UPDATES

കായികം

ഇര്‍ഫാന്‍ പത്താന്റെ റെക്കോര്‍ഡ് തകര്‍ത്ത് മൊഹമ്മദ് ഷമി

59 ഏകദിന മത്സരങ്ങളില്‍ 100 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്ന ഇര്‍ഫാന്‍ പത്താന്റെ റെക്കോര്‍ഡാണ് ഷമി മറികടന്നത്.

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ബൗളര്‍മാരുടെ കരുത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡ് ബാറ്റിംഗ് നിരയെ തകര്‍ത്തു. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 157 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. നാലു വിക്കറ്റെടുത്ത കുല്‍ദീപ്  യാദവിന്റെയും , മൂന്ന് വിക്കറ്റ് നേടിയ മൊഹമ്മദ് ഷമിയുടെയും തകര്‍പ്പന്‍ ബോളിംഗ് പ്രകടനമാണ് കിവീസിനെ തകര്‍ത്തത്. 64 റണ്‍സെടുത്ത നായകന്‍ കെയിന്‍ വില്ല്യംസണാണ് അവരുടെ ടോപ് സ്‌കോറര്‍.

ന്യൂസിലന്‍ഡിലെ ആദ്യ ഏകദിനത്തിലെ മിന്നും പ്രകടനത്തോടെ തന്നെ ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗം 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് മൊഹമ്മദ് ഷാമി. ന്യൂസിലന്‍ഡിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗപ്തിലിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഷമി ഈ നേട്ടത്തിലെത്തിയത്. 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ 100 വിക്കറ്റ് നേട്ടം. 59 ഏകദിന മത്സരങ്ങളില്‍ 100 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്ന ഇര്‍ഫാന്‍ പത്താന്റെ റെക്കോര്‍ഡാണ് ഷമി മറികടന്നത്.

സഹീര്‍ ഖാനാണ് ഏറ്റവും വേഗം 100 ഏകദിന വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമതുള്ളത്. 65 മത്സരങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ ഇതിഹാസ പേസറുടെ ഈ നേട്ടം. 67 മത്സരങ്ങളില്‍ 100 വിക്കറ്റുകള്‍ തികച്ച അജിത് അഗാര്‍ക്കറും, 68 മത്സരങ്ങളില്‍ 100 വിക്കറ്റുകള്‍ പിഴുത ജവഗല്‍ ശ്രീനാഥുമാണ് ഈ നേട്ടത്തില്‍ മുന്നിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. 2018 ല്‍ ഇന്ത്യയ്ക്ക് വേണ്ടി അധികം ഏകദിന മത്സരങ്ങളില്‍ കളിക്കാനാവാതിരുന്ന ഷമി. വന്‍ തിരിച്ച് നടത്തി നേട്ടങ്ങള്‍ കൊയ്യുകയാണ്. ഓസീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ അഞ്ച് വിക്കറ്റുകള്‍ താരം നേടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍