UPDATES

കായികം

ഇന്ത്യയുടെ സെമി തോല്‍വി; കാരണങ്ങള്‍ ഇവയാണ്

ജഡേജ പുറത്തായതിന് ശേഷവും സൂപ്പര്‍ ഫിനിഷര്‍ ധോണിയില്‍ ആരാധകര്‍ പ്രതീക്ഷ അര്‍പ്പിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം.

ലോകകപ്പ് സെമിയില്‍ കിവീസിനെതിരെ ഇന്ത്യ തോല്‍വിയിലേക്ക് എത്തിയത് എങ്ങനെയാണ്. ടൂര്‍ണമെന്റിലെ ആദ്യ സെമിയില്‍ ന്യൂസീലാന്‍ഡിനോട് 18 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യ പകുതിയില്‍ ബൗളിംഗ് നിരയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ എതിരാളികളെ കുറഞ്ഞ  സ്‌കോറില്‍ ഒതുക്കിയപ്പോള്‍ ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ഇന്ത്യയുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ ചീട്ട് കൊട്ടാരം പോലെ ഒന്നിന് പുറകെ ഒന്നായി കൂടാരം കയറി. മത്സരത്തില്‍ ചെറുത്ത് നില്‍പ് നടത്തിയത് രവീന്ദ്ര ജഡേജയും ധോണിയും മാത്രം.

ടൂര്‍ണമെന്റില്‍ കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ പോയിന്റ് പട്ടികിയില്‍ ഒന്നാം സ്ഥാനക്കാരായാണ് സെമി പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍  കാര്യങ്ങള്‍ എല്ലാം തല തിരിഞ്ഞു. ടൂര്‍ണമെന്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച രോഹിത് ശര്‍മ്മയുടെ മടക്കമായിരുന്നു ഇന്ത്യന്‍ ആരാധകരെ ആദ്യം നിരാശയിലാഴ്ത്തിയത്.

നാല് ഓവറിനുള്ളില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ രോഹിത്, കോഹ്‌ലി, രാഹുല്‍ സഖ്യത്തിന്റെ കൂടാരം കയറിയതോടെ ഇന്ത്യ പതറി. മൂവരുടെയും ബാറ്റിംഗ് മികവാണ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സ്‌കോറിംഗില്‍ നിര്‍ണായകമായത്. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ഇവരുടെ പ്രകടനം മോശമായതാണ് ഇന്ത്യന്‍ തോല്‍വിക്ക് പിന്നിലെ ഒരു കാരണം.

മുന്‍ നിരക്കാര്‍ പുറത്തായപ്പോള്‍ സാഹചര്യം നോക്കി ബാറ്റ് വീശി വിജയത്തിലെത്തിക്കാന്‍ മധ്യനിരയ്ക്ക് കഴിഞ്ഞില്ല. ഋഷഭ് പന്ത് അനായാസം ബാറ്റിംഗ് തുടങ്ങിയെങ്കിലും ദിനേശ് കാര്‍ത്തിക്ക് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. നേരിട്ട ആദ്യ 20 പന്തില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാതിരുന്ന കാര്‍ത്തിക് 25 പന്തില്‍ 6 റണ്‍സെടുത്താണ് പുറത്തായത്. കാര്‍ത്തിക്ക് പുറത്തായശേഷം ഹര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം കൂട്ടുകെട്ടുയര്‍ത്തിയ ഋഷഭ് പന്തും 32 റണ്‍സ് എടുത്ത് മടങ്ങി.

ഋഷഭ് പന്ത് പുറത്തായശേഷം ധോണിയും പാണ്ഡ്യയും സമ്മര്‍ദ്ദത്തിലായത് സ്‌കോറിംഗിനെ ബാധിച്ചു. സീനിയര്‍ ബാറ്റ്‌സ്മാനായ ധോണിയുടെ ബാറ്റില്‍ നിന്ന് റണ്ണൊഴുക്ക് കുറഞ്ഞതോടെ ആക്രമണത്തിന് ശ്രമിച്ച് 32 റണ്‍സെടുക്കുന്നതിനിട പാണ്ഡ്യയും പുറത്തായി. സാന്റ്‌നറെ സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ പാണ്ഡ്യ വില്യംസണ് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തു.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 48-ാം ഓവറില്‍ രവീന്ദ്ര ജഡേജ പുറത്താകുംവരെ ഇന്ത്യക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മറുവശത്ത് ധോണിയുടെ മെല്ലെപ്പോക്ക് സമ്മര്‍ദ്ദം കൂട്ടിയപ്പോള്‍ ബോള്‍ട്ടിനെതിരെ സിക്‌സറടിക്കാന്‍ ശ്രമിച്ച ജഡേജയുടെ പുറത്താകല്‍ കളിയില്‍ നിര്‍ണായകമായി. ഇതോടെ എല്ലാ പ്രതീക്ഷകളും ധോണിയുടെ ചുമലിലായി. ഒരറ്റത്ത് ജഡേജ അടിച്ചു തകര്‍ക്കുമ്പോഴും സിംഗിളുകള്‍ മാത്രമായിരുന്നു ധോണിയുടെ ബാറ്റില്‍ നിന്ന് വന്നത്. ജഡേജക്ക് സ്‌ട്രൈക്ക് കൈമാറാന്‍ പോലും ധോണിക്ക് പലപ്പോഴും കഴിഞ്ഞതുമില്ല.

ജഡേജ പുറത്തായതിന് ശേഷവും സൂപ്പര്‍ ഫിനിഷര്‍ ധോണിയില്‍ ആരാധകര്‍ പ്രതീക്ഷ അര്‍പ്പിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. ധോണി ക്രീസിലുള്ളപ്പോള്‍ അവസാന രണ്ടോവറില്‍ 31 റണ്‍സ് എന്നത് ഇന്ത്യക്ക് അസാധ്യമായിരുന്നില്ല. ലോക്കി ഫെര്‍ഗൂസന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച് ധോണി ആരാധകരെ ആവേശത്തിലാഴ്ത്തുകയും ചെയ്തു. എന്നാല്‍ മൂന്നാം പന്തില്‍ രണ്ടാം റണ്ണിനായി ശ്രമിച്ച ധോണിയെ ഗപ്ടില്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കിയതോടെ ഇന്ത്യ പരാജയം ഉറപ്പിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍