യശ്വേന്ദ്ര ചഹല്‍ നാല് വിക്കറ്റ് നേടി
ലോകകപ്പില്‍ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആറുവിക്കറ്റിന്റെ വിജയം നേടി ഇന്ത്യ. ഉപനായകന്‍ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി 122 (144) കരുത്തിലാണ് ഇന്ത്യ അനായാസം വിജയം നേടിയത്. നേരത്തെ ദക്ഷിണാഫ്രിക്കയെ 227 എന്ന കുറഞ്ഞ സ്‌കോറില്‍ ഒതുക്കി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 47.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 227-9 (50), ഇന്ത്യ 230-4 (47.3)
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ടീം ഇന്ത്യ രോഹിത് ശര്‍മ്മയുടെയും കെ.എല്‍ രാഹുലിന്റെയും കൂട്ടുകെട്ടില്‍ കരകയറുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (8), നായകന്‍ വിരാട് കോഹ്ലി (18), നാലാമന്‍ ലോകേഷ് രാഹുല്‍ (26), ധോണി(34) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് ധവാന്‍ മടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്ത് വന്ന പന്ത് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ എഡ്ജായി കീപ്പറുടെ കൈകളിലെത്തുകയായിരുന്നു. രോഹിത്തുമായി 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം ക്യാപ്റ്റനും മടങ്ങി. ഫെഹ്ലുക്വാവോയുടെ ബാക്ക് ഓഫ് ലെങ്ത് പന്ത് തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിക്കുന്നതിടെ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. വിക്കറ്റിന് പിന്നില്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ ക്യാച്ച്.
നാലാം നമ്പറില്‍ എത്തിയ കെ.എല്‍ രാഹുല്‍, രോഹിതുമായി 85 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്‌കോറില്‍ ചേര്‍ത്തത് പിന്നീട് റബാഡയുടെ പന്തില്‍ താരം പുറത്തായി. പിന്നീടെത്തിയ ധോണി (34) ചെറുത്തു നില്‍പ് നടത്തിയെങ്കിലും മോറിസിന്റെ പന്തില്‍ പുറത്തായി. ഈ സമയം ഇന്ത്യക്ക് ജയിക്കാന്‍ 23 പന്തുകളില്‍ 15 റണ്‍സ് വേണ്ടിയിരുന്നു. പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യയുമായി ചേര്‍ന്ന് ഇന്ത്യയുടെ ഹിറ്റമാന്‍ ടീമിനെ വിജയത്തിലെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ റബാഡ രണ്ടും ഫെഹ്ലുക്വാവോ, മോസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. യശ്വേന്ദ്ര ചഹല്‍ നാല് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ 89-ന് അഞ്ച് എന്ന ദയനീയാവസ്ഥയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 42 റണ്‍സ് നേടിയ ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ബൂമ്ര എന്നിവര്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.