UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാബര്‍ അസമിന്റെ സെഞ്ച്വറി കരുത്തായി; കിവിസിനെതിരെ പാക്കിസ്ഥാന് അവസാന ഓവറില്‍ ജയം

ജെയിംസ് നീഷം(97), ഗ്രാന്‍ഡ് ഹോം(64) എന്നിവര്‍ ചെറുത്തു നിന്നതാണ് കിവിസിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

ലോകകപ്പില്‍ കിവിസിനെതിരെ പാക്കിസ്ഥാന് ആറ് വിക്കറ്റ് ജയം. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 237 റണ്‍സ് വിജയ ലക്ഷ്യം പാക്കിസ്ഥാന്‍ 49.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ബാബര്‍ അസം 127 പന്തുകളില്‍ നിന്ന് നേടിയ 101 റണ്‍സാണ് പാക്കിസ്ഥാന്‍ ജയത്തില്‍ നിര്‍ണായകമായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് തുടക്കം മോശമായിരുന്നു. 19 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍ ഫഖര്‍ സമനെ നഷ്ടമായി. ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറില്‍ ഫൊര്‍ഗൂസണാണ് വിക്കറ്റെടുത്തത്. പിന്നീട് ഇന്നിംഗ്‌സ് സ്‌കോര്‍ 44 ല്‍ നില്‍ക്കെ ഇമാം ഉള്‍ ഹഖും മടങ്ങി. പീന്നീടെത്തിയ ബാബര്‍ അസം(101) മുഹമ്മദ് ഹഫീസ് എന്നിവരുടെ കൂട്ടുകെട്ടാണ് പാക് നിരയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് പാക് സ്‌കോര്‍ 110 ല്‍ എത്തിച്ചു. കെയിന്‍ വില്ല്യസണിന്റെ ഓവറില്‍ 32 റണ്‍സെടുത്ത് ഹാഫീസ് മടങ്ങിയ ശേഷം ഹാരിസ് സൊഹാലി(68) യുമായി ചേര്‍ന്ന് ബാബര്‍ അസം സ്‌കോറിംഗ് വേഗം കൂട്ടി. ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. 49 ആം ഓവറില്‍ ഹാരിസ് പുറത്തായ ശേഷം സര്‍ഫ്രാസ് അഹദിനൊപ്പം(5) പാക്കിസ്ഥാന് വിജയ റണ്‍ കുറിച്ചു. ന്യൂസിലാന്‍ഡ് നിരയില്‍ ട്രെന്‍ഡ് ബോള്‍ട്ട്, ഫെര്‍ഗൂസണ്‍, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. അഞ്ച് റണ്‍സ് എടുക്കുന്നതിനിടെ മാര്‍ട്ടിന്‍ ഗുപ്തില്‍(5)നെ മുഹമ്മദ് അമീര്‍ പുറത്താക്കുകയായിരുന്നു. പിന്നീട് 24 ന് രണ്ട്, 38 ന് മൂന്ന്, 46 ന് നാല്, എന്നിങ്ങനെ 50 റണ്‍സ് തികയ്ക്കും മുന്നെ കിവിസിന് നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. മൂന്നു വിക്കറ്റുകള്‍ നേടി ഷഹീന്‍ അഫ്രിദി പാക് ബൗളിംഗ് നിരയില്‍ തിളങ്ങി. കോളിന്‍ മുന്റോ(12), റോസ് ടെയ്ലര്‍(3), ടോം ലാതം(1) എന്നിവരാണ് പുറത്തായത്. ബാറ്റിംഗ് തുടക്കത്തിലെ വിക്കറ്റുകള്‍ കളഞ്ഞത് കിവിസ് സ്‌കോറിംഗിനെ ബാധിച്ചു. പിന്നീട് വേഗം കുറഞ്ഞ സ്‌കോറിംഗിലൂടെ നായകന്‍ കെവിന്‍ വില്യംസണ്‍(41) ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും താരത്തെ ഷഹബ് ഖാന്‍ പുറത്താക്കി. ശേഷം ആറാം വിക്കറ്റില്‍ ജെയിംസ് നീഷം(97), ഗ്രാന്‍ഡ് ഹോം(64) എന്നവിര്‍ ചെറുത്തു നിന്നതാണ് കിവിസിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 132 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശ്രമിച്ചതോടെ ഗ്രാന്‍ഡ് ഹോം 48 ആം ഓവറില്‍ പുറത്തായി. പിന്നീടെത്തിയ മിച്ചല്‍ സാറ്റ്നര്‍ 5 റണ്‍സ് സ്‌കോര്‍ ചെയ്തു. നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് ന്യൂസിലാന്‍ഡ് സ്‌കോര്‍ ചെയ്തത്. പാക്കിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രിദി മൂന്നും, മുഹമ്മദ് അമീര്‍, ഷദബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍