UPDATES

കായികം

‘എന്തിനാണ് ഇങ്ങനെ ഒരു നിയമം’; കിവീസിന് വില്ലനായ സൂപ്പര്‍ ഓവര്‍ നിയമത്തില്‍ വിവാദം കത്തുന്നു

ഈ സൂപ്പര്‍ ഓവര്‍ നിയമത്തിനെതിരേ ആരാധകരോടൊപ്പം മുന്‍താരങ്ങളും രംഗത്തെത്തി.

ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ട് ജേതാക്കളായതിന് ശേഷം ഐസിസിയുടെസൂപ്പര്‍ ഓവര്‍ നിയമത്തെ ചൊല്ലിയുള്ള വിവാദം കത്തുകയാണ്. ഏകദിന ചരിത്രത്തിലെ തന്നെ ആദ്യ സൂപ്പര്‍ ഓവറിനാണ് ഇന്നലെ ലോഡ്‌സ് സാക്ഷ്യം വഹിച്ചത്. ലോകകപ്പ് ജേതാക്കളെ നിര്‍ണയിച്ച ഈ മത്സരത്തെയും സൂപ്പര്‍ ഓവറിലെ നിയമത്തെയും വിമര്‍ശിക്കുകയാണ് ക്രിക്കറ്റ് ലോകം. മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരഫലം സൂപ്പര്‍ ഓവറില്‍ നിര്‍ണയിക്കപ്പെടുകയായിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറും ടൈ ആയി. ഇതോടെ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയതിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് ലോകചാമ്പ്യന്‍മാരായി. ഇത് സൂപ്പര്‍ ഓവറിന്റെ നിയമത്തില്‍ പറയുന്നതാണെങ്കിലും ഈ മാനദണ്ഡം അംഗീകരിക്കാന്‍ ആകില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ന്യൂസിലന്‍ഡിനേക്കാള്‍ ഒരു റണ്‍ പോലും ഇംഗ്ലണ്ട് അധികം നേടിയിട്ടില്ല. കൂടുതല്‍ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമാവുകയും ചെയ്തു. സൂപ്പര്‍ ഓവര്‍ ന്യൂസിലാന്‍ഡ് സിക്സും അടിച്ചു. എന്നിട്ടും നിയമം ഇംഗ്ലണ്ടിനെ തുണക്കുകയായിരുന്നു. ഇംഗ്ലണ്ട് ആകെ 26 തവണ പന്ത് ബൗണ്ടറി ലൈന്‍ കടത്തിയപ്പോള്‍ ന്യൂസീലന്‍ഡിന്റെ പേരിലുണ്ടായത് മൂന്ന് സിക്സ് അടക്കം 17 ബൗണ്ടറികള്‍.

ഈ സൂപ്പര്‍ ഓവര്‍ നിയമത്തിനെതിരേ ആരാധകരോടൊപ്പം മുന്‍താരങ്ങളും രംഗത്തെത്തി. ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിര്‍ണയിക്കുന്നതില്‍ പരിഗണിക്കുമ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ഓസീസിന്റെ മുന്‍ താരം ഡീന്‍ ജോണ്‍സ് ചൂണ്ടിക്കാട്ടുന്നു. ക്രൂരത എന്നായിരുന്നു കിവീസിന്റെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങിന്റെ ട്വീറ്റ്. ഈ നിയനം ദഹിക്കുന്നതല്ലെന്ന് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫും പറയുന്നു. ഇത് ഐ.സി.സിയുടെ വിഡ്ഢി നിയമം എന്നാണ് ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍