UPDATES

ട്രെന്‍ഡിങ്ങ്

ലസിത് മലിംഗ യുഗം അവസാനിക്കുന്നോ? 

2004 ല്‍ ആസ്ട്രേലിയന്‍ പര്യടനത്തിലൂടെയാണ് ലസിത് മലിംഗയുടെ ലങ്കന്‍ ടീമിലേക്കുള്ള പ്രവേശനം.

ലസിത് മലിംഗ-ഒരു കാലത്ത് ശ്രീലങ്കന്‍ ജയങ്ങളില്‍ നിര്‍ണായകമായിരുന്നു സ്ലിംഗര്‍ മലിംഗയെന്ന് വിളിപ്പേരുള്ള താരത്തിന്റെ പ്രകടനം. ബാറ്റ്സ്മാന്‍മാരെ വേഗം കൊണ്ട് വട്ടം കറക്കുന്ന മലിംഗ പക്ഷെ ഇത്തവണ ലോകകപ്പില്‍ ഒറ്റപ്പെട്ട ചില മത്സരങ്ങളില്‍ തിളങ്ങിയതല്ലാതെ വേണ്ട വിധം ശോഭിച്ചില്ല. അത് തന്നെ ആയിരുന്നു ലങ്കന്‍ പരാജയങ്ങള്‍ക്കും വഴിവെച്ചത്. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് നേടിയ നാലുവിക്കറ്റുകള്‍ സ്വന്തമാക്കിയതാണ് താരത്തിന്റെ മിന്നും പ്രകടനം. ഈ പ്രകടനം താരത്തിന് മറ്റൊരു ലോകകപ്പ് നേട്ടം കൂടിയായി. അമ്പതാം ലോകകപ്പ് വിക്കറ്റെന്ന നേട്ടമാണ് മലിംഗ കൈവരിച്ചത്. 25 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു മലിംഗയുടെ ഈ നേട്ടം.

എന്നാല്‍ ഇത്തവണ കൂടുതല്‍ മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരത്തില്‍ നിന്നുണ്ടായത്. വേഗമേറിയ പന്തുകള്‍ക്ക് പകരം ബാറ്റ്‌സമാനെ കബളിപ്പിക്കുന്ന പന്തുകള്‍ എറിയാനാണ് താരം ശ്രമിച്ചത്. അത് അത്ര ഫലിച്ചുമില്ല. അതുകൊണ്ട് തന്നെ ലങ്കക്ക് വിജയവും അകലെ നിന്നു. ലോകകപ്പില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ താരത്തിന്റേത് നിറം മങ്ങിയ പ്രകടനമായിരുന്നു. ഏറ്റവും ഒടുവില്‍ ഇന്ത്യക്കെതിരായ അവസാന മത്സരത്തിലും താരത്തിന് തിരിച്ച് വരാന്‍ സാധിച്ചില്ല. ലങ്കയ്ക്കായി 10 ഓവറുകള്‍ എറിഞ്ഞ് മലിംഗ 82 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. യോര്‍ക്കറുകള്‍ കൊണ്ട് മലിംഗ ബാറ്റ്സ്മാന്‍മാരെ വിറപ്പിച്ചിരുന്നു. എന്നാല്‍ പരുക്കിനെ തുടര്‍ന്ന് വേഗമേറിയ പന്തുകള്‍ എറിയാനാകാതെ വന്നതോടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്ന മലിംഗ ഇല്ലാതാകുകയായിരുന്നു.

2004 ല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലൂടെയാണ് ലസിത് മലിംഗയുടെ ലങ്കന്‍ ടീമിലേക്കുള്ള പ്രവേശനം. അരങ്ങേറ്റ മത്സരത്തില്‍ 90 ന് ആറു വിക്കറ്റ് നേട്ടം കൊയ്തു താരം. ലോകക്രിക്കറ്റില്‍ നാലു പന്തുകളില്‍ നിന്ന് നാലു വിക്കറ്റ് നേടിയ താരമാണ് മലിംഗ. 2007 ലോകകപ്പില്‍ സൗത്താഫ്രിക്കയ്ക്കെതിരെയായിരുന്നു മലിംഗയുടെ ഈ പ്രകടനം. കൂടാതെ ഏകദിന ക്രിക്കറ്റില്‍ രണ്ടു തവണ ഹാട്രിക് നേടുന്ന താരമെന്ന നേട്ടവും ലസിത് മലിംഗ സ്വന്തമാക്കിയിട്ടുണ്ട്. ഓസിസിനും കെനിയയ്ക്കുമെതിരെയായിരുന്നു ഇത്.ശ്രീലങ്കയ്ക്കു വേണ്ടി ടെസ്റ്റില്‍ 100 വിക്കറ്റ് നേടിയ മൂന്നാമത്തെ താരമാണ് മലിംഗ. 2008 ല്‍ കാല്‍മുട്ടിനേറ്റ പരുക്ക് താരത്തിന് വെല്ലുവിളിയാകുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം 2011 ഏപ്രിലില്‍ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 2014 ടി20 വേള്‍ഡ് കപ്പില്‍ ശ്രീലങ്കയെ നയിച്ച മലിംഗയ്ക്ക് 2015 വേള്‍ഡ് കപ്പിന് ശേഷം അമിതഭാരത്തെ തുടര്‍ന്ന് ഫിറ്റ്നസ് നഷ്ടമായിരുന്നു. 2016 ടി20 വേള്‍ഡ് കപ്പിലും താരത്തിനെ പരിക്ക് പിന്‍തുടര്‍ന്നു. അപ്പോഴേക്കും ലങ്കന്‍ ടീമിന്റെ നായകസ്ഥാനവും താരം രാജിവെച്ചിരുന്നു.

Read More: ഇരട്ട സെഞ്ച്വറി കരുത്തില്‍ ഒന്നാമതായി ഇന്ത്യ; ശ്രീലങ്കയ്ക്ക് എതിരെ തകര്‍പ്പന്‍ ജയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍