UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇംഗ്ലണ്ടിനെ എറിഞ്ഞ് വീഴ്ത്തി ഓസിസിന് 64 റണ്‍സ് വിജയം

ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറി കുറിച്ച ആരോണ്‍ ഫിഞ്ചിന്റെ ഇന്നിംഗ്‌സാണ് ഓസിസിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്

ലോകകപ്പില്‍ ഓസിസിനെ നേരിട്ട ഇംഗ്ലണ്ടിന് 64 റണ്‍സിന്റെ പരാജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 285 റണ്‍സ് പിന്‍തുടര്‍ന്ന ഇംഗ്ലണ്ടിന് 44.4 ഓവറില്‍ 221 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് നേടിയ ജെയ്‌സണ്‍ ബെറെന്‍ഡ്രോഫിന്റെയും നാലു വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും ബൗളിംഗ് പ്രകടമാണ് ഓസിസ് വിജയത്തില്‍ നിര്‍ണായകമായത്.

ഇന്നിംഗ്‌സിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ചത്. സ്‌കോറിലേക്ക് ഒരു റണ്‍സ് ചേര്‍ക്കുന്നതിന് മുന്നെ വിക്കറ്റ് നഷ്ടമായി.  ജെയിംസ് വിന്‍സിന്റെ
വിക്കറ്റ് വീഴ്ത്തി ബെറെന്‍ഡ്രോഫാണ് ഇംഗ്ലീഷ് നിരയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് 26 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ജോ റൂട്ട്(8), ഓയിന്‍ മോര്‍ഗന്‍(4) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നിര്‍ണായക വിക്കറ്റുകള്‍ എടുത്തത്  മിച്ചല്‍ സ്റ്റാര്‍ക്കും. പിന്നീട് 53 ന് നാല്, 124 ന് അഞ്ച്, 177 ന് ആറ്, 189 ന് എഴ്, 202 ന് എട്ട്, 211 ന് ഒമ്പത്, 221 ന് പത്ത് ഇങ്ങനെ വന്‍ തകര്‍ച്ചയിലേക്ക് ഇംഗ്ലണ്ട് വീണു. ഇംഗ്ലണ്ട് നിരയില്‍ ബെന്‍സ്‌റ്റോക്‌സ് നേടിയ 89 റണ്‍സാണ് മികച്ച സ്‌കോര്‍. ജോണി ബെയര്‍സ്‌റ്റോ(27), ജോസ് ബട്‌ലര്‍(25), ക്രിസ് വോക്ക്‌സ്(26), മോയിന്‍ അലി(6), അദില്‍ റഷീദ്(25), ജോഫ്ര ആര്‍ച്ചര്‍(1), മാര്‍ക്ക് വുഡ്(1) എന്നിവരും സ്‌കോര്‍ ചെയ്തു. ഓസിസിന് വേണ്ടി അഞ്ച് വിക്കറ്റ് നേടി ജെയ്‌സണ്‍ ബെറെന്‍ഡ്രോഫും നാലു വിക്കറ്റ് നേടി മിച്ചല്‍ സ്റ്റാര്‍ക്കും നിര്‍ണായകമായപ്പോള്‍ ലയണ്‍ ഒരു വിക്കറ്റ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിറങ്ങിയ ഓസ്ട്രേലിയ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ച് ഡേവിഡ് വാര്‍ണര്‍ സഖ്യം ഉയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഓസിസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്നിംഗസ് സ്‌കോര്‍ 123 ല്‍ നില്‍ക്കെയാണ് ഡേവിഡ് വാര്‍ണര്‍(53) നെ മൊയിന്‍ അലി മടക്കിയത്. പിന്നീട് ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറി കുറിച്ച് ആരോണ്‍ ഫിഞ്ച് ഓസിസിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. എന്നാല്‍ ഉസ്മാന്‍ ഖവാജ(23), ഗ്ലെന്‍ മാക്സ്വെല്‍(12), സ്റ്റോണിസ്(8) എന്നിവര്‍ നില ഉറപ്പിക്കാതെ പുറത്തായത് ഓസിസിന് തിരിച്ചടിയായി. അവസാന ഓവറുകളില്‍ സ്റ്റീവ് സ്മിത്ത്(38) സ്‌കോറിംഗ് വേഗം കൂട്ടിയെങ്കിലും ഇന്നിംഗ്സ് സ്‌കോര്‍ 250 ല്‍ നിലെക്ക 46 മത്തെ ഓവറില്‍ പുറത്തായി. ക്രിസ് വോക്ക്സാണ് പുറത്താക്കിയത്. പിന്നീടെത്തിയ പാറ്റ് കമ്മിന്‍സിനെ ഒരു റണ്‍സില്‍ ക്രിസ് വോക്ക്സ് തന്നെ പുറത്താക്കി. ഓപ്പണിംഗ് വിക്കറ്റിലെ ബാറ്റിംഗ് താളം പിന്‍ തുടരാന്‍ സാധിക്കാതെ വന്നതോടെ വലിയ സ്‌കോര്‍ ലക്ഷ്യം വെച്ച ഓസിസിന് തിരിച്ചടിയായി. 173 ന് രണ്ട്, 185 ന് മൂന്ന്, 213 ന് നാല്, 228 ന് അഞ്ച്, 250 ന് ആറ്, 259 ന് ഏഴ് ഇങ്ങനെ ഓസിസ് തകര്‍ച്ചയിലേക്ക് കൂപ്പു കുത്തി. അവസാന ഓവറുകളില്‍ അലക്സ് കറെ(38), മിച്ചല്‍ സ്റ്റാര്‍ക്ക്(4) എന്നിവര്‍ ചേര്‍ന്നാണ് സ്‌കോര്‍ 285 റണ്‍സില്‍ എത്തിച്ചത്. ഇംഗ്ലണ്ട് നിരയില്‍ ക്രിസ് വോക്ക്സ് രണ്ടും ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ബെനല്‍ സ്റ്റോക്സ്, മൊയിന്‍ അലി, എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍