ടീമുകളുടെ റാങ്കിംഗില്‍ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു പിന്നാലെ പുറത്തുവന്ന ഐസിസി ഏകദിന റാങ്കിംഗില്‍ ബാറ്റിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ബൗളിംഗില്‍ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനക്കാര്‍. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ റാങ്കിംഗില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. അതേസമയം ശിഖര്‍ ധവാന്‍ നാലു സ്ഥാനങ്ങള്‍ നഷ്ടമായി ഒന്‍പതിലേക്ക് വീണു. അഞ്ചു മത്സരങ്ങളിലുമായി ആകെ 112 റണ്‍സ് മാത്രമാണ് ധവാന് സ്‌കോര്‍ ചെയ്യാനായത്.
വിരാട് കോലിയും രോഹിത് ശര്‍മയും തകര്‍പ്പന്‍ ഇന്നിങ്സുകളുമായി പരമ്പരയില്‍ തിളങ്ങിയിരുന്നു.അഞ്ചു മത്സരങ്ങളില്‍നിന്നായി ആകെ 453 റണ്‍സ് സ്‌കോര്‍ ചെയ്ത കോലി 15 പോയന്റുകളാണ് നേടിയത്. ഇതോടെ 899 പോയന്റുമായി കോലി ഒന്നാംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്നു. രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന് 871 പോയന്റുകളാണുള്ളത്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ചഹല്‍, കുല്‍ദീപ്, രവിന്ദ്രജഡേജ എന്നിവര്‍ നേട്ടം കൈവരിച്ചു. റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറ ആദ്യ റാങ്കില്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ റിസ്റ്റ് സ്പിന്നര്‍ യുസ് വേന്ദ്ര ചാഹല്‍ ആദ്യ പത്തില്‍ ഇടം പിടിച്ചു. എട്ടാം റാങ്കിലാണ് ഇപ്പോള്‍ ഇന്ത്യന്‍താരം. അടുത്തിടെ ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിവന്ന രവീന്ദ്ര ജഡേജ 14 സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി 25-ാം റാങ്കിലെത്തി. ബുംറ 841 പോയന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 723 റേറ്റിങ് പോയന്റുകളുമായി കുല്‍ദീപ് യാദവ് മൂന്നാം സ്ഥാനത്താണ്.
വെസ്റ്റ് ഇന്‍ഡീസന്റെ ഷായ് ഹോപ്, ഹെറ്റ്‌മെയര്‍ എന്നിവരാണ് ബാറ്റിംഗ് റാങ്കിംഗില്‍ വലിയ നേട്ടം കൈവരിച്ചവര്‍. ഇന്ത്യക്കെതിരെയുള്ള മത്സരങ്ങളില്‍ ഹോപ് 250 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 62.50 ശരാശരി നേടിയ താരം 22 സ്ഥാനങ്ങള്‍ കയറി 25 ാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹെറ്റ്‌മെയര്‍ ഇന്ത്യക്കെതിരെയുള്ള മത്സരങ്ങളില്‍ 259 റണ്‍സ് സ്‌കോര്‍ചെയ്ത് 51.80 ശരാശരിയോടെ 31 സ്ഥാനങ്ങള്‍ കയറി റാങ്കിംഗില്‍ 26 ാം സ്ഥാനം നേടി. ഇതോടെ ബാറ്റിംഗിലെ ആദ്യ 30 സ്ഥാനങ്ങളില്‍ വീന്‍ഡീസ് ടീമിലെ രണ്ട് താരങ്ങള്‍ ഇടം നേടി. ടീമുകളുടെ റാങ്കിംഗില്‍ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ടിനെക്കാര്‍ അഞ്ച് പോയിന്റ് പിറകിലാണ് ഇന്ത്യ. അതേസമയം മൂന്നാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിന് ഇന്ത്യയെക്കാള്‍ ഒമ്പതു പോയിന്റ് പിന്നിലാണ്.