UPDATES

ട്രെന്‍ഡിങ്ങ്

ഏഴ് മത്സരങ്ങളില്‍ അഞ്ചും പരാജയം; ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ദുരന്തം

നിര്‍ഭാഗ്യങ്ങളാണ് മുന്‍ വര്‍ഷങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് നേട്ടത്തിന് വെല്ലുവിളി ആയതെങ്കില്‍ ഇത്തവണ ടീം തുടക്കം മുതലെ പരാജയം ഏറ്റവാങ്ങുകയായിരുന്നു.

കരുത്തന്‍മാരായ ദക്ഷിണാഫ്രിക്കയ്ക്ക് ഇത്തവണയും ലോകകപ്പ് നേട്ടമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ ലോര്‍ഡ്‌സില്‍ നടന്ന നിര്‍ണായക മല്‍സരത്തില്‍ പാക്കിസ്ഥാനോടു തോറ്റതോടെയാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയറ്റത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ശരാശരിയിലൊതുങ്ങിയ ദക്ഷിണാഫ്രിക്കയെ 49 റണ്‍സിനാണ് പാക്കിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ഇതോടെ ടീം സെമി കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണു നേടിയത്. നിലയുറപ്പിക്കുന്നതില്‍ ഒരിക്കല്‍ക്കൂടി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പരാജയപ്പെട്ടതോടെ മറുപടി നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സില്‍ അവസാനിച്ചു. തോല്‍വി 49 റണ്‍സിന്. 2003നുശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ നോക്കൗട്ടില്‍ കടക്കാതെ പുറത്താകുന്നത്.

ലോകകപ്പ് ചരിത്രത്തില്‍ കരുത്തന്‍മാരുടെ പട്ടികയില്‍ തന്നെയായിരുന്നു ദക്ഷിനാഫ്രിക്കന്‍ നിര എന്നാല്‍ ഒരിക്കല്‍ പോലും ലോകകപ്പില്‍ മുത്തമിടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നിര്‍ഭാഗ്യങ്ങളാണ് മുന്‍ വര്‍ഷങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് നേട്ടത്തിന് വെല്ലുവിളി ആയതെങ്കില്‍ ഇത്തവണ ടീം തുടക്കം മുതലെ പരാജയം ഏറ്റവാങ്ങുകയായിരുന്നു. ഈ ലോകകപ്പില്‍ ഏഴ് മത്സരങ്ങള്‍ ടീം കളിച്ചപ്പോള്‍ അഞ്ചിലും പരാജയമായിരുന്നു ഫലം. അഫ്ഗാനിസ്ഥാനോട് ഒരു മത്സരം ജയിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡിസിനെരെയുള്ള മത്സരം മഴ മുടക്കി. ആദ്യ മത്സരത്തില്‍ ഓവലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോടായിരുന്നു തോല്‍വി. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 311 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 207 ന് ഓള്‍ ഔട്ട്. പിന്നീട് ബംഗ്ലാദേശിനോട് 21 റണ്‍സിന്റെ തോല്‍വി. മൂന്നാം മത്സരത്തില്‍ ഇന്ത്യയോട് ആറു വിക്കറ്റിന്റെ പരാജയം. വെസ്റ്റ് ഇന്‍ഡീസുമായുള്ള അടുത്ത മത്സരം മഴയെ തുടര്‍ന്ന് പോയിന്റ് വീതം വെച്ചു. പിന്നീട് അഫ്ഗാനിസ്ഥാനോട് നേടിയ ഒമ്പത് വിക്കറ്റ് ജയം. എന്നാല്‍ അടുത്ത മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയം വഴങ്ങി ടീം. ഇപ്പോള്‍ പാക്കിസ്താനോടും തോറ്റു. ഇനി ടീമിന് അവശേഷിക്കുന്നത് രണ്ട് മത്സരങ്ങളാണ്. ശ്രീലങ്കയോടും ഓസ്‌ട്രേലിയയോടും എന്നാല്‍ ഇതില്‍ ജയിച്ചാലും സെമിയില്‍ പ്രവേശിക്കാന്‍ ടീമിന് കഴിയില്ല.

ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ കപ്പിന് അടുത്തെത്തിയെങ്കിലും നേടാന്‍ ടീമിന് കഴിഞ്ഞില്ല. 1992ലെ ലോകകപ്പിലാണ് ദക്ഷിണാഫ്രിക്ക ആദ്യം കളിക്കുന്നത്. കെപ്‌ലര്‍ വെസല്‍സിന്റെ നേതൃത്വത്തിലെത്തിയ ടീം സെമിയിലെത്തി. എതിരാളികള്‍ ഇംഗ്ലണ്ട്. മഴ മൂലം 45 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ട് മുന്നോട്ടുവെച്ചത് 253 റണ്‍സിന്‍മഴയെത്തി. അപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 13 പന്തില്‍ 22 റണ്‍സ്. മഴ മൂലം മത്സരം രണ്ടോവര്‍ വെട്ടിച്ചുരുക്കി 43റെ വിജയലക്ഷ്യം. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സില്‍ നില്‍ക്കുമ്പോള്‍ വീണ്ടും ഓവറാക്കി. ഇനി ബാക്കിയുള്ളത് ഒരു പന്ത് മാത്രം. വിജയലക്ഷ്യം 21ഉം. നിസഹായരായി നോക്കിനില്‍ക്കാനെ ദക്ഷിണാഫ്രിക്കന്‍ ടീമിന് കഴിഞ്ഞുള്ളൂ.

1999 ലോകകപ്പ് പ്രതീക്ഷകളില്‍ ഏറെ മുന്നിലായിരുന്നു ദക്ഷിണാഫ്രിക്ക. സെമിയില്‍ എതിരാളികള്‍ ഓസ്‌ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്ക്ക് നേടാനായത് 213 റണ്‍സ് മാത്രം. മറുപടി ബാറ്റിംഗില്‍ 9 വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 9 റണ്‍സ് മാത്രം. ക്രീസില്‍ ലാന്‍സ് ക്ലൂസ്‌നറും അലന്‍ ഡൊണാള്‍ഡും. ആദ്യ രണ്ട് പന്തുകളും ക്ലൂസ്‌നര്‍ ബൗണ്ടറി കടത്തി. സ്‌കോര്‍ ഒപ്പത്തിനൊപ്പം. നാലാം പന്തില്‍ സിംഗിളിനായി ക്ലൂസ്‌നര്‍ ഓടി. മറുവശത്ത് ഓട്ടത്തില്‍ പിഴച്ച അലന്‍ ഡൊണാള്‍ഡ് റണ്ണൗട്ട്. മത്സരം ടൈ. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചിരുന്നു. ഈ ജയത്തിന്റെ ആനുകൂല്യത്തില്‍ സെമിയില്‍ ജയം ഓസ്‌ട്രേലിയയ്ക്ക്.

2003ല്‍ സ്വന്തം കാണികള്‍ക്ക് മുന്നിലും ദക്ഷിണാഫ്രിക്ക നാണം കെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കക്കെതിരായ അവസാന മത്സരം ജയിച്ചാല്‍ സൂപ്പര്‍ സിക്‌സില്‍ കടക്കാം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നേടിയത് 268 റണ്‍സ്. ഇടയ്ക്ക് മഴ പെയ്തതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 45 ഓവറില്‍ 230 റണ്‍സാക്കി പുതുക്കി നിശ്ചയിച്ചു. എന്നാല്‍ നായകന്‍ ഷോണ്‍ പൊള്ളോക്ക് ക്രീസിലേക്ക് അറിയിച്ച സന്ദേശത്തില്‍ വിജയലക്ഷ്യമായി പറഞ്ഞത് 229 റണ്‍സ്. 45 ആം ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സ് അടിച്ച മാര്‍ക്ക് ബൗച്ചര്‍ സ്‌കോര്‍ 229ലേക്കെത്തിച്ചു. ജയിച്ചെന്ന് മനസില്‍ കരുതി. അതിനാല്‍ അവസാന പന്തില്‍ സിംഗിളിന് അവസരം ഉണ്ടായിട്ടും ഓടിയതുമില്ല. നാട്ടുകാരുടെ മുന്നില്‍ നാണംകെട്ട തോല്‍വി. 2015ലും ദക്ഷിണാഫ്രിക്ക സെമിയില്‍ വീണു. അന്ന് തോറ്റത് ന്യൂസിലന്‍ഡിനോടായിരുന്നു.

Read More: ചുവപ്പുനാട വിടാത്ത ഉദ്യോഗസ്ഥര്‍, പിടിവാശിക്കാരിയായ നഗരസഭ അധ്യക്ഷ; ജീവിതം വഴിമുട്ടിക്കുന്ന ആന്തുര്‍ മോഡല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍