UPDATES

കായികം

ലോകകപ്പില്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നു

റിഷഭ് പന്തിന്റെ വരവ് ഒരു ഉണര്‍വ് നല്‍കിയിട്ടുണ്ടെങ്കിലും മധ്യനിരയിലെ ഇന്ത്യയുടെ ആശങ്കകള്‍ അകലുന്നില്ല

ലോകകപ്പില്‍ ഇന്ന് ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലദേശിനോട് വിജയിച്ച് സെമിയില്‍ പ്രവേശിച്ച ഇന്ത്യക്ക് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ മത്സരത്തിലെ വിജയം ഉപകരിക്കും. ശ്രീലങ്ക നേരത്തെ പുറത്തായതാണ്. വൈകീട്ട് മൂന്നിന് ലീഡ്‌സിലാണ് മത്സരം.

സെമിയിലെ ഇന്ത്യയുടെ എതിരാളി ആരാണെന്നും ഇന്നത്തെ മത്സരങ്ങൾക്കു ശേഷമേ വ്യക്തമാകൂ. ലങ്കയ്ക്കെതിരെ ജയിക്കുകയും രണ്ടാമത്തെ കളിയിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയോടു തോൽക്കുകയും ചെയ്താൽ, ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തും. അപ്പോൾ, നാലാം സ്ഥാനത്തുള്ള ന്യൂസീലൻഡിനെയാകും സെമിയിൽ നേരിടേണ്ടി വരിക. മറിച്ച്, ഓസ്ട്രേലിയ ജയിച്ചാൽ ഇന്ത്യ–ഇംഗ്ലണ്ട്, ഓസീസ്– ന്യൂസീലൻഡ് എന്ന ക്രമത്തിലാകും സെമി ഫൈനലുകൾ.

തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും സെമിയിലെത്തിയ ടീമാണ് ഇന്ത്യ. ഇത്തവണ കിരീട സാധ്യത ഏറെ കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇന്ത്യ. മികച്ച താരങ്ങളുടെ നിരയുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കുന്നത് നാല് പേര്‍ മാത്രം. ബാറ്റിങ്ങില്‍ രോഹിതും കോഹ്‌ലിയും ബൗളിങില്‍ ബുംറയും ഷമിയും. സ്പിന്നര്‍മാരില്‍ ചാഹലും കുല്‍ദീപും, ഭുവനേശ്വര്‍ പരിക്ക് മാറി വന്നതും ഇതൊക്കെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. റിഷഭ് പന്തിന്റെ വരവ് ഒരു ഉണര്‍വ് നല്‍കിയിട്ടുണ്ടെങ്കിലും മധ്യനിരയിലെ ഇന്ത്യയുടെ ആശങ്കകള്‍ അകലുന്നില്ല. ധോണിയുടെ ബാറ്റിംഗ് മെല്ലെപോക്കാണ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്.

ശ്രീലങ്കയുടെ ഈ ലോകകപ്പിലെ അവസാന കളിയാണിത്. അവിഷ്‌ക ഫെര്‍ണാണ്ടോ, ദിമുത് കരുണ രത്‌ന, ഇസുറു ഉഡാന, ലാഹിരു തിരിമാന, തിസാര പെരേര, കുശാല്‍ പെരേര തുടങ്ങിയ താരങ്ങളുടെ പ്രകടനമായിരുന്നു ഇതുവരെയുള്ള അവരുടെ യാത്രയില്‍ തുണയായത്.
ലസിത് മലിങ്കയും ഏയ്ഞ്ചലോ മാത്യൂസും നിരാശരാക്കി. ഇന്ന് ആശ്വാസ ജയം തന്നെയാകും ലങ്ക ലക്ഷ്യമിടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍