സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ് പുറത്തായത്.
ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരെതിരെ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ് പുറത്തായത്. നാലു പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത രോഹിത്, മാറ്റ് ഹെന്റിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥത്തിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. പിന്നീട് ആറു പന്തുകളില്‍ നിന്ന് ഒരു റണ്‍സ് നേടി കോഹ്‌ലിയും ഏഴ് പന്തില്‍ ഒരു റണ്‍സ് നേടി രാഹുലും മടങ്ങി. ഇപ്പോള്‍ നാല് ഓവറില്‍ അഞ്ച് റണ്‍സിന് മൂന്നു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 239 റൺസെടുത്തത്. ന്യൂസീലൻഡ് ഇന്നിങ്സിലെ ശേഷിച്ച 23 പന്തിൽ 28 റൺസാണ് പിറന്നത്. റോസ് ടെയ്‍ലർ (90 പന്തിൽ 74), ടോം ലാഥം (11 പന്തിൽ 10), മാറ്റ് ഹെൻറി (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് ഇന്നു പുറത്തായത്. മിച്ചൽ സാന്റ്നർ (ആറു പന്തിൽ ഒൻപത്), ട്രെന്റ് ബോൾട്ട് (മൂന്നു പന്തിൽ മൂന്ന്) എന്നിവർ പുറത്താകാതെ നിന്നു. ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ (14 പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (51 പന്തിൽ 28), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (95 പന്തിൽ 67), ജിമ്മി നീഷം (18 പന്തിൽ 12), കോളിൻ ഗ്രാൻഡ്ഹോം (10 പന്തിൽ 16) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലൻഡിന് ഇന്നലെ നഷ്ടമായത്. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ 10 ഓവറിൽ 43 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര, യുസ്‍വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.