UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവസാന ഓവറില്‍ കിവിസിന് വിജയം സമ്മാനിച്ച് നായകന്‍ കെയിന്‍ വില്യംസണ്‍

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 49 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്.

ലോകകപ്പില്‍ കിവികളുടെയും ദക്ഷിണാഫ്രിക്കയുടെയും പേസ് നിരകള്‍ കത്തികയറിയപ്പോള്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ മറികടന്ന കിവീസിന് നാലു വിക്കറ്റ് വിജയം. പുറത്താകാതെ നിന്ന നായകന്‍ കെയിന്‍ വില്ല്യംസണ്‍(106) ന്റെ ഇന്നിംഗ്‌സാണ് കിവിസിനെ വിജയതീരത്ത് എത്തിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സാണ് ന്യുസിലാന്‍ഡിന് വേണ്ടിയിരുന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിന് ഇന്നിംഗ്‌സ് സ്‌കോര്‍ 12 ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷടമായി. ഒമ്പത് റണ്‍സ് നേടിയ കോളിന്‍ മുണ്‍റോയുടെ വിക്കറ്റാണ് നഷ്ടമായത്. ഡബാഡയുടെ ഓവറിലാണ് താരം പുറത്തായത്. പീന്നീട് അങ്ങോട്ട് സൗത്താഫ്രിക്കന്‍ ബൗളര്‍മാരെ കരുതലോടെ നേരിട്ട കിവീസിന് 72 റണ്‍സില്‍ നില്‍ക്കെ മാര്‍ട്ടില്‍ ഗുപ്തിലി(35)ന്റെ അപ്രതീക്ഷിത മടക്കം കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഹിറ്റ് വിക്കറ്റിലൂടെയാണ് താരം പുറത്തായത്. ശേഷമെത്തിയ റോസ് ടെയ്‌ലര്‍(1) രണ്ട് ഓവറുകള്‍ക്ക് ശേഷം, മടങ്ങി. ദക്ഷിണാഫ്രിക്കയ്ക്കായി ഈ നിര്‍ണായക വിക്കറ്റെടുത്തത് മോറിസ് ആയിരുന്നു. 74 ന് മൂന്ന്, 80 ന് നാല്, 137 ന് അഞ്ച് എന്നിങ്ങനെ കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറി. കിവിസ് നിരയില്‍ നായകന്‍ കെയ്ന്‍ വില്ല്യംസണ്‍(106) ഇന്നിംഗ്‌സും ഗ്രാന്‍ഡ് ഹോം (60) ന്റെ ഇന്നിംഗ്‌സുമാണ് കിവിസിന് നിര്‍ണായകമായത്. ടോം ലാതം(1), ജെയിംസ് നിസാം(23), മിച്ചല്‍ സാറ്റ്‌നര്‍(2) എന്നിവരാണ് ന്യൂസിലാന്‍ഡിനായി സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍.  ദക്ഷിണാഫ്രിക്കണ്‍ നിരയില്‍ ക്രിസ്‌മോറിസ് മൂന്നും റബാഡ, ഫെലുക്യായോ,ലുങ്കി എഗിഡി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 49 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. ടോസ് നേടിയ കിവീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ഇന്നിംഗ്സ് സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കെ രണ്ടാം ഓവറില്‍ ഡി കോക്ക്(5) പുറത്തായി. ബോള്‍ട്ടാണ് വിക്കറ്റ് നേടിയത്. ശേഷമെത്തിയ ഫാഫ് ഡ്യൂപ്ലസിസും ഹഷിം അംലയും കിവീസ് പേസ് നിരയ്ക്ക് മുന്നില്‍ ചെറുത്തു നില്‍ക്കാനാണ് ശ്രമം നടത്തിയത്. സ്‌കോറിംഗ് വേഗം കുറഞ്ഞതോടെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച ഡ്യൂപ്ലസിസ്(23) പുറത്തായി. മര്‍ക്രം(38), അംല(55) എന്നിവരുടെ കൂട്ടുകെട്ടാണ് അല്‍പമെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിച്ചത്. 59 ന് രണ്ട് എന്ന നിലയില്‍ നിന്ന് സ്‌കോര്‍ 111 വരെ എത്തിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. പിന്നീട് സാറ്റ്നറുടെ ഓവറില്‍ അംല പുറത്താകുകയായിരുന്നു. പിന്നീട് വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടപ്പെടുകയായിരുന്നു. 136 ന് നാല്, 208 ന് അഞ്ച്,218 ന് ആറ് എന്നിങ്ങനെ വിക്കറ്റുകള്‍ നഷ്ടമമായി. വാന്‍ ഡെര്‍ ഡസന്‍(67 ),ഡേവിഡ് മില്ലര്‍(36), മോറിസ്(6 ) എന്നിവരാണ് സ്‌കോറിംഗ് നടത്തിയ മറ്റുള്ളവര്‍. കീവീസ് നിരയില്‍ ട്രെന്റ് ബോള്‍ട്ട്, ഗ്രാന്‍ഡ് ഹോം, സാറ്റ്നര്‍ എന്നിവര്‍ ഒരോ വിക്കറ്റും. ഫെര്‍ഗൂസണ്‍ മൂന്ന് വിക്കറ്റും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍