UPDATES

കായികം

ഇന്ന് ഇന്ത്യ -പാക് പോരാട്ടം: മിയാന്‍ദാദും മോറയും, സച്ചിനും അക്തറും, ആവേശം അതിര് കടന്ന പോരാട്ടങ്ങളെ കുറിച്ച്

ഇന്ത്യയും പാക്കിസഥാനും ആദ്യമായി ഏറ്റുമുട്ടുന്ന ലോകകപ്പ് മത്സരം 1992 മാര്‍ച്ച് നാലിനായിരുന്നു

ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം. ലോകകപ്പില്‍ ഇരുവരും ഇതുവരെ ഏറ്റുമുട്ടിയത് ആറു തവണ. ആറു തവണയും ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തി. ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരെ വിജയം നേടുമെന്ന വെല്ലുവിളിയോടെയാണ് പാക്കിസ്ഥാന്‍ എത്തുന്നത്. ക്രിക്കറ്റിലെ ഏക്കാലത്തെയും ബദ്ധവൈരികള്‍ ഏറ്റുമുട്ടുന്ന മത്സരത്തിന് മഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഡ്‌ഫോര്‍ഡാണ് വേദിയാകുന്നത്. ഇന്ന് വൈകീട്ട് മൂന്നിനാണ് മത്സരം. ടൂര്‍ണമെന്റില്‍ പരാജയം അറിയാത്ത ടീമാണ് ഇന്ത്യ. അതേസമയം തോല്‍വിയോടെ തുടങ്ങിയ പാക് പടയാകട്ടെ, കരുത്തരായ ഇംഗ്ലണ്ടിനെതിരെ വിജയം കുറിച്ച് ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.

ലോകകപ്പില്‍ ഇന്ത്യയും പാക്കിസഥാനും ആദ്യമായി ഏറ്റുമുട്ടുന്ന ലോകകപ്പ് മത്സരം 1992 മാര്‍ച്ച് നാലിനായിരുന്നു . അഞ്ചാം ലോകകപ്പ് ടൂര്‍ണമെന്റിലെ നിര്‍ണായക ഇന്ത്യ പാക്ക് മല്‍സരം ഇങ്ങനെ ആയിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ ഇന്ത്യയും ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാനും സിഡ്‌നിയിലാണ് ഏറ്റുമുട്ടിയത്. 49 ഓവറില്‍ ഇന്ത്യ നേടിയത് 216 റണ്‍സ്. വിക്കറ്റുകള്‍ പൊടുന്നനെ
പോയതോടെ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ പ്രതീക്ഷ നാലാമനായി ഇറങ്ങിയ മിയാന്‍ദാദിലായിരുന്നു. ഏറെ പ്രതീക്ഷ. അന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ കീപ്പര്‍ കിരണ്‍ മൊറെ മൂന്നു പേരെയാണ് പിടിച്ചു പുറത്താക്കിയത്. ഇതിനുപിന്നാലെ നായകന്‍ ഇമ്രാന്റെ റണ്ണൗട്ടിലും മൊറെ നിര്‍ണായക പങ്കുവഹിച്ചു.

ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു മൊറെ. ഇടയ്ക്കിടെ വിക്കറ്റിനുപിന്നില്‍നിന്ന് അമിതാവേശം കാണിച്ചത് മിയാന്‍ദാദിനെ ചൊടിപ്പിച്ചു.വിക്കറ്റിന് പിന്നില്‍ നിന്ന് മോറെയുടെ അമിതാവേശത്തിനെതിരെ അംപയര്‍ ഡേവിഡ് ഷെപ്പേഡിനോട് മിയാന്‍ദാദ് പരാതിപ്പെട്ടു.

സച്ചിന്റെ ലെഗ്‌സൈഡിലൂടെയുള്ള പന്ത് മിയാന്‍ദാദിന്റെ ബാറ്റില്‍ ഉരസിയശേഷമാണ് താന്‍ പിടിച്ചത് എന്ന് ധരിച്ച് മൊറെ ചാടിക്കൊണ്ട് ആര്‍ത്തുവിളിച്ചു. ഇത് മിയാന്‍ദാദിനെ ചൊടിപ്പിച്ചു. പൊതുവേ പൊക്കം കുറഞ്ഞ മൊറെയുടെ ചാട്ടം അനുകരിച്ചുകൊണ്ട് മിയാന്‍ദാദ് മോശമായ രീതിയില്‍ മൊറെയെ അനുകരിച്ചു. അതാണ് ചരിത്രത്തില്‍ ഇടം നേടിയ തവളച്ചാട്ടം. ഏറെ വൈകാതെ മിയാന്‍ദാദ് ശ്രീനാഥിന്റെ പന്തില്‍ പുറത്തുമായി. ഇന്ത്യ 43 റണ്‍സിന് ജയിച്ചു.

ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട മത്സരമായിരുന്നു 2003 ലെ ലോകകപ്പ്. സച്ചിന്‍ അക്തര്‍ പോരാട്ടം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 2003ലെ ലോകകപ്പില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ പാഠം പഠിപ്പിക്കും എന്നു വീമ്പിളക്കിയ ശുഐബ് അക്തറിനെ ഒരോവര്‍ കഴിഞ്ഞപ്പോഴേ ക്യാപ്റ്റന്‍ വഖാര്‍ യൂനിസ് ബൗണ്ടറി ലൈനില്‍ ഒളിപ്പിച്ചു. ശുഐബിന്റെ ആദ്യ പന്തില്‍ സച്ചിന്‍ ഒന്നും ചെയ്തില്ല. അടുത്ത പന്തില്‍ ബാറ്റ് ഉടവാള്‍ പോലെ ഉയര്‍ത്തി വീശി – തേഡ്മാനു മുകളിലൂടെ സിക്സ്. അടുത്ത പന്ത് സ്‌ക്വയര്‍ലെഗിലൂടെ ഫോര്‍. അടുത്തത് നേരെ… ശുഐബിന്റെ ആദ്യ ഓവറില്‍ 18 റണ്‍സ്. കളിയുടെ ഫലം അവിടെ തീരുമാനമായിരുന്നു. ഒടുവില്‍ ശുഐബ് തന്നെ സച്ചിന്റെ വിക്കറ്റെടുത്തു. പക്ഷേ ഇടത്തേക്കാലിന്റെ പേശിക്കേറ്റ പരുക്കുമൂലം കാലനക്കാന്‍ വയ്യാതെ നിന്ന സച്ചിന്റെ തലയ്ക്കു നേരെ ബൗണ്‍സര്‍ എറിയേണ്ടി വന്നു റാവല്‍പിണ്ടി എക്സ്പ്രസിന് അതു നേടാന്‍. സച്ചിന്‍ 98 റണ്‍സ് നേടിയ മല്‍സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചു.

Read More: ഒടുവില്‍ അതിജീവന പോരാട്ടത്തില്‍ അവര്‍ വിജയിച്ചു; സ്ഥിരമല്ലെങ്കിലും നിപ കാലത്തെ താത്കാലിക ജീവനക്കാര്‍ക്ക് വീണ്ടും ജോലി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍