UPDATES

ട്രെന്‍ഡിങ്ങ്

കണക്കുകളില്‍ കാര്യമില്ല, ജസ്പ്രീത് ബുംറയ്ക്ക് മുന്നില്‍ കരീബിയന്‍ പടയ്ക്ക് എന്ത് ചെയ്യാനാകും?

വെസ്റ്റിന്‍ഡീസിന്റെ തീ പാറും ബൗണ്‍സറുകളെ ഇന്ത്യ എങ്ങനെ നേരിടും എന്നതനുസരിച്ചാകും മത്സരത്തിന്റെ ഗതി.

ലോകകപ്പില്‍ വിജയ തുടര്‍ച്ചയുമായി ഇന്ത്യ ഇന്ന് വെസ്റ്റിന്‍ഡീസിനെ എതിരിടാനിറങ്ങുമ്പോള്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചനാതീതം. അഫ്ഗാനിസ്ഥാനെതിരെ തോല്‍വിയുടെ വക്കില്‍നിന്നു ജയം നേടിയതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കു കരുത്തു പകരുമ്പോള്‍, കിവീസിനെതിരെ കയ്യെത്തും ദൂരത്ത് വിജയം കൈവിട്ടതിന് ശേഷമാണ് കരീബിയന്‍ സംഘം ഇറങ്ങുന്നത്. വിന്‍ഡീസ് ഈ മത്സരത്തിലൂടെ ആശ്വാസ ജയത്തിനായാണ് ഇറങ്ങുന്നത്. അതേസമയം സെമി ഉറപ്പിക്കാന്‍ ഇനിയുള്ള 4 കളികളില്‍ 2 വിജയമാണ് ഇന്ത്യയ്ക്കു വേണ്ടത്.

ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്താകില്ലെങ്കിലും എല്ലാ കളികളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്ന ടീമെന്ന നിലയില്‍ ഇന്ത്യക്ക് ഈ മത്സരം ജയിക്കണം. ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകുമെന്നതിനാല്‍ വെസ്റ്റീന്‍ഡീസീനും ഈ മത്സരം ജയിച്ചേ തീരൂ. അഞ്ചു കളികളില്‍ നിന്ന് ഇന്ത്യക്ക് ഒമ്പത് പോയന്റുള്ളപ്പോള്‍ ആറു കളികളില്‍ നിന്ന് മൂന്നു പോയന്റ് മാത്രമാണ് വിന്‍ഡീസിന്റെ സമ്പാദ്യം.

വെസ്റ്റിന്‍ഡീസിന്റെ തീ പാറും ബൗണ്‍സറുകളെ ഇന്ത്യ എങ്ങനെ നേരിടും എന്നതനുസരിച്ചാകും മത്സരത്തിന്റെ ഗതി. വിന്‍ഡീസ് പേസര്‍മാരായ ഷെല്‍ഡന്‍ കോട്രലിനെയും ഓഷെയ്ന്‍ തോമസിനെയും ആദ്യ ഓവറുകളില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അനായാസം നേരിട്ടാല്‍ മികച്ച തുടക്കം ഇന്ത്യക്ക് ലഭിക്കും. മത്സരത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ ആകും ക്രിസ് ഗെയില്‍ അടക്കമുള്ള വിന്‍ഡീസ് ബാറ്റിംഗ് നിര ഭയക്കുന്നത്. ഇന്ത്യന്‍ സ്പിന്നര്‍മാരെ വിന്‍ഡീസ് മധ്യനിര നേരിടുന്ന വിധവും മത്സരഫലത്തില്‍ നിര്‍ണായകമാകാനിടയുണ്ട്. അതേസമയം കഴിഞ്ഞ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന് പകരക്കാനായി ഇറങ്ങിയ മുഹമ്മദ് ഷമി ഉജ്വല ഹാട്രിക്കോടെയാണ് തിളങ്ങിയത്. ഈ മത്സരത്തിന് മുന്നെ ഭുവനേശ്വര്‍ കായികക്ഷമത തെളിയിച്ചാല്‍, ഇരു പേസര്‍മാരില്‍ ആരെ ഒഴിവിക്കുമെന്നതാകും ആശയക്കുഴപ്പം. നല്ല താളത്തില്‍ പന്തെറിയുന്ന കുല്‍ദീപും ചെഹലും ഇലവനില്‍ തുടര്‍ന്നേക്കും.

4ാം നമ്പറിലെ ആശയക്കുഴപ്പം തുടരുന്നതിനിടെ അഞ്ചാം നമ്പറില്‍ എം.എസ്.ധോണിയുടെ പ്രകടനം കഴിഞ്ഞ മത്സരത്തില്‍ നിരാശയാണ് നല്‍കിയത്. അഫ്ഗാനിസ്ഥാനെതിരെ ധോണി പരാജയപ്പെട്ടത് മധ്യനിരയുടെ പ്രകടനത്തെ മൊത്തം ബാധിച്ചു. 4ാം നമ്പറില്‍ വിജയ് ശങ്കറോ ഋഷഭ് പന്തോ എന്നതില്‍ പ്രഖ്യാപമൊന്നും ഉണ്ടായിട്ടില്ല. അതേസമയം, മുന്‍നിര തിളങ്ങിയാല്‍ ഹാര്‍ദിക് പാണ്ഡ്യയെ വീണ്ടും ഈ സ്ഥാനത്ത് ഇറക്കാനും സാധ്യതയുണ്ട്. ധോണിക്കു മുന്‍പ് കേദാര്‍ ജാദവിനെ ഇറക്കുന്നതും പരിഗണനയിലുണ്ട്.

ഇന്ത്യ: ടീം സാധ്യത: രോഹിത് ശര്‍മ, ലോകേഷ്, കോലി, വിജയ് ശങ്കര്‍/ഋഷഭ് പന്ത്, എം.എസ്. ധോനി, പാണ്ഡ്യ, കേദാര്‍ ജാദവ്/ ജഡേജ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ബുംറ.

വെസ്റ്റിന്‍ഡീസ്: ടീം സാധ്യത: ഗെയ്ല്‍, ഷായ് ഹോപ്പ്, നിക്കോളാസ് പൂരാന്‍, ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ്, ആഷ്‌ലി നഴ്‌സ്, എവിന്‍ ലൂയിസ്, കെമാര്‍ റോഷ്, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷാനേ തോമസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍