UPDATES

കായികം

ചേതേശ്വര്‍ പൂജാര നേട്ടങ്ങള്‍ കൊയ്യുകയാണ്; വമ്പന്‍മാരുടെ ക്ലബില്‍ ഇടം നേടിയ താരത്തിന് ഇനിയും റെക്കോര്‍ഡുകള്‍ അകലെയല്ല

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ക്കൊപ്പമാണ് പൂജാരയും പങ്കു ചേര്‍ന്നത്.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മികവ് തെളിയിക്കുന്ന ഇന്ത്യന്‍ താരമേതെന്ന് ചോദിച്ചാല്‍ ചേതേശ്വര്‍ പുജാര തന്നെയെന്നാകും ക്രിക്കറ്റ് ആരാധകരുടെ മറുപടി. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ സിഡ്‌നിയില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെ കരിയറിലെ 18 ാം ടെസ്റ്റ് സെഞ്ച്വറിയാണ് താരം കുറിച്ചത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയിലെ താരത്തിന്റെ മൂന്നാം സെഞ്ച്വറിയുമാണിത്.

താരത്തിന്റെ മിന്നും പ്രകടനം ക്രിക്കറ്റ് പട്ടികയിലെ വമ്പന്‍മാരുടെ ക്ലബിലേക്കാണ് എത്തിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ക്കൊപ്പമാണ് പൂജാരയും പങ്കു ചേര്‍ന്നത്. ഓസ്ട്രേലിയില്‍ സന്ദര്‍ശനം നടത്തവെ ഒരു പരമ്പരയില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയവരുടെ ഗണത്തില്‍ ഇനി പൂജാരയുടെ പേരും എഴുതിച്ചേര്‍ക്കും.

നേരത്തെ അലിസ്റ്റര്‍ കുക്ക്, മൈക്കിള്‍ വോണ്‍, ക്രിസ് ബോര്‍ഡ്, എഡ്ഡി ബാര്‍ലോ, ജാക്ക് ഹോബ്സ് തുടങ്ങിയവര്‍ ഓസ്ട്രേലിയയില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. വിരാട് കോലി, വാലി ഹാമ്മണ്ട്, ഹെര്‍ബര്‍ട്ട് സട്ക്ലിഫെ തുടങ്ങിയവരില്‍ ഓസ്ട്രേലിയന്‍ പരമ്പരയില്‍ നാല് സെഞ്ച്വറി നേടിയവരാണ്. സിഡ്നിയിലെ നാലാം ഇന്നിങ്സിലും സെഞ്ച്വറി നേടിയാല്‍ പൂജാരയ്ക്ക് ഇവര്‍ക്കൊപ്പവും ഇടംപിടിക്കാം.

2014-15 സീസണില്‍ നടന്ന പരമ്പരയിലാണ് കോലി നാല് സെഞ്ച്വറികള്‍ നേടിയത്. 1977-78 വര്‍ഷത്തില്‍ നടന്ന പരമ്പരയില്‍ ഗാവസ്‌കര്‍ മൂന്ന് സെഞ്ച്വറികളും സ്വന്തമാക്കി.

പൂജാരയുടെ നേട്ടങ്ങള്‍ അവസാനിക്കുന്നില്ല. ഓസ്ട്രേലിയയിലെ ഒരു ഒരു ടെസ്റ്റ് പരമ്പരയില്‍ 1000ത്തില്‍ അധികം പന്തുകള്‍ നേരിട്ട അഞ്ചാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും പൂജാരയ്ക്ക് ലഭിച്ചു. രാഹുല്‍ ദ്രാവിഡ്, വിജയ് ഹസാരെ, വിരാട് കോലി, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് പൂജാരയ്ക്ക് മുന്‍പ് ഈ നേട്ടത്തിലെത്തിയവര്‍. 1203 പന്തുകള്‍ നേരിട്ടാണ് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് പട്ടികയില്‍ ഇടം നേടിയത്. വിജയ് ഹസാരെ(1192), കോഹ്‌ലി (1093), സുനില്‍ ഗവാസ്‌കര്‍(1302) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്.

മെല്‍ബണിലെ മെല്ലെപ്പോക്കിന് പഴികേട്ട പൂജാര സിഡ്നിയില്‍ ആദ്യദിനം തന്നെ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ വിമര്‍ശകരുടെ നാവടപ്പിച്ചിരിക്കുകയാണ്. ബാറ്റിങ് പിച്ചില്‍ എതിരാളികള്‍ക്ക് അവസരമൊന്നും നല്‍കാതെയായിരുന്നു പൂജാരയുടെ ഇന്നിങ്സ്. മോശം പന്തുകളെ കണക്കിന് ശിക്ഷിച്ചും താരം റണ്‍നിരക്കുയര്‍ത്തി. പൂജാരയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ ആദ്യദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍