2015ല്‍ അഫ്ഗാനിസ്ഥാനെതിരേ ഓസീസ് നേടിയ 417 റണ്‍സാണ് ലോകകപ്പിലെ ഉയര്‍ന്ന ടീം ടോട്ടല്‍.
ഐസിസി ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ലോകകപ്പ് ടീമില്‍ ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി കിരീടം പിടിക്കാന്‍ ടീമുകളും ഒരുങ്ങി കഴിഞ്ഞു. ഈ മാസം 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. കിരീടം നിലനിര്‍ത്താന്‍ ഓസ്ട്രേലിയ ഇറങ്ങുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം സ്വന്തമാക്കാന്‍ മറ്റ് ടീമുകളും മത്സരിക്കും. കിരീട സാധ്യതയില്‍ ഇന്ത്യ,ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ് എന്നിവരാണ് ഓസ്ട്രേലിയക്കൊപ്പ മുന്നിലുള്ളത്.
ലോകപ്പ് ചരിത്രം നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ടീമെന്ന നിലയില്‍ ഓസ്‌ട്രേലിയയുടെ പ്രകടനം തന്നെയാകും ക്രിക്കറ്റ് ലോകം ഉറ്റു നോക്കുക. 1987,1999,2003,2007,2015 എന്നീ ലോകകപ്പുകളിലാണ് ഓസീസ് ജേതാക്കളായത്. ലോകകപ്പില്‍ ടീമുകളുടെ റെക്കോര്‍ഡ് നോക്കിയാല്‍. കുഞ്ഞന്‍ ടീമുകളുമായി പ്രഭലര്‍ ഏറ്റുമുട്ടിയപ്പോഴുള്ള റെക്കോര്‍ഡ് തന്നെയാണ് ശ്രദ്ധേയം. 2015ല്‍ അഫ്ഗാനിസ്ഥാനെതിരേ ഓസീസ് നേടിയ 417 റണ്‍സാണ് ലോകകപ്പിലെ ഉയര്‍ന്ന ടീം ടോട്ടല്‍. ഈ മത്സരത്തില്‍ 275 റണ്‍സിന് വിജയിച്ചതാണ് ലോകകപ്പിലെ വലിയ വിജയം. 1987ലും 1992ലും ഇന്ത്യയെ ഒരു റണ്‍സിന് തോല്‍പ്പിച്ച ഓസീസ് ഏറ്റവും ചെറിയ വിജയമെന്ന റെക്കോഡും സ്വന്തം പേരിലാക്കി. ലോകകപ്പില്‍ കൂടുതല്‍ വിജയം നേടിയ ടീമും കംഗാരുക്കളാണ്. 62 മത്സരങ്ങളിലാണ് ജയിച്ചത്. 48 ജയം നേടിയ ന്യൂസീലന്‍ഡാണ് രണ്ടാമത്. ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ രണ്ടുവട്ടമാണ് ഓസീസ് കിരീടം നേടിയത്. 2003,2007 സീസണില്‍ 11 മത്സരവും കംഗാരുക്കള്‍ വിജയിച്ചു. തുടര്‍ച്ചയായി കൂടുതല്‍ വിജയം നേടുന്ന ടീമും ഓസീസാണ്. 1999-2011 കാലയളവില്‍ 27 മത്സരമാണ് തോല്‍ക്കാതെ ഓസീസ് കളിച്ചത്.
വ്യക്തിഗത റെക്കോര്‍ഡുകള്‍ നോക്കിയാല്‍ ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേട്ടത്തിന്റെ റെക്കോര്‍ഡ്. 2778 റണ്‍സാണ് അദ്ദേഹം നേടിയത്. 1743 റണ്‍സ് നേടിയ റിക്കി പോണ്ടിങ്ങാണ് രണ്ടാം സ്ഥാനത്ത്. കൂടുതല്‍ സെഞ്ച്വറി (6) കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറി (21) എന്നീ റെക്കോഡും സച്ചിന്റെ പേരില്‍ തന്നെയാണ്. ബാ്റ്റിംഗ് ശരശരിയുടെ കാര്യത്തില്‍ മുന്നില്‍ ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്സിന്റെ പേരിലാണ് (63.52). വേഗത്തില്‍ ഇരട്ട സെഞ്ച്വറി കുറിച്ചവരുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയലാണ് മുന്നില്‍. 2015ല്‍ സിംബാബ്വെയ്ക്കെതിരേ 138 പന്തിലാണ് ഗെയ്ല്‍ ഇരട്ട സെഞ്ച്വറി നേടിയത്. 50 പന്തില്‍ സെഞ്ച്വറി നേടിയ അയര്‍ലന്‍ഡിന്റെ കെവിന്‍ ഒബ്രിയാന്റെ പേരിലാണ് വേഗ സെഞ്ച്വറി. 18 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ബ്രണ്ടന്‍ മക്കല്ലവും വേഗമേറിയ റെക്കോര്‍ഡുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ (237*) പേരിലാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍, ബൗണ്ടറികള്‍ തുടങ്ങിയ പഴയ റെക്കോര്‍ഡുകളെല്ലാം ഈ സീസണില്‍ ഒരു പക്ഷെ തിരുത്തി കുറിച്ചേക്കാം. രാജ്യങ്ങള്‍ താരങ്ങള്‍ക്ക് കുടുതല്‍ ദേശീയ ലീഗുകളും വിദേശ ലീഗ് മത്സരങ്ങളിലും കളിക്കാന്‍ അവസരമൊരുക്കിയതോടെ വിവിധ പിച്ചുകളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ നിഷ്പ്രയാസം സാധ്യമായേക്കും. 37 സിക്‌സുകള്‍ നേടി ക്രിസ് ഗെയിലും ഡിവില്ലിയേഴ്സുമാണ് കൂടുതല്‍ സിക്സറുകള്‍ നേടിയവരുടെ പട്ടികയില്‍ മുന്നില്‍.
ലോകകപ്പിലെ കൂടുതല്‍ ബൗളിങ് റെക്കോഡ് ഓസ്ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്തിന്റെ പേരിലാണ്. കൂടുതല്‍ വിക്കറ്റ് (71),കുറഞ്ഞ ശരാശരി (18.19),മികച്ച ബൗളിങ് പ്രകടനം( 15 റണ്‍സിന് ഏഴ് വിക്കറ്റ്) എന്നിവയാണവ. തുടര്‍ച്ചയായ പന്തുകളില്‍ കൂടുതല്‍ വിക്കറ്റ് നേടിയ റെക്കോഡ് ശ്രീലങ്കയുടെ ലസിത് മലിംഗയുടെ പേരിലാണ്. 2007ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ തുടര്‍ച്ചയായ നാല് പന്തിലും മലിംഗ വിക്കറ്റ് വീഴ്ത്തി.