UPDATES

ട്രെന്‍ഡിങ്ങ്

ഇത് ഇന്ത്യയുടെ റണ്‍ മെഷീന്‍ ‘ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ’യുടെ ഭാഗ്യ ലോകകപ്പോ? ഈ മത്സരങ്ങള്‍ പറയുന്നു

സച്ചിന്‍ തെന്‍ഡുല്‍ക്കറിനു ശേഷം ഒരു ലോകകപ്പില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേട്ടത്തിലൂടെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഇതിഹാസങ്ങളുടെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ട് ലോകകപ്പിലെ രോഹിതിന്റെ നാലാമത്തെ സെഞ്ചുറി കൂടിയാണിത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന നേട്ടത്തില്‍ ലങ്കന്‍ താരം കുമാര്‍ സംഗക്കാരയ്‌ക്കൊപ്പമാണ് (4) രോഹിത് ഇപ്പോള്‍. ഇന്നലെ ബംഗ്ലാദേശിനെ 28 റണ്‍സിന് പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യ സെമിയിലേക്ക് നടന്നു കയറിയതിനൊപ്പം ഒരുപറ്റം റിക്കോര്‍ഡുകള്‍ കൂടിയാണ് രോഹിത് ശര്‍മ കൈപ്പിടിയിലൊതുക്കിയത്.

92 പന്തില്‍ 104 റണ്‍സ് എടുത്ത രോഹിതിന്റെ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് നേടി. ഏഴു ഫോറം അഞ്ചു സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു ഇന്ത്യന്‍ ഹിറ്റ്‌മാന്റെ ഇന്നിംഗ്സ്. ഇതോടെ ഏഴ് ഇന്നിംഗ്സുകളിലായി 544 റണ്‍സ് നേടി ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും രോഹിതായി. 542 റണ്‍സ് നേടിയ ബംഗ്ലാദേശിന്റെ ഓള്‍റൌണ്ടര്‍ ഷകിബ് അല്‍ ഹസനാണ് രണ്ടാം സ്ഥാനത്ത്. പക്ഷേ ഇന്നലത്തെ പരാജയത്തോടെ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. രോഹിതിന്റെ 26-മത്തെ സെഞ്ചുറി കൂടിയായിരുന്നു ഇന്നലത്തേത്. രോഹിതിന്റെ ഇപ്പോഴുള്ള രണ്‍ ശരാശരി ഇങ്ങനെ- 90.66. സ്ട്രൈക്ക് റേറ്റ്- 96.96.

2015 ലോകകപ്പിലാണ് കുമാര്‍ സംഗക്കാര നാല് സെഞ്ചുറികള്‍ സ്വന്തമാക്കിയത്. സതാംപ്ടണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും (122) മാഞ്ചസ്റ്ററില്‍ പാക്കിസ്ഥാനെതിരെ (140) യും ഇന്നലെ മത്സരം നടന്ന അതേ ഗ്രൌണ്ടില്‍ ഇംഗ്ളണ്ടിനെതിരെ (102)യും ആയിരുന്നു ഈ ലോകകപ്പിലെ രോഹിതിന്റെ മറ്റു മൂന്നു സെഞ്ചുറി നേട്ടങ്ങള്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓവലില്‍ നടന്ന മല്‍സരത്തില്‍ അര്‍ധസെഞ്ചുറിയും (57) സ്വന്തമാക്കി. ഇതുവരെ മൂന്നു തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും രോഹിത് നേടിക്കഴിഞ്ഞു.

സച്ചിന്‍ തെന്‍ഡുല്‍ക്കറിനു ശേഷം ഒരു ലോകകപ്പില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. 544 റണ്‍സ് നേടി ഈ ലോകകപ്പില്‍ റണ്‍വേട്ടക്കാരുടെ പട്ടികയിലും രോഹിത് മുന്നിലെത്തി. ഓസീസ് താരം ഡേവിഡ് വാര്‍ണറെ കടന്നാണ് രോഹിതിന്റെ മുന്നേറ്റം. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന കളിക്കാരന്‍ എന്ന ബഹുമതി ഇപ്പോഴും തെണ്ടുല്‍ക്കറിന്റെ പേരിലാണ്- 673 (2003), തൊട്ടു പിന്നില്‍ ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡന്‍- 659 (2007),  ശ്രീലങ്കയുടെ മഹേല ജയവര്‍ധന 548 (2007),  ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്ടില്‍ – 547 (2015).  സെമിയില്‍ പരാജയപ്പെട്ടാല്‍ പോലും ഇന്ത്യക്ക് കുറഞ്ഞത് ഇനിയും രണ്ടു മത്സരങ്ങള്‍ കൂടി ശേഷിക്കുന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മ റണ്‍ വേട്ടയില്‍ ഇവരെയൊക്കെ മറികടന്നാലും അത്ഭുതപ്പെടാനില്ല.

ഈ ലോകകപ്പ് രോഹിതിന്റെ ഭാഗ്യലോകകപ്പാണ് എന്നും പറയേണ്ടി വരും. ടൂര്‍ണമെന്റില്‍ രോഹിത് മികച്ച പ്രകടനം കാഴ്ചവച്ച എല്ലാ മല്‍സരങ്ങള്‍ക്കും ഒരു പ്രത്യേകതയുണ്ട്. ചെറിയ സ്‌കോറില്‍ നില്‍ക്കുമ്പോള്‍ എതിരാളികള്‍ രോഹിതിന്റെ ക്യാച്ച് പാഴാക്കിയിട്ടുണ്ട്. ഈ കളികളിലെല്ലാം രോഹിത് വന്‍ തിരിച്ച് വരവ് നടത്തുകയും ചെയ്തു.

ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രോഹിത് ഒരു റണ്‍ മാത്രമെടുത്തു നില്‍ക്കുമ്പോള്‍ നല്‍കിയ ക്യാച്ച് ദക്ഷിണാഫ്രിക്ക പാഴാക്കിരുന്നു. ഈ മല്‍സരത്തില്‍ രോഹിത് പുറത്താകാതെ നേടിയത് 122 റണ്‍സ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ട് റണ്‍സെടുത്തു നില്‍ക്കെ രോഹിത് ക്യാച്ച് നല്‍കിയിരുന്നു. ക്യാച്ച് പാഴാക്കിയതോടെ പിന്നീട് 57 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ഇംഗ്ലണ്ടിനെതിരെ നാല്, ബംഗ്ലദേശിനെതിരെ ഒന്‍പത് റണ്‍സും നേടി നില്‍ക്കെ രോഹിതിനെ എതിര്‍ ടീം കൈവിട്ടിരുന്നു. രോഹതിന്റെ ഇന്നിംഗ്സ് ഈ കളികളില്‍ അവസാനിച്ചത് ഇങ്ങനെ- 102, 104.

ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഒന്‍പതു റണ്‍സെടുത്തു നില്‍ക്കെ ക്യാച്ച് നല്‍കിയപ്പോള്‍ ബൗണ്ടറിക്കരികെ തമിം ഇക്ബാല്‍ നഷ്ടപ്പെടുത്തി. ഇന്നിംഗ്‌സിന്റെ അഞ്ചാം ഓവറില്‍ മുസ്താഫിസുര്‍ റഹ്മാന്റെ ഓവറിലാണ് താരത്തിന് ഭാഗ്യം തുണച്ചത്. ഇവിടെ നിന്ന് സെഞ്ചുറിയിലേക്ക് രോഹിത് മുന്നേറുകയും അത് ഇന്ത്യയുടെ വിജയത്തിലേക്കുള്ള കാരണങ്ങളില്‍ ഒന്നുമായിത്തീര്‍ന്നു.

Also Read: ഇന്ത്യയെ വിറപ്പിച്ച് ബംഗ്ലാ കടുവകള്‍, ഒടുവിൽ ബുംറയ്ക്ക് മുന്നില്‍ വിറച്ച് വീണു

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍