം ഓവറിലെ അവസാന പന്തില്‍ തന്‍മയ് മിശ്രയെയും അടുത്ത ഓവറിലെ ആദ്യ പന്തില്‍ പീറ്റര്‍ ഓന്‍ഗോഡോയെയും രണ്ടാം പന്തില്‍ ഷെം ഗോച്ചെയെയും പുറത്താക്കിയാണ് മലിംഗ റെക്കോര്‍ഡ് കുറിച്ചത്.

ലോകകപ്പ് ക്രിക്കറ്റില്‍ ഹാട്രിക്ക് സ്വന്തമാക്കുന്ന ആദ്യ വെസ്റ്റ് ഇന്‍ഡീസ് താരമാണ് കെമാര്‍ റോച്ച്. 2011 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ നെതര്‍ലന്‍ഡിനെതിരെയാണ് താരത്തിന്റെ ഹാട്രിക്ക് പ്രകടനം. പീറ്റര്‍ സീലാര്‍, ബെര്‍ണാര്‍ഡ് ലൂട്ട്സ്, ബെരെന്റ് വെസ്റ്റ്ഡൈക്ക് എന്നിവരുടെ വിക്കറ്റുകള്‍ നേടിയാണ് കെമാര്‍ റോച്ച് നേട്ടം കൈവരിച്ചത്. ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഇംഗ്ലീഷ് ബൗളറാണ് സ്റ്റീവന്‍ ഫിന്‍. ഇംഗ്ലണ്ടിന്റെ ചിരവൈരികളായ ഓസ്ട്രേലിയക്കെതിരെയായിരുന്നു ഫിന്നിന്റെ ഹാട്രിക്ക്. 342-6 എന്ന നിലയില്‍ നിന്ന ഓസ്ട്രേലിയക്കെതിരെ അവസാന ഓവറിലാണ് നേട്ടം. ഓസ്ട്രേലിയന്‍ ഇന്നിംഗിസിലെ നാലാം പന്തില്‍ ബ്രാഡ് ഹാഡിനെയും, അഞ്ചാം പന്തില്‍ ഗ്ലെന്‍ മാക്സ് വെല്ലിനെയും അവസാന പന്തില്‍ മിച്ചല്‍ ജോണ്‍സണെയും പുറത്താക്കിയാണ് ഫിന്‍ ഹാട്രിക്ക് നേടിയത്.

ഏറ്റവും ഒടുവില്‍ ലോകകപ്പില്‍ പിറന്ന ഹാട്രിക്കാണ് ദക്ഷിണാഫ്രിക്കന്‍ താരം ജെപി ഡുമിനിയുടേത്. 2015 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കക്കെതിരെ രണ്ട് ഓവറുകളിലായാണ് ഡുമിനിയുടെ ഹാട്രിക്ക് പിറന്നത്. എയ്ഞ്ചലോമാത്യൂസ്, നുവാന്‍ കുലശേഖര, തരിന്ദു കുശാല്‍ എന്നിവരെ പുറത്താക്കിയാണ് ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമായി ഡുമിനി നേട്ടം കൊയ്തത്.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍