UPDATES

കായികം

വ്യത്യസ്തമായ ബൗളിംഗ് ആക്ഷൻ, ബാറ്റ്സ്മാൻമാർക്ക് ഭീഷണിയായി ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് ലസിത് മലിംഗ

ഇന്നലെ ലോകകപ്പില്‍ ശക്തരായ ഇംഗ്ലീഷ് പടയെ തകര്‍ത്ത് വിജയം സ്വന്തമാക്കിയിരിക്കുകയാണ് ശ്രീലങ്കന്‍ നിര

ലോകക്രിക്കറ്റിലേക്ക് വ്യത്യസ്തമായ ബൗളിംഗ് ആക്ഷനുമായി എത്തിയ താരമാണ് ശ്രീലങ്കയുടെ സൂപ്പര്‍ പേസര്‍ ലസിത് മലിംഗ. ഡെത്ത് ബൗളര്‍ എന്നാണ് താരത്തെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. നിര്‍ണായ ഘട്ടങ്ങളില്‍ മികവ് പുറത്തെടുത്ത് ടീമിന് ജയം സമ്മാനിക്കുന്നതിനലാണ് താരത്തിനെ ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കാന്‍ കാരണം.

2004 ല്‍ ആസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയാണ് ലസിത് മലിംഗയുടെ ലങ്കന്‍ ടീമിലേക്കുള്ള പ്രവേശനം. അരങ്ങേറ്റ മത്സരത്തില്‍ 90 ന് ആറു വിക്കറ്റ് നേട്ടം കൊയ്തു താരം. ലോകക്രിക്കറ്റില്‍ നാലു പന്തുകളില്‍ നിന്ന് നാലു വിക്കറ്റ് നേടിയ താരമാണ് മലിംഗ. 2007 ലോകകപ്പില്‍ സൗത്താഫ്രിക്കയ്‌ക്കെതിരെയായിരുന്നു മലിംഗയുടെ ഈ പ്രകടനം. കൂടാതെ ഏകദിന ക്രിക്കറ്റില്‍ രണ്ടു തവണ ഹാട്രിക് നേടുന്ന താരമെന്ന നേട്ടവും ലസിത് മലിംഗ സ്വന്തമാക്കിയിട്ടുണ്ട്. ഓസിസിനും കെനിയയ്ക്കുമെതിരെയായിരുന്നു ഇത്.ശ്രീലങ്കയ്ക്കു വേണ്ടി ടെസ്റ്റില്‍ 100 വിക്കറ്റ് നേടിയ മൂന്നാമത്തെ താരമാണ് മലിംഗ. 2008 ല്‍ കാല്‍മുട്ടിനേറ്റ പരുക്ക് താരത്തിന് വെല്ലുവിളിയാകുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം 2011 ഏപ്രിലില്‍ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 2014 ടി20 വേള്‍ഡ് കപ്പില്‍ ശ്രീലങ്കയെ നയിച്ച മലിംഗയ്ക്ക് 2015 വേള്‍ഡ് കപ്പിന് ശേഷം അമിതഭാരത്തെ തുടര്‍ന്ന് ഫിറ്റ്‌നസ് നഷ്ടമായിരുന്നു. 2016 ടി20 വേള്‍ഡ് കപ്പിലും താരത്തിനെ പരിക്ക് പിന്‍തുടര്‍ന്നു. ലങ്കന്‍ ടീമിന്റെ നായകസ്ഥാനവും താരം രാജിവെച്ചു.

ഇന്നലെ ലോകകപ്പില്‍ ശക്തരായ ഇംഗ്ലീഷ് പടയെ തകര്‍ത്ത് വിജയം സ്വന്തമാക്കിയിരിക്കുയാണ് ശ്രീലങ്കന്‍ നിര. നിര്‍ണായക വിക്കറ്റുകള്‍ എടുത്ത് ലങ്കയ്ക്ക് വിജയം സമ്മാനിച്ചത് സൂപ്പര്‍ പേസര്‍ ലസിത് മലിംഗ തന്നെയാണ്. മത്സരത്തില്‍ മലിംഗയുടെത് നാലു വിക്കറ്റ് പ്രകടനമായിരുന്നു. പത്ത് ഓവര്‍ എറിഞ്ഞ താരം ഒരു മെയ്ഡിനടക്കം 43 റണ്‍സാണ് വിട്ടുകൊടുത്തത്. മത്സരത്തിലൂടെ ലസിത് മലിംഗ അമ്പതാം ലോകകപ്പ് വിക്കറ്റ് എന്ന നേട്ടവും സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ നാലു മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ വീഴ്ത്തിയപ്പോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരുടെ കൂട്ടത്തില്‍ നാലാം സ്ഥാനത്തെത്താനും മലിംഗക്കായി.

ഇനി മലിംഗയ്ക്ക് മുന്നിലുള്ളത് 55 വിക്കറ്റുകള്‍ വീഴ്ത്തിയ പാക്കിസ്ഥാന്റെ വസിം അക്രവും 68 വിക്കറ്റുകള്‍ വീഴ്ത്തിയ ലങ്കയുടെ തന്നെ മുത്തയ്യ മുരളീധരനും 71 വിക്കറ്റുകള്‍ സ്വന്തമായുള്ള ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്തുമാണ്. 36 മത്സരങ്ങളില്‍ നിന്നാണ് അക്രം 55 വിക്കറ്റുകള്‍ വീഴ്ത്തിയത്. ഈ ഫോം തുടര്‍ന്നാല്‍ മലിംഗയ്ക്ക് അക്രമിന്റെ റെക്കോര്‍ഡ് മറി കടക്കാനാകും. 25 ഇന്നിംഗ്സുകളില്‍ നിന്നാണ് മലിംഗയുടെ നേട്ടം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍