UPDATES

കായികം

ഇന്ത്യയും ഇംഗ്ലണ്ടും അവസാനമായി ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഫലം ഇങ്ങനെ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോകകപ്പില്‍ ഇതുവരെ ഏഴു മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.

ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പോരാട്ടത്തിനിറങ്ങുന്ന ഇംഗ്ലണ്ടിന് മത്സരം നിര്‍ണായകമാണ്. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ഏറ്റവും മികച്ച മത്സരം തന്നെയാകും ഇത്. രണ്ട് ടീമുകളും ഇതുവരെ സെമി ഫൈനല്‍ സ്ഥാനം ഉറപ്പിച്ചിട്ടില്ല. ഇന്ത്യയ്ക്ക് സെമി സാധ്യതയേറെയാണെങ്കിലും ഇംഗ്ലണ്ടിന് ഇന്ത്യയ്ക്കെതിരായ മത്സരം നിര്‍ണായകമാണ്.

ലോകകപ്പില്‍ അവസാനമായി ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍ വന്നത് എട്ട് വര്‍ഷം മുമ്പ് ബംഗ്ലൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 2011 ലോകകപ്പിലായിരുന്നു ഇത്. സമനിലയില്‍ കലാശിച്ച മത്സരത്തില്‍ 676 റണ്‍സും 18 വിക്കറ്റുകളും വീണു. ടോസ് നേടിയ ഇന്ത്യ വലിയ സ്‌കോര്‍ ലക്ഷ്യമാക്കിയാണ് ഇറങ്ങിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 120 റണ്‍സ് നേടിയപ്പോള്‍ ഗൗതം ഗംഭീറും യുവരാജും അര്‍ധസെറഞ്ച്വറികള്‍ തികച്ചു. എന്നാല്‍ അവസാന നാല് ഓവറില്‍ 33 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഇന്ത്യന്‍ സ്‌കോര്‍ 338 റണ്‍സില്‍ അവസാനിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിരയില്‍ സ്‌ട്രോസ് 158 റണ്‍സ് നേടി. ലോകകപ്പിലെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറായിരുന്നു അന്നത്. എന്നാല്‍ ഇന്നിംഗ്‌സിന്റെ 43 ആം ഓവറില്‍ സ്‌ട്രോസ് പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ആറു വിക്കറ്റുകള്‍ ശേഷിക്കെ 43 പന്തുകളില്‍ നിന്ന് 58 റണ്‍സാസായിരുന്നു അപ്പോള്‍ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം. എന്നാല്‍ സഹീര്‍
ഖാന്റെ റിവേഴ്‌സ് സ്വിങ് ബൗളുകള്‍ ഇന്ത്യയെ പരാജയത്തില്‍ നിന്ന് കരകയറ്റി. ഇന്നിംഗ്‌സിന്റെ അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്‌.  മുനഫ് പട്ടേല്‍ എറിഞ്ഞ പന്തില്‍ ഒരു റണ്‍സ് എടുക്കാനെ ഗ്രയ്മ് സ്‌വാന് കഴിഞ്ഞുള്ളു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോകകപ്പില്‍ ഇതുവരെ ഏഴു മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടു ടീമുകളും തമ്മില്‍ 3 മത്സരങ്ങള്‍വീതം ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയിലായി. ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഫലം ഇങ്ങനെ. 1975ലെ ആദ്യ ലോകകപ്പിലാണ് രണ്ടു ടീമുകളും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ദുര്‍ബലരായിരുന്ന ഇന്ത്യയെ 202 റണ്‍സിന് ഇംഗ്ലണ്ട് തോല്‍പ്പിച്ചു. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ വര്‍ഷത്തില്‍ ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. സെമി ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ 6 വിക്കറ്റിനാണ് ഇന്ത്യ കീഴ്പ്പെടുത്തിയത്. 1987ല്‍ ജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. അന്ന് മുംബൈയില്‍ വെച്ച് 35 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചുകയറി.

പിന്നീട് 1992ല്‍ ഓസ്ട്രേലിയയില്‍ വെച്ച് ഇംഗ്ലണ്ട് വീണ്ടും ഇന്ത്യയെ തോല്‍പ്പിച്ചു. 9 റണ്‍സിനായിരുന്നു ജയം. 1999ല്‍ ഇംഗ്ലണ്ടില്‍ വീണ്ടും നടന്ന ലോകകപ്പില്‍ ഇന്ത്യ 63 റണ്‍സിന് ജയിച്ചു. 2003ലും ഇന്ത്യയ്ക്കായിരുന്നു ജയം. ഇന്ത്യ ഫൈനലിലെത്തിയ ടൂര്‍ണമെന്റില്‍ 82 റണ്‍സിന് ജയിച്ചു. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയ വര്‍ഷം ബെംഗളുരുവില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയില്‍ കലാശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍