UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തില്‍ വിന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ട് നിര

ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റ് മാത്രമാണ് എതിരാളികര്‍ക്ക് വീഴ്ത്താന്‍ കഴിഞ്ഞത്.

ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന് അനായാസ ജയം. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 33.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപ്പണിങ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത് ജോ റൂട്ട് ജോണി ബെയര്‍‌സ്റ്റോ സഖ്യമാണ് ഇംഗ്ലണ്ടിന് മികച്ച തുടക്കം സമ്മാനിച്ചത്. പിന്നീട് 94 പന്തില്‍ സെഞ്ച്വറി തികച്ച ജോ റൂട്ടിന്റെ ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. വെസ്റ്റ് ഇന്‍ഡീസ് പേസ് നിരയ്‌ക്കെതിരെ ശക്തമായ ആധിപത്യമായിരുന്നു ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടേത്. വികറ്റുകള്‍ നഷ്ടപ്പെടുത്താതെ മോശം ബൗളുകള്‍ മാത്രം തെരഞ്ഞെടുത്ത് ബൗണ്ടറി കടത്തി അവര്‍ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 33 ഓവര്‍ കളിച്ചിട്ടും ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റ് മാത്രമാണ് എതിരാളികര്‍ക്ക് വീഴ്ത്താന്‍ കഴിഞ്ഞത്. 46 പന്തില്‍ 45 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയും 53 പന്തില്‍ 40 റണ്‍സെടുത്ത ക്രിസ് വോക്ക്‌സുമാണ് പുറത്തായവര്‍.ബെന്‍ സ്‌റ്റോക്‌സ്(6) നേടി പുറത്താകാതെ നിന്നു. വിന്‍ഡീസ് നിരയില്‍ ഷാനോന്‍ ഗബ്രിയേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത വിന്‍ഡീസിന് മൂന്നാം വിക്കറ്റില്‍ ഹെറ്റമെയര്‍(39) പുരന്‍(63) എന്നിവരുടെ കൂട്ടുകെട്ടാണ് അല്‍പമെങ്കിലും ഭേദപ്പെട്ട റണ്‍സ് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. എന്നാല്‍ ഇന്നിംഗ്സ് സ്‌കോര്‍ 144 ല്‍ നില്‍ക്കെ ഹെറ്റ്മെയര്‍ പുറത്തായതോടെ വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. ജോറൂട്ടാണ് ഹെറ്റ്‌മെയറുടെ വിക്കറ്റെടുത്തത്. 144 ന് നാല് എന്ന നിലയില്‍ നിന്ന്, 155-5,188-6,202-7,202-8, 211-9, 212-10 എന്നിങ്ങനെ വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ എവിന്‍ ലൂയിസ് (രണ്ട്), ക്രിസ് ഗെയ്ല്‍ (36), ഷായ് ഹോപ്പ് 11), ഹെറ്റ്മയര്‍ (39), ജേസണ്‍ ഹോള്‍ഡര്‍ (ഒന്‍പത്),പുരന്‍(63), റസല്‍(21), ബ്രത്ത്വൈറ്റ്(14) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ സ്‌കോര്‍ ചെയ്തവര്‍. ഇംഗ്ലീഷ് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ മൂന്നും, ജോ റൂട്ട് രണ്ടും, ക്രിസ് വോക്ക്സ്, പ്ലന്‍കെറ്റ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍