UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയെ വിറപ്പിച്ച് ബംഗ്ലാ കടുവകള്‍, ഒടുവിൽ ബുംറയ്ക്ക് മുന്നില്‍ വിറച്ച് വീണു

ഇന്ത്യന്‍ നിരയില്‍ നാലു വിക്കറ്റ് നേടിയ ജസ്പ്രിത് ബുംറയുടെ പ്രകടനം നിര്‍ണായകമായി.

ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തിയ 314 റണ്‍സ് പിന്‍തുടര്‍ന്ന ബംഗ്ലാദേശ് നിര 48 ആം ഓവറില്‍ ജസ്പ്രിത് ബുംറയ്ക്ക് മുന്നില്‍ വീണു. 48 ഓവറില്‍ 286 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാ നിരയില്‍ എല്ലാവരും പുറത്തായി. മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.ഇന്ത്യന്‍ നിരയില്‍ നാലു വിക്കറ്റ് നേടി ജസ്പ്രിത് ബുംറയുടെ പ്രകടനം നിര്‍ണായകമായി. ജയത്തോടെ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് തുടക്കം കരുതലോടെ ആരംഭിച്ചെങ്കിലും 39 റണ്‍സില്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. തമിം ഇക്ബാല്‍(22)നെ മടക്കി മുഹമ്മദ് ഷമി ആദ്യ വിക്കറ്റ് വീഴ്ത്തി. പിന്നീട് സ്‌കോര്‍ 74 ല്‍ നില്‍ക്കെ 38 പന്തുകളില്‍ നിന്ന് 33 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിനെ ഹാര്‍ദ്ദിഖ് പാണ്ഡ്യ പുറത്താക്കി.  121 ന് മൂന്ന് എന്ന നിലയില്‍ നിന്ന് അര്‍ധ സെഞ്ച്വറി(66) കരുത്തോടെ ഷാക്കീബ് ഹസന്റെ ഇന്നിംഗ്‌സാണ് ബംഗ്ലാദേശിന് വിജയപ്രതീക്ഷ നല്‍കിയത്. ഒരു വശത്ത് ക്രിസില്‍ പിടിച്ച് നില്‍ക്കാന്‍ ഷാക്കീബ് ശ്രമിച്ചപ്പോള്‍ മുഷ്ഫിക്കര്‍ റഹിം(24), ലിറ്റണ്‍ ദാസ്(22), മൊസദേക്ക് ഹൊെസന്‍(3) എന്നിവര്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി മടങ്ങി. ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ഇന്നിംഗ്‌സിന്റെ 34 മത്തെ ഓവറില്‍ ഹാര്‍ദ്ദീഖ് പാണ്ഡ്യയുടെ പന്തില്‍ ഷാക്കിബ് പുറത്തായി. പിന്നീട് സബീര്‍ റഹ്മാന്‍(36), മുഹമ്മദ് സൈഫുദ്ദീന്‍(51) എന്നിവര്‍ ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കി. എന്നാല്‍ 44 ആം ഓവറില്‍ ബുംറ തകര്‍പ്പന്‍ ബോളില്‍ സബീര്‍ റഹ്മാനെ മടക്കി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസയെ(8) ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. 257 എട്ട് എന്ന നിലിയിലായി ബംഗ്ലാദേശ്. റുബല്‍ ഹൊസെയ്‌നുമായി ചേര്‍ന്ന് മുഹമ്മദ് സൈഫുദ്ദീന്‍ സ്‌കോറിംഗ് വേഗം കൂട്ടി. എന്നാല്‍ 48 മത്തെ ഓവറില്‍ തകര്‍പ്പന്‍ ബോളിംഗുമായി ബുംറ ഇന്ത്യന്‍ വിജയം കുറിച്ചു. തുടര്‍ച്ചയായ രണ്ടു പന്തുകളിലൂടെ റുബലിനെയും(9), മുസ്തഫിസര്‍ റഹ്മാനെയും(0) നെയും പുറത്താക്കി. ഇന്ത്യന്‍ നിരയില്‍ നാലു വിക്കറ്റ് നേടി ജസ്പ്രിത് ബുംറ നിര്‍ണായകമായി. മൂന്നു വിക്കറ്റ് നേടി ഹാര്‍ദ്ദീഖ് പാണ്ഡ്യയും ഓരോ വിക്കറ്റ് നേടി ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ചാഹല്‍ എന്നിവരും തിളങ്ങി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും(77) രോഹിത് ശര്‍മ്മയും(104) മികച്ച തുടക്കമാണ് നല്‍കിയത്. ഈ ലോകപ്പിലെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുമായി ഇരുവരും തിളങ്ങിയപ്പോള്‍ ഇന്ത്യ 180 റണ്‍സെന്ന സുരക്ഷിത സ്‌കോറില്‍ എത്തിയിരുന്നു. ഇന്നിംഗ്സിന്റെ 30 ആം ഓവറിലാണ് ഇന്ത്യക്ക് രോഹിത് ശര്‍മ്മയെ നഷ്ടമാകുന്നത്. 92 പന്തുകളില്‍ നിന്നായിരുന്നു രോഹിത് 104 റണ്‍സ് നേടിയത്. പിന്നീട് 15 റണ്‍സ് അകലെ കെ.എല്‍ രാഹുലിനെയും നഷ്ടമായി. ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി 27 പന്തുകളില്‍ നിന്ന് 26 റണ്‍സ് എടുത്ത് മടങ്ങി. ഇന്ത്യ 237 ന് മൂന്ന് എന്ന നിലയിലായി. പിന്നീട് ക്രീസിലെത്തിയ സൂപ്പര്‍ താരം റിഷഭ് പന്ത് ഇന്ത്യന്‍ സ്‌കോറിംഗ് വേഗത്തിലാക്കി 41 പന്തുകളില്‍ നിന്ന് 48 റണ്‍സെടുത്താണ് താരം മടങ്ങിയത്. ശേഷം ഹാര്‍ദ്ദീഖ് പാണ്ഡ്യ എത്തിയെങ്കിലും അക്കൗണ്ട് തുറക്കാതെ മടങ്ങി. എട്ട് റണ്‍സെടുത്ത് ദിനേഷ് കാര്‍ത്തിക്ക് മടങ്ങുമ്പോള്‍ മറു വശത്ത് ധോണി മാത്രമാണ് ബാറ്റസ്മാനായി ഉണ്ടായിരുന്നത്. അവസാന ഓവറുകളില്‍ 33 പന്തുകളില്‍ നിന്ന് 35 റണ്‍സ് നേടിയ മഹേന്ദ്രസിംഗ് ധോണിയുടെ ഇന്നിംഗ്സ് മികച്ച സ്‌കോര്‍ നേടുന്നതില്‍ നിര്‍ണായകമായി. ഭുവനേശ്വര്‍ കുമാര്‍( 2),മുഹമ്മദ് സമി(1) എന്നിവരും സ്‌കോര്‍ ചെയ്തു. ബംഗ്ലാദേശ് നിരയില്‍ മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും ഷാക്കീബ് അല്‍ ഹസന്‍, റൂബല്‍ ഹൊസെയ്ന്‍, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഒരു വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍