UPDATES

കായികം

ലോകകപ്പില്‍ കോഹ്‌ലിയും രോഹിതും കസറുമ്പോള്‍ രാം ഭണ്ഡാരിക്കും അഭിമാനിക്കാം

ബിഹാര്‍ സ്വദേശിയായ രാം ഭണ്ഡാരി 1979-ലാണ് ബെംഗളൂരൂവിലെത്തിയത്.

ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ അടിച്ച് തകര്‍ക്കുമ്പോള്‍ ബെംഗളൂരുവില്‍ അഭിമാനം കൊളളുകയാണ് രാം ഭണ്ഡാരി.കാരണം എന്താണന്നല്ലേ?.കോഹ്‌ലിയും രൊഹിത് ശര്‍മയും ലോകകപ്പിലുപയോഗിക്കുന്ന ബാറ്റുകള്‍ നവീകരിച്ചത് രാം ഭണ്ഡാരിയാണ്. ഇരുവരുടെയും ബാറ്റിന്റെ ഹാന്‍ഡില്‍ മാറ്റി ആവശ്യപ്പെട്ട രീതിയില്‍ നന്നാക്കി കൊടുത്തു രാം ഭണ്ഡാരി. 20 വര്‍ഷത്തെ ജോലിക്കിടയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്ര സിങ് ധോനി, വീരേന്ദര്‍ സെവാഗ്, റിക്കി പോണ്ടിങ്, ക്രിസ് ഗെയില്‍, മാത്യു ഹെയ്ഡന്‍, ബ്രയാന്‍ ലാറ തുടങ്ങിയ പ്രമുഖ താരങ്ങളുടെയെല്ലാം ബാറ്റുകള്‍ തന്റെ കൈകളിലൂടെ കടന്നുപോയവയാണെന്ന് രാം ഭണ്ഡാരി അവകാശപ്പെടുന്നു. ബാറ്റ് റിപ്പയറിങ്ങിലെ പ്രാഗത്ഭ്യംകൊണ്ട് ‘ബാറ്റ് ഡോക്ടര്‍’ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ബാറ്റില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ താരങ്ങള്‍ രാം ഭണ്ഡാരിയെ ആണ് വിളിക്കുന്നത്. അത്രക്ക് വിശ്വാസമാണ് താരങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ ജോലിയില്‍.

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) വഴിയാണ് താരങ്ങള്‍ ബാറ്റ് നന്നാക്കുന്നതിനായി ഭണ്ഡാരിയെ സമീപിക്കുന്നത്. നേരിട്ട് ഫോണില്‍ വിളിച്ചും ബാറ്റ് നന്നാക്കിത്തരണമെന്ന് താരങ്ങള്‍ ആവശ്യപ്പെടും. ഇതനുസരിച്ച് കെ.സി.എ. ആസ്ഥാനത്തെത്തി ബാറ്റുകള്‍ ശേഖരിച്ച് വര്‍ക്‌ഷോപ്പിലെത്തിച്ച് നന്നാക്കുകയാണ് പതിവ്. എന്നാല്‍, ഐ.പി.എല്‍. സമയത്ത് ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തി ബാറ്റ് നന്നാക്കിക്കൊടുക്കും. ഐ.പി.എല്‍. സമയത്താണ് വിദേശതാരങ്ങളുടെ ബാറ്റുകള്‍ കൂടുതല്‍ നന്നാക്കി നല്‍കുന്നതെന്ന് ഭണ്ഡാരി പറയുന്നു. ബിഹാര്‍ സ്വദേശിയായ രാം ഭണ്ഡാരി 1979-ലാണ് ബെംഗളൂരൂവിലെത്തിയത്. രഞ്ജി ട്രോഫി കളിക്കുന്ന സമയത്ത് രാഹുല്‍ ദ്രാവിഡിന്റെ ബാറ്റായിരുന്നു ആദ്യം നന്നാക്കിയത്. ദ്രാവിഡാണ് ഗാംഗുലി, സച്ചിന്‍ തുടങ്ങിയവര്‍ക്ക് രാം ഭണ്ഡാരിയെ പരിചയപ്പെടുത്തിക്കൊടുത്തത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍